സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിക്കുകയാണ് സ്വർണവില. ഇതേ വർധനവ് വരും ദിവസങ്ങളിലും തുടർന്നാൽ സാധാരണക്കാർക്ക് സ്വർണം വാങ്ങുക എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും. മെയ് മാസം ഇതുവരെ ഏകദേശം 2280 രൂപയാണ് പവന് വർധിച്ചത്.
ഏറ്റവും ഉയരത്തിൽ
54,080 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും 640 രൂപയുടെ വർധനവ് ഒരു പവൻ സ്വർണത്തിനുണ്ടായി. 54,720 രൂപ എന്നതാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 6840 രൂപ. സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.
ഇതിന് മുമ്പ് സംസ്ഥാനത്തെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിലേക്ക് എത്തിയത് ഇക്കഴിഞ്ഞ ഏപ്രിൽ 19-ആം തിയ്യതിയായിരുന്നു. അന്ന് പവന് 54520 രൂപയും, ഗ്രാമിന് 6815 രൂപയുമായിരുന്നു വില. ഈ റെക്കോർഡാണ് ഇന്ന് തിരുത്തപ്പെട്ടത്.

ആഭരണം വാങ്ങുമ്പോൾ കീശ കീറും
പവന്‍റെ വില കുതിച്ചുയർന്നതോടെ സ്വർണം വാങ്ങുന്നവരുടെ ഹൃദയം തകരും. കാരണം ആഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, മികച്ച നേട്ടത്തിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 35.69 ഡോളർ (1.50%) ഉയർന്ന് 2413.93 ഡോളർ എന്നതാണ് നിലവാരം.
വില വർധനവിന്‍റെ കാരണം
മിഡിൽ ഈസ്റ്റിൽ സംഘർഷ സാഹചര്യങ്ങൾ വർധിക്കുന്നതും, ദുർബലമായ യു.എസ് ജോബ് ഡാറ്റയുമാണ് നിലവിലെ വില വർധനവിനുള്ള പ്രധാന കാരണങ്ങൾ. യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്നുള്ള പ്രതീക്ഷകളും സ്വർണ്ണവിലയെ ഉയരത്തിലെത്തിക്കുന്നു.
വർധനവ് നേട്ടമാക്കാം
സ്വർണത്തിന്‍റെ വില വർധനവ് നേട്ടമാക്കാൻ ചില വഴികളുണ്ട്. അതിൽ ഏറ്റവും എളുപ്പമുള്ളത്, സ്വർണം പണയം വെക്കുക എന്നതാണ്. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടും. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു.

വർദ്ധനവിന്‍റെ ചരിത്രം
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 40,000 രൂപയിലധികം രൂപ സ്വർണത്തിന് വില വർദ്ധിച്ചെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ വിശ്വസിച്ചേ പറ്റു. കാരണം 2000ത്തിൽ ഒരു പവൻ സ്വർണത്തിന്‍റെ വില 3,212 രൂപയായിരുന്നു. ചെറിയ വർദ്ധനവ് അക്കാലങ്ങളിലും സ്വർണത്തിനുണ്ടായി. 2006 ആകുമ്പോഴേക്കും സ്വർണം പവന് 6,255 രൂപയിലെത്തി.
2010ൽ സ്വർണ വില 12,000 കടന്നു. 2015ൽ പവന്‍റെ വില 19,000 രൂപയായിരുന്നു. 2020 പകുതിയാകുമ്പോഴേക്കും സ്വർണ വില 40,000 രൂപയ്ക്ക് മുകളിലെത്തി. 2024 മാർച്ച് മാസത്തോടെ വില അരലക്ഷവും കടന്നു. അതായത് കഴിഞ്ഞ നാല് വർഷം കൊണ്ട് 10,000 രൂപയ്ക്ക് മുകളിലാണ് പവന്‍റെ വിലയിലുണ്ടായ വർധനവ്. കഴിഞ്ഞ 10 വർഷത്തിനിടയിലാണ് സ്വർണത്തിന് ഏറ്റവും വലിയ വില വർദ്ധനവ് ഉണ്ടായത്. ഏകദേശം 110 ശതമാനം വർദ്ധനവ്.


Click it and Unblock the Notifications