ആഭരണം എന്നതിനപ്പുറം പ്രൗഢിയുടെ പ്രതീകം കൂടിയാണ് മലയാളികൾക്ക് സ്വർണം. ആഘോഷങ്ങളുടെ എല്ലാ അവസരങ്ങളിലും സ്വർണ്ണമണിയാൻ മലയാളി സ്ത്രീകൾക്ക് പ്രത്യേക താല്പര്യം ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരുന്ന സ്വർണ്ണ വില ആഭരണപ്രേമികൾക്ക് വലിയ ആശങ്കയായിരുന്നു. സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയും.
എന്നാൽ ഈ ആഴ്ചയുടെ ആദ്യ ദിവസം തന്നെ ആഭരണപ്രേമികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. അതായത് സ്വർണ്ണം ഇന്നത്തെ നിരക്ക് ഗ്രാമിന് 5720 രൂപയും പവന് 45,760 രൂപയും.
ഒക്ടോബർ ഒന്നാം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 42,680 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില താഴോട്ട് പോയി. അഞ്ചാം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 41,920 രൂപയിലെത്തി. അതായത് ഒരു ഗ്രാം സ്വർണ്ണത്തിന് 5,240 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില ഉയർന്നു. 11ആം തീയ്യതിയാകുമ്പോഴേക്കും ഒരു ഗ്രാമിന്‍റെ വില 5,365 രൂപയിലെത്തി. അതായത് ഒരു പവൻ സ്വർണ്ണത്തിന് 42,920 രൂപ. എന്നാൽ ഒരു രാത്രി കഴിഞ്ഞപ്പോൾ സ്വർണ്ണ വില പവന് 43,200 രൂപയിലെത്തി. ഒറ്റ ദിവസം കൊണ്ട് കൂടിയത് 280 രൂപ.

പിന്നീടുള്ള ദിവസങ്ങളിലും സ്വർണ്ണ വില മാറിമറിഞ്ഞു. 20ആം തീയ്യതി സ്വർണ്ണം പവന് 45,120 രൂപയിലെത്തി. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. ഇത്തവണ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണവില 2077 ഡോളറിലേക്ക് എത്തിയേക്കും. വിവാഹ സീസൺ ആയതിനാൽ വിലവർധനവ് കേരള വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്.
നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
രജ്യത്ത് സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് മനസിലാക്കുന്നത് സ്വർണ്ണം വാങ്ങുന്നതിലും നിക്ഷേപിക്കുന്നതിലും പ്രധാനമാണ്.
1. ആഗോള സ്വർണ്ണ വിപണിയിലെ പ്രവണതകൾ ഇന്ത്യയിലെ സ്വർണ്ണ വിലയിലും വലിയ സ്വാധീനം ചെലുത്തും. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ സ്വർണ്ണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും
2. സ്വർണ്ണത്തിന്റെ ആഭ്യന്തര ആവശ്യവും വിതരണവും വിലയെ ബാധിക്കുന്നു. ഉത്സവ സീസണുകളിലും വിവാഹ വേളകളിലും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ഇറക്കുമതി, കസ്റ്റംസ് തീരുവ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണത്തിന്റെ വിതരണത്തെയും ആത്യന്തികമായി വിലയെയും ബാധിക്കും.
3. ഇറക്കുമതി തീരുവയിലോ നിയന്ത്രണങ്ങളിലോ ഉള്ള മാറ്റങ്ങളടക്കമുള്ള സർക്കാർ നയങ്ങൾ സ്വർണ്ണ വിപണിയെ ബാധിക്കും. ഉദാഹരണത്തിന്, ഇറക്കുമതി തീരുവയിലെ വർദ്ധനവ് സ്വർണ്ണ വില ഉയരാൻ ഇടയാക്കും.
4. വിനിമയ നിരക്കുകൾ സ്വർണ്ണ വിലയിൽ നിർണായക പങ്ക് വഹിക്കുന്നു. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുമ്പോൾ, ഇന്ത്യയിൽ സ്വർണ വില ഉയരും, തിരിച്ചും.
5. നിക്ഷേപകരുടെ വികാരവും പെരുമാറ്റവും സ്വർണ്ണ വില നിർണ്ണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സമയങ്ങളിൽ, നിക്ഷേപകർ സ്വർണ്ണ നിക്ഷേപം നടത്തും. നിക്ഷേപത്തിന്റെ ആവശ്യകത വർധിക്കുന്നത് സ്വർണ്ണ വില വർദ്ധിപ്പിക്കും. നേരെമറിച്ച്, കൂടുതൽ സുസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളിൽ, സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം കുറയുന്നത് വില കുറയാൻ ഇടയാക്കിയേക്കാം. നിക്ഷേപകരുടെ മനഃശാസ്ത്രവും വികാരവും സ്വർണവിലയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സാരം


Click it and Unblock the Notifications