ഏത് ആഘോഷമായാലും മാറ്റി നിർത്താതെ ആഘോഷിക്കുന്ന രീതിയിലേക്ക് കേരളവും മാറി. ചെലവുള്ള പരിപാടിയാണെങ്കിലും ഉപഭോഗ രീതികളും വരുമാനം ഇതിനനുസരിച്ച് പൊരുത്തപ്പെടുകയാണ്. ഈ ദീപാവലി കാലവും ആഘോഷമാക്കുമ്പോൾ കയ്യിൽ പണമില്ലെങ്കിൽ കയ്യിലുള്ള സ്വർണം സഹായിക്കും.
വില കത്തി നിൽക്കുന്നതിനാൽ സ്വർണം വാങ്ങാൻ ആൾക്കാർ കുറവാണ്. ഈട് നൽകി വായ്പയെടുത്താൽ ഈ ഉത്സവ സീസണിൽ നല്ല തുക കയ്യിലെത്തും എന്നതാണ് ഗുണം. ബാങ്കുകൾ മത്സരാധിഷ്ഠിതമായി കുറഞ്ഞ പലിശ നൽകുമ്പോൾ പണമുണ്ടാക്കാൻ ഇങ്ങനെയും വഴിയുണ്ട്. വായ്പയിലേക്ക് പോകുമ്പോൾ ആദ്യം അറിയേണ്ട ചില കാര്യങ്ങളെ നോക്കിവെയ്ക്കാം.
സ്വര്‍ണ പണയ വായ്പ
സ്വര്‍ണം ഈട് നല്‍കി വായ്പയെടുക്കുക എന്നതാണ് സ്വര്‍ണം സൂക്ഷിക്കുന്നത് കൊണ്ടുള്ള സാമ്പത്തിക നേട്ടം. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കി വായ്പ തുക കണക്കാക്കും. സ്വർണം ഈട് നൽകി വായ്പ എടുക്കുന്നത് ചുരുങ്ങിയ നടപടികളിലൂടെ വേഗത്തിൽ ലഭിക്കുന്ന പ്രക്രിയയാണ്. സ്വർണത്തിന്റെ മൂല്യം കണക്കാക്കിയാൽ വായ്പ അനുവദിക്കും. ക്രെഡിറ്റ് സ്കോർ വേണ്ട. നേട്ടങ്ങൾ ഉണ്ടെങ്കിലും ലോൺ പ്രൊസസിംഗ് ഫീസ്, പലിശ നിരക്ക്, ഈടായി സ്വീകരിക്കുന്ന സ്വർണം, മറ്റ് ചാർജുകൾ എന്നിവ സ്വർണ പണയ വായ്പയിലുമുണ്ട്.

ഏത് സ്വർണം ഈട് വെയ്ക്കാം
18 കാരറ്റ് മുതൽ 22 കാരറ്റ് വരെയുള്ള സ്വർണാഭരണങ്ങളും ബാങ്ക് അനുവദിക്കുന്ന 24 കാരറ്റുള്ള സ്വർണ നാണയങ്ങളും മാത്രമേ ബാങ്കുകൾക്ക് വായ്പയ്ക്ക് ഈടായി സ്വീകരിക്കുയുള്ളൂ. ഹെയർ പിന്ന്, കഫ്‌ലിങ്ക്സ്, സ്വർണ വാച്ച്, സ്വർണ സ്ട്രാപ്പ്, സ്വർണ വിഗ്രഹങ്ങൾ, സ്വർണ പാത്രങ്ങൾ, വൈറ്റ് ഗോൾഡ്, വജ്രാഭരണങ്ങൾ, സ്വർണ കട്ടികൾ എന്നിവ വായ്പയ്ക്ക് ഈട് നൽകാനാകില്ല. ബാങ്കുകളില്‍ നിന്ന് നല്‍കുന്ന നാണയങ്ങൾ 50 ഗ്രാമിന് താഴെയുള്ളവയാണെങ്കിൽ പണയം വെയ്ക്കാം.
സ്വർണത്തിന്റെ പരിശുദ്ധി
18 കാരറ്റ് സ്വർണം നൽകിയാലും 22 കാരറ്റ് സ്വർണം നൽകിയാലും ഒരേ തുക വായ്പ ലഭിക്കില്ല. വായ്പ കണക്കാക്കുന്നത് സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം എന്നിവ അടിസ്ഥാനമാക്കിയാണ്. 22 കാരറ്റ്, 20കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെ വിവിധ പരിശുദ്ധിയിലുള്ള സ്വര്‍ണങ്ങളാണ് ഈടായി സ്വീകരിക്കുന്നത്. ഇതിന്റെ തൂക്കം അനുസരിച്ച് ബാങ്ക് വാല്യുവേഷൻ നടത്തും. ഇതിന് ശേഷം ലോണ്‍ ടു വാല്യു റേഷ്യോ അടിസ്ഥാനമാക്കിയാണ് സ്വര്‍ണത്തിന് വില കണക്കാക്കുന്നത്.
ലോൺ ടു വാല്യു റേഷ്യോ
ഈടായി നൽകുന്ന സ്വർണത്തിന്റെ എത്ര ശതമാനം വായ്പ നൽകണം എന്നതാണ് ലോണ്‍ ടു വാല്യു റേഷ്യോ പറയുന്നത്. ഇത് റിസർവ് ബാങ്കാണ് നിശ്ചയിക്കുന്നത്. നിലവിൽ 90 ശതമാനാണ് ലോണ്‍ ടു വാല്യു റേഷ്യോ. നേരത്തെ 75 ശതമാനമായിരുന്നു. സ്വർണ വില ഉയർന്ന് നിൽക്കുമ്പോൾ ഉയർന്ന ലോൺ ടു വാല്യു റേഷ്യോയുള്ളതിനാൽ മികച്ച തുക വായ്പ ലഭിക്കും.
എത്ര തുക ലഭിക്കും
സ്വർണ പണയം വെയ്ക്കുന്നവർ ലഭിക്കുന്ന തുകയെ പറ്റി അറിഞ്ഞിരിക്കണം. ബാങ്കുകൾ അനുസരിച്ച് തുക മാറി കൊണ്ടിരിക്കും. എസ്ബിഐയില്‍ കുറഞ്ഞ വായ്പ തുക 20,000 രൂപയാണ്. പരമാവധി ഒരു വ്യക്തിക്ക് ലഭിക്കുന്ന തുക 50 ലക്ഷം രൂപയും. കൊട്ടക് മഹീന്ദ്ര ബാങ്കില്‍ 20,000 രൂപയാണ് കുറഞ്ഞ വായ്പ തുക. പരമാവധി 1.50 കോടി രൂപ വരെ ലഭിക്കും.
വായ്പ തുക ലഭിക്കാൻ ലോൺ പ്രോസസ്സിംഗ് ചാർജ്, വാല്യുവേഷൻ ചാർജ് എന്നിവ നൽകണം. വായ്പ എടുത്ത വ്യക്തി നേരത്തെ വായ്പ അടച്ച് തീർത്താൽ, മാസ അടവ് തെറ്റിച്ചാൽ എന്നിവയ്ക്കും ചാർജ് വരും. ഇത് ബാങ്ക് അനുസരിച്ച് വ്യത്യാസപ്പെടും.
പലിശ നിരക്ക്
സ്വർണ വായ്പയിൽ നിർണായകമായ ഘടകമാണ് പലിശ. മറ്റേതൊരു വായ്പയും പോലെ സ്വർണ വായ്പയിൽ മികച്ച പലിശ ലഭിക്കാൻ വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ നിരക്കുകൾ കണ്ടെത്താൻ ഇത് സഹായിക്കും. പലിശ നിരക്ക് വായ്പയുടെ മൊത്തത്തിലുള്ള ചെലവിനെ നേരിട്ട് ബാധിക്കും. കൂടാതെ പലിശ നിരക്കുകളിലെ ചെറിയ വ്യത്യാസങ്ങൾ പോലും കാലക്രമേണ ചെലവുകളെ വർധിപ്പിക്കും.
സ്വർണ വായ്പ പലിശ നിരക്കിനെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് കാലാവധി. വായ്പ തുക പോലെ കാലാവധി കുറയുന്തോറും പലിശ നിരക്ക് കൂടുകയാണ്. ഹ്രസ്വകാല വായ്പകൾക്ക് സാധാരണയായി ദീർഘകാല വായ്പകളേക്കാൾ ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുണ്ട്.


Click it and Unblock the Notifications