സ്വർണം വാങ്ങുന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് സ്വർണത്തിന്റെ പരിശുദ്ധിയാണ്. ഉയർന്ന വില നൽകി സ്വർണം വാങ്ങുന്നവർ അതിന്റെ പരിശുദ്ധി പരിഗണിക്കേണ്ടതുണ്ട്. സ്വർണം വിൽക്കുമ്പോഴും വായ്പയ്ക്ക് ഈട് നൽകുമ്പോഴും മികച്ച വില ലഭിക്കാൻ സ്വർണത്തിന്റെ പരിശുദ്ധി പ്രധാന ഘടകമാണ്. സ്വർണത്തിന്റെ പരിശുദ്ധി അളയ്ക്കാൻ കാരറ്റ് അറിയണം. സ്വർണത്തിന്റെ പരിശുദ്ധി അളക്കുന്നതിനുള്ള ഏറ്റവും സാധാരണമായ അളവുകോലാണ് കാരറ്റ്. 24 കാരറ്റ് സ്വർണത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു.
പരിശുദ്ധിയെ പറ്റി ചിന്തിക്കുന്നവർക്ക് ഓരോയിടത്ത് നിന്നും സ്വർണം വാങ്ങുമ്പോൾ ഗുണനിലവാരത്തെ പറ്റി ആശങ്കപ്പെടാറുണ്ട്. ഇത് ഒഴിവാക്കാൻ, സുരക്ഷിതമായി സ്വർണം വാങ്ങാൻ കേന്ദ്രസർക്കാറിനെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാറിന് കീഴിലുള്ള ഗവ. മിന്റിൽ നിന്ന് നേരിട്ട് സ്വർണം, വെള്ളി നാണയങ്ങൾ വാങ്ങാൻ സാധിക്കും.
5 ഗ്രാം, 10 ഗ്രാം, 50 ഗ്രാം എന്നിങ്ങനെ വിവിധ മൂല്യങ്ങളിലുള്ള സ്വർണ, വെള്ളി നാണയങ്ങൾ വാങ്ങാൻ സാധിക്കും. നാണയങ്ങൾ ഓൺലൈനായും വില്പന ശാലകൾ സന്ദർശിച്ചും സ്വർണം വാങ്ങാൻ സാധിക്കും. എങ്ങനെ സ്വർണം വാങ്ങാമെന്നും സ്വർണത്തിന്റെ പരിശുദ്ധിയും വിശദമായി പരിശോധിക്കാം.

പരിശുദ്ധ സ്വർണം
കേന്ദ്ര സർക്കാറിന്റെ മിന്റിൽ നിന്ന് വില്പന നടത്തുന്ന സ്വർണ നാണയങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഹാൾമാർക്ക് പ്രകാരം സാക്ഷ്യപ്പെടുത്തിയവയാണ്. 99.9 ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണമാണ് മിന്റുകളിൽ നിന്ന് വാങ്ങാൻ സാധിക്കുക.
സ്വർണ നാണയങ്ങൾ, സ്വർണ കട്ടി എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക വെള്ളിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും വിശ്വസനീയമായ ഓപ്ഷനുകളിലൊന്നാണ് ഇത്. സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള മിനിരത്‌ന കമ്പനിക്ക് കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.
എങ്ങനെ സ്വർണം വാങ്ങാം
കേന്ദ്ര സർക്കാറിന്റെ മിന്റ് എന്ന വെബ്‌സൈറ്റിൽ നിന്നോ വില്പന ശാലകളിൽ നിന്നോ സ്വർണ, വെള്ളി നാണയങ്ങളും വാങ്ങാം. www.indiagovtmint.in എന്ന വെബ്സൈറ്റിൽ നിന്ന് നാണയങ്ങൾ വാങ്ങാം. ഡൽഹി, നോയിഡ, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നി അഞ്ച് നഗരങ്ങളിലാണ് ഗവൺമെന്റ് മിന്റിന് വില്പന ശാലകളുള്ളത്. ഇവിടെ നേരിട്ടെത്തി സ്വർണം വാങ്ങാം. പണമായോ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാനുള്ള ഓപ്ഷനുകളും ഉപയോഗിക്കാം.
സ്വർണ വില
മിന്റിൽ വില്പന നടത്തുന്നത് സ്വർണ നാണയങ്ങളും സ്വർണ കട്ടികളുമാണ്. വെബ്സൈറ്റിൽ നിന്ന് ഓരോ നാണയത്തിന്റെയും വില പരിശോധിച്ച് വാങ്ങാൻ സാധിക്കും. 999 പരിശുദ്ധിയുള്ള 24 കാരറ്റ് 10 ഗ്രാം സ്വർണ നാണയത്തിന് 66,878.57 രൂപയാണ് വില.
എട്ട് ഗ്രാമിന് 53,588.14 രൂപയാണ് ഈടാക്കുന്നത്. ഏറ്റവും ചെറിയ അളവിൽ 2 ഗ്രാം സ്വർണം വാങ്ങാം. 2 ഗ്രാമിന് 14,315.53 രൂപയാണ് വില. 2.50 ഗ്രാം സ്വർണ നാണയത്തിന് 16,840.15 രൂപയും 5 ഗ്രാം സ്വർണ നാണയത്തിന് 34,933.92 രൂപയും വില വരും.
ഇതേ വെബ്സൈറ്റിൽ നിന്ന് വെള്ളി നാണയങ്ങളും വാങ്ങാൻ സാധിക്കും. 999 പരിശുദ്ധിയുള്ള 50 ഗ്രാം വെള്ളി നാണയത്തിന് 4,444.29 രൂപയാണ് വില വരുന്നത്.
നാണയത്തിൽ നിക്ഷേപിക്കുന്നത് നേട്ടം
ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഏറ്റവും അനുയോജ്യമായ മാർഗം നാണയങ്ങൾ വാങ്ങുക എന്നതാണ്. സ്വർണാഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ കുറഞ്ഞ പണിക്കൂലിയിൽ സ്വർണം സ്വന്തമാക്കാൻ സാധിക്കും. ഇതോടൊപ്പം ഏളുപ്പത്തിൽ പണമാക്കി മാറ്റാനുള്ള സൗകര്യം കൂടി നാണയങ്ങൾക്കുണ്ട്. ജുവലറികളിൽ വില്പന നടത്തിയോ പണയം വെച്ചോ സ്വർണ നാണയങ്ങളെ ലിക്വിഡേറ്റ് ചെയ്യാൻ സാധിക്കും.


Click it and Unblock the Notifications