സ്ഥിര നിേേക്ഷപങ്ങള്‍ക്ക് ഇന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ 9 ശതമാനം - 9.50 ശതമാനം വരെയാണ്. രാജ്യത്ത് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് ഈ പലിശ നിരക്ക് നല്‍കുന്നത്. യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 1001 ദിനസത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.50 ശതമാനവും സാധാരണ നിക്ഷേപകര്‍ക്ക് 9 ശതമാനവും പലിശ നല്‍കും. 181-201 ദിവസത്തേക്കും 501 ദിവസത്തേക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.25 ശതമാനം പലിശയും ലഭിക്കും.
ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 700ദിവസത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 9 ശതമാനം പലിശ ലഭിക്കും. 1001 ദിവസത്തേക്കാണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 9.01 ശതമാനം പലിശ നല്‍കുന്നത്. ഈ ഉയർന്ന പലിശ നൽകുന്ന ബാങ്കുകളുടെ സുരക്ഷിതത്വത്തെ പറ്റിയും നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷിതത്വം ആലോചിക്കുന്നവർക്കും താഴെ പറയുന്ന ഘടകങ്ങൾ പരിശോധിച്ച് നിക്ഷേപം നടത്താം.
ഡിഐസിജിസി ഇൻഷൂറൻസ്
ബാങ്ക് നിക്ഷേപങ്ങളിൽ സുരക്ഷിതത്വത്തിന്റെ ആദ്യ അടയാളം ആർബിഐ സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റഅ ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസാണ്. 5 ലക്ഷം രൂപ വരെ ഇൻഷൂറൻസ് ലഭിക്കും. പ്രതിമാസം പലിശ വാങ്ങുന്ന നിക്ഷേപമാണെങ്കിൽ പരമാവധി 5 ലക്ഷം നിക്ഷേപിക്കാം. കാലാവധിയിൽ പിൻവലിക്കുന്ന നിക്ഷേപമാണെങ്കിൽ പലിശ സഹിതം 5 ലക്ഷം രൂപ മാത്രം നിക്ഷേപിക്കുന്നതാണ് ബുദ്ധി.

ക്യാപിറ്റൽ ആഡിക്വസി റേഷ്യോ
മികച്ച മൂലധനമുള്ള ബാങ്ക് ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ കഴിയുന്നത്ര ശക്തമാണെന്ന് സൂചിപ്പിക്കുന്നു. ബാങ്കിൽ പ്രമോട്ടർമാരുടെ മതിയായ നിക്ഷേപമുണ്ടാകുന്നത് പ്രതിസന്ധി ഘട്ടത്തിൽ നിക്ഷേപകരുടെ പണം സുരക്ഷിതമാക്കാൻ സഹായിക്കും. സ്മോൾ ഫിനാൻസ് ബാങ്കുകൾ കുറഞ്ഞത് 15 ശതമാനം ക്യാപിറ്റൽ ആഡിക്വസി റേഷ്യോ നിലനിർത്തണം. ടയർ I മൂലധനമായി 7.50 ശതമാനവും ആവശ്യമാണ്.
ലിക്വിഡിറ്റി കവറേജ് റേഷ്യോ (എൽസിആർ)
ബാങ്കിന് ആവശ്യത്തിന് ഉയർന്ന നിലവാരമുള്ള ലിക്വിഡ് അസറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കി ഹ്രസ്വകാല ലിക്വിഡിറ്റി ആവശ്യങ്ങളെ നേരിടാൻ പ്രാപ്തമാക്കുന്നതാണ് എൽസിആർ. 30 ദിവസം നീണ്ടുനിൽക്കുന്ന ലിക്വിഡിറ്റി സാഹചര്യത്തെ നേരിടാൻ ഇത് സഹായിക്കും. സ്മോൾ ഫിനാൻസ് ബാങ്കുകൾ കുറഞ്ഞത് 100 ശതമാനം വരെ എൽസിആർ കരുതണം. കുറഞ്ഞ എൽസിആർ അപകടമാണ്.

കറന്റ് അക്കൗണ്ട് സേവിംഗ് അക്കൗണ്ട് (CASA) അനുപാതം
ഒരു ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങളിൽ കറന്റ്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ വിഹിതം കാണിക്കുന്ന ഒരു അനുപാതമാണ് കറന്റ് അക്കൗണ്ട് സേവിംഗ് അക്കൗണ്ട് അനുപാതം. കറന്റ്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങൾ ബാങ്കുകളുടെ ചെലവ് കുറഞ്ഞ ഫണ്ടിംഗ് സ്രോതസുകളാണ്.
ഉയർന്ന കറന്റ് അക്കൗണ്ട് സേവിംഗ് അക്കൗണ്ട് അനുപാതം ബാങ്കിന് ഫണ്ടുകളുടെ കുറഞ്ഞ ചിലവും ഉയർന്ന ലാഭക്ഷമതയും ഉണ്ടെന്നാണാണ്. 40% അല്ലെങ്കിൽ അതിൽ കൂടുതലുള്ള അനുപാതം ബാങ്കിന് അനുകൂലമായി കണക്കാക്കപ്പെടുന്നു.
മൊത്ത നിഷ്‌ക്രിയ ആസ്തി
തിരിച്ചടയ്ക്കാത്ത വായ്പയുടെ അളവ് സൂചിപ്പിക്കുന്നതാണ് മൊത്ത നിഷ്‌ക്രിയ ആസ്തി. ഒരു ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി,മോശമായതോ സംശയാസ്പദമായതോ ആയ വായ്പകളുടെ ആകെ മൂല്യമാണ്. ഉയർന്ന മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതമുള്ള ബാങ്കിന് വായ്പകൾ തിരിച്ചടവിൽ പ്രശ്‌നമുണ്ടെന്നും നഷ്ടം നേരിടേണ്ടിവരുമെന്നും കാണിക്കുന്നു.
നെറ്റ് നോൺ പെർഫോമിംഗ് അസറ്റ്
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഉയരുമ്പോൾ ഭാവിയിലെ നഷ്ടങ്ങൾ മുന്നിൽ കണ്ട് ഇതിനായൊരു തുക മാറ്റിവെയ്ക്കണം. നിഷ്ക്രിയ ആസ്തികളിൽ നിന്നുള്ള നഷ്ടം നികത്താൻ ബാങ്കുകൾ മാറ്റിവെക്കുന്ന പണമാണിത്. കുറഞ്ഞ നെറ്റ് എൻപിഎ അനുപാതം കാണിക്കുന്നത് ബാങ്ക് അതിന്റെ കിട്ടാക്കടങ്ങൾക്ക് മതിയായ വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ്. ഉയർന്ന നെറ്റ് എൻപിഎ അനുപാതമുള്ള ബാങ്കിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണം.


Click it and Unblock the Notifications