ശമ്പളം കൊണ്ടു മാത്രം ജീവിക്കാൻ സാധിക്കുന്നില്ലെന്ന പരാതിയുണ്ടോ? സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്ന് ആഗ്രഹിക്കുന്നൊരാളാണെങ്കിൽ ശക്തമായ പണമൊഴുക്ക് ആവശ്യമാണ്. ഇതിന് ഒന്നിലധികം വരുമാന സ്രോതസുകൾ ഉണ്ടാകണം. ശമ്പളം ആദ്യത്തെ വരുമാന സ്രോതസാകുമ്പോൾ പാസീവ് ഇൻകം വഴി രണ്ടാമതൊരു വരുമാനം ഉണ്ടാക്കണം. ഇതിനായി വിവിധ മാർഗങ്ങൾ ഇന്നുണ്ട്. പാസീവ് ഇൻകം എന്താണെന്ന് അറിയാത്തതും ഇവ എങ്ങനെ ഉപയോഗിക്കണമെന്നതിലെ ആശയകുഴപ്പവുമാണ് പലരെയും ഇതിൽ നിന്ന് അകറ്റുന്നത്.
എന്താണ് നിഷ്ക്രിയ വരുമാനം
നിഷ്ക്രിയ വരുമാനം അഥവാ പാസീവ് ഇൻകം ഒരു വ്യക്തിയെ സാമ്പത്തികമായ സഹായിക്കുന്നൊരു ഘടകമാണ്. സജീവമായ ഇടപെടലുകളില്ലാതെ തന്നെ ഉണ്ടാക്കുന്ന വരുമാനമാണ് പാസീവ് ഇൻകം. പണം നിങ്ങൾക്കായി പണിയെടുത്ത് വരുമാനം ഉണ്ടാക്കുന്നൊരു രീതിയായി ഇതിനെ കാണാം. പാസീവ് ഇൻകം ഒറ്റത്തവണ നിക്ഷേപം ആവശ്യമായി വന്നേക്കാം.
നിക്ഷേപം മികച്ചൊരു പാസീവ് ഇൻകം മാർഗമാണ്. ഉദാഹരണത്തിന്, 3 വർഷത്തേക്ക് ഒരു നിശ്ചിത പലിശ നിരക്കിൽ സ്ഥിര നിക്ഷേപമിട്ടാൽ പ്രതിമാസ പലിശ പേഔട്ട് വഴി മാസ വരുമാനം ലഭിക്കും. ഇതിലൂടെ 3 വർഷത്തേക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക പലിശ ലഭിക്കുന്നു. ഈ പലിശ തുകയാണ് നിഷ്ക്രിയ വരുമാനം.

ഒറ്റത്തവണ നിക്ഷേപം വഴി ഓരോ മാസവും ഒരു നിശ്ചിത തീയതിയിൽ പലിശ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഇവിടെ നിക്ഷേപകന്റെ ഭാഗത്തു നിന്ന് പണം നൽകുന്നതിന് അപ്പുറം യാതൊരു ശ്രമങ്ങളും വരുമാനം ഉണ്ടാക്കാൻ ആവശ്യമായി വരുന്നില്ല. പാസീവ് ഇൻകം മൊത്തത്തിലുള്ള വരുമാനത്തിന്റെ ഗണ്യമായ ശതമാനത്തിലെത്തുമ്പോഴോ പ്രാഥിക വരുമാനത്തേക്കാൾ എത്തുമ്പോഴോ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെന്ന് പറയാം.
പലിശ വരുമാനം
സ്ഥിര നിക്ഷേപം, ബോണ്ടുകൾ എന്നിങ്ങനെയുള്ള സ്ഥിര-വരുമാന നിക്ഷേപങ്ങളിൽ നിന്ന് പ്രതിമാസ പലിശ വരുമാനം ലഭിക്കും. നിക്ഷേപകന്റെ ഇഷ്ടത്തിന് അനുസരിച്ച് പ്രതിമാസം, ത്രൈമാസിക, അർധ വാർഷികം, വാർഷിക കാലയളവുകളിൽ പലിശ വരുമാനം നേടാം. പലിശ വരുമാനം മാസത്തിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.
ഇക്വിറ്റിയിൽ നിന്നുള്ള ലാഭവിഹിതം
സ്ഥിരമായി ലാഭവിഹിതം പ്രഖ്യാപിക്കുന്ന കമ്പനികളിൽ നിക്ഷേപിക്കുന്നത് വരുമാന മാർഗം കണ്ടെത്താനുള്ള വഴിയാണ്. കമ്പനികൾക്ക് ത്രൈമാസത്തിലോ അർധ വാർഷത്തിലോ വാർഷക ലാഭവിഹിതം നൽകറുണ്ട്. ചില കമ്പനികൾ പ്രത്യേക ലാഭവിഹിതവും നൽകും. സ്ഥിരമായി ഇത്ര തുക ലാഭവിഹിതം എന്ന് നേരത്തെ കണക്കു കൂട്ടാൻ സാധിക്കില്ല. കമ്പനിയുടെ ലാഭം, നിലവിലെ പണമൊഴുക്ക്, സഞ്ചിത പണശേഖരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ലാഭവിഹിതം നൽകുന്നത്.
റിയൽ എസ്റ്റേറ്റിൽ നിന്നുള്ള വാടക
റെസിഡൻഷ്യൽ അല്ലെങ്കിൽ കൊമേഴ്‌സ്യൽ വസ്തുവിൽ നിക്ഷേപിക്കുകയും വാടകയ്ക്ക് നൽകിയോ വരുമാനം ഉണ്ടാക്കാം. വാടക വരുമാനം ഉണ്ടാക്കുന്നതിന് റിയൽ എസ്റ്റേറ്റിൽ വലിയ നിക്ഷേപം ആവശ്യമാണ്. അതിനാൽ, ഇത് എല്ലാവർക്കും സാധിക്കുന്ന നിക്ഷേപമല്ല. കുറഞ്ഞ ചെലവിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ ലിസ്‌റ്റ് ചെയ്‌ത റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ (REIT) ഓഹരികൾ വാങ്ങാം. 400 രൂപയിൽ താഴെ വിലയിൽ ഒരു ഓഹരി വാങ്ങാൻ സാധിക്കും. ഇവ ത്രൈമാസത്തിൽ ലാഭവിഹിതം നൽകും.
ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്
ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ നിക്ഷേപകരിൽ നിന്ന് പണം സ്വരൂപിക്കുകയും പവർ ട്രാൻസ്മിഷൻ ലൈനുകൾ, റോഡ്‌വേകൾ, മൊബൈൽ ടവറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് ത്രൈമാസത്തിൽ ലാഭവിഹിതം ലഭിക്കും. ഇൻഡിഗ്രിഡ് ഇൻവിറ്റ്, പവർഗ്രിഡ് ഇൻവിറ്റ്, ഐആർബി ഇൻവിറ്റ് മുതലായവ ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളാണ്.
മറ്റു മാർഗങ്ങൾ
ഇവ കൂടാതെ ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തിയും നിഷ്ക്രിയ വരുമാനം കണ്ടെത്താം. ഫെയ്സ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പരസ്യങ്ങൾ, സ്പോൺസർഷിപ്പ്, പണമടച്ചുള്ള പ്രമോഷനുകൾ, അനുബന്ധ മാർക്കറ്റിംഗ് മുതലായവയിലൂടെ പണം സമ്പാദിക്കാം. ഇൻഷുറൻസ് ഏജന്റ്, മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ മുതലായവ വഴിയും വരുമാനം കണ്ടെത്താം.


Click it and Unblock the Notifications