ഒരു പവൻ സ്വർണത്തിന് ഇന്ന് കേരളത്തിലെ വില 44,600 രൂപയാണ്. 240 രൂപയാണ് ശനിയാഴ്ച സ്വർണ വിലയിൽ കുറഞ്ഞത്. സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം വാങ്ങാൻ നോക്കുമ്പോൾ ഇത് വലിയ വില തന്നെയാണ്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന എന്നാൽ വില ഒരു വിഷയമായി തോന്നുന്നൊരാൾക്ക് തിരഞ്ഞെടുക്കാവുന്നൊരു ഉഗ്രൻ മാർഗമാണ് ഡിജിറ്റൽ ഗോൾഡ്.
കയ്യിലുള്ള 1 രൂപ മുതൽ ഏത് ഉയർന്ന വിലയ്ക്കും ഡിജിറ്റൽ സ്വർണം വാങ്ങാൻ സാധിക്കും. ഇതോടൊപ്പം 24 കാരറ്റ് 99.99 ശതമാനം ശുദ്ധമായ സ്വർണം ഡിജിറ്റൽ സ്വർണത്തിലൂടെ വാങ്ങാൻ സാധിക്കും.
എന്താണ് ഡിജിറ്റൽ സ്വർണം
ഭൗതിക സ്വർണത്തിന് ബദലായി ഡിജിറ്റലായി സ്വർണം വാങ്ങുന്ന രീതിയാണ് ഡിജിറ്റൽ സ്വർണം. ഭൗതിക സ്വർണത്തിന്റെ അതേ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാൻ കഴിയും. എംഎംടിസി- പാംപ്(MMTC-PAMP) , സേഫ് ഗോൾഡ് (SafeGold), അഗ്മൗണ്ട് ഗോൾഡ് (Augmont Gold) എന്നിവ പോലുള്ള നിരവധി കമ്പനികൾ വഴി ഡിജിറ്റൽ സ്വർണം വാങ്ങാൻ സാധിക്കും. 1 രൂപ മുതൽ ഡിജിറ്റൽ സ്വർണം വാങ്ങാൻ സാധിക്കും.

ഡിജിറ്റലായി വാങ്ങുന്ന സ്വർണത്തിന് അനുസൃതമായ ഭൗതിക സ്വർണം ഡിജിറ്റൽ സ്വർണദാതാക്കൾ സൂക്ഷിക്കുന്നതിനാൽ ഡിജിറ്റൽ സ്വർണത്തിൽ സൂക്ഷിക്കുന്നതിനുള്ള ചെലവോ നഷ്ട സാധ്യതയോ നിക്ഷേപകനെ സംബന്ധിച്ചില്ല. സെബി, ആർബിഐ പോലുള്ള സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിലല്ല ഡിജിറ്റൽ സ്വർണം പ്രവർത്തിക്കുന്നത്. ഭൗതിക സ്വർണത്തിന് ബാധകമായ നികുതിയാണ് ഡിജിറ്റൽ സ്വർണത്തിനും ബാധകമാകുന്നത്.
എങ്ങനെ വാങ്ങാം
നിർമാണ ചാർജുകളൊന്നുമില്ലാതെ സ്വർണം വാങ്ങാൻ കഴിയുന്നൊരു മാർഗമാണ് ഡിജിറ്റൽ സ്വർണം. നിലവിൽ എംഎംടിസി- പാംപ്(MMTC-PAMP) , സേഫ് ഗോൾഡ് (SafeGold), അഗ്മൗണ്ട് ഗോൾഡ് (Augmont Gold) എന്നിവ പോലുള്ള നിരവധി കമ്പനികൾ വഴി ഡിജിറ്റൽ സ്വർണം വാങ്ങാൻ സാധിക്കും.
ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സന്ദർശിച്ചും കമ്പനികളുമായി സഹകരിക്കുന്ന യുപിഐ ആപ്പുകളിൽ നിന്നും സ്വർണം വാങ്ങാൻ സാധിക്കും. പേടിഎം, ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളിൽ നിന്ന് സ്വർണം വാങ്ങാൻ സാധിക്കുന്നുണ്ട്.
പൂർണമായും ഇൻഷുറൻസ് ചെയ്തതും സുരക്ഷിതവുമായ രീതിയിലാണ് സ്വർണം സൂക്ഷിക്കുന്നത്. ഭൗതിക സ്വർണം വാങ്ങുന്നതിനുള്ള ചാർജുകളൊന്നുമില്ലാതെ ഡിജിറ്റൽ സ്വർണം വാങ്ങാൻ സാധിക്കും. 3 ശതമാനം ജിഎസ്ടി ഡിജിറ്റൽ സ്വർണം വാങ്ങുന്നയാൽ നൽകണം.
അതേസമയം സ്വർണാഭരണം വാങ്ങുന്നൊരാൾ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടി വരുന്നു. സുരക്ഷിതമായ ഇടത്ത് നിന്ന് നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി അറിഞ്ഞ ശേഷം ഡിജിറ്റൽ സ്വർണം വാങ്ങാൻ ശ്രമിക്കുക.
1 രൂപയ്ക്ക് വാങ്ങുന്നത് എങ്ങനെ
ഡിജിറ്റൽ സ്വർണം വിൽക്കുന്ന കമ്പനികളുടെ വെബ്സൈറ്റിൽ നിന്നോ യുപിഐ ആപ്പുകളിൽ നിന്നോ ആണ് ഡിജിറ്റൽ സ്വർണം വാങ്ങാവുന്നത്. mmtc pamp ൽ നിന്ന് അവരുടെ വെബ്സൈറ്റ വഴി സ്വർണം വാങ്ങാം. 24 കാരറ്റ് 99.99 ശതമാനം പരിശുദ്ധിയുള്ള സ്വർണമാണ് വാങ്ങാൻ ലഭിക്കുക.
1 ഗ്രാം സ്വർണത്തിന് 6,221.93 രൂപയാണ് 2023 ഏപ്രിൽ 22 ശനിയാഴ്ചത്തെ വില. 1 രൂപയ്ക്ക് സ്വർണം വാങ്ങുന്നൊരാൾക്ക് 0.0001 ഗ്രാം സ്വർണം ലഭിക്കും. 1,000 രൂപയ്ക്ക് 0.1607 ഗ്രാം സ്വർണം ലഭിക്കും. 5,000 രൂപയ്ക്ക് 0.8036 ഗ്രാം സ്വർണം ലഭിക്കും. ഇതോടൊപ്പം 3 ശതമാനം ജിഎസ്ടിയും ഈടാക്കും.
ഏളുപ്പത്തിൽ വിൽക്കാം
നിലവിലെ വിപണി വിലയിൽ ഏത് സമയത്തും സ്വർണം മുഴുവനായോ അല്ലെങ്കിൽ ഒരു ഭാഗമോ വില്ക്കാൻ സാധിക്കും. ലോക്ഇൻ പിരിയഡ്, എക്സിറ്റ് ലോഡ് പോലുള്ള നിയന്ത്രണങ്ങളൊന്നും ഡിജിറ്റൽ സ്വർണത്തില്ല. ഇതോടൊപ്പം ഡിജിറ്റൽ സ്വർണദാതാക്കളുടെ സെന്ററുകളിൽ നിന്ന് സ്വർണം റെഡീം ചെയ്യാനും സാധിക്കും. ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സ്വർണം പണയം വയ്ക്കാനും വായ്പയെടുക്കാനും കഴിയും.
ഡിജിറ്റൽ സ്വർണം കയ്യിലുള്ളൊരാൾക്ക് കുറഞ്ഞത് 1 ഗ്രാം സ്വർണം ലീസിന് നൽകാൻ സാധിക്കും. ഇത്തരത്തിൽ 14 ശതമാനം വരെ പലിശ ലഭിക്കും. ഡിജിറ്റൽ സ്വർണത്തിന് തുല്യമായി സൂക്ഷിച്ചിരുന്ന ഭൗതിക സ്വർണം ചെറുകിട ജ്വല്ലറികൾക്ക് ലീസിന് നൽകാവുന്നതാണ്.


Click it and Unblock the Notifications