സാമ്പത്തിക കാര്യങ്ങളിൽ പ്രഥമ പരിഗണന നൽകേണ്ടത് എവിടെ എന്നൊരു ചോദ്യം വന്നാൽ ആരോഗ്യ ഇൻഷുറൻസായിരിക്കും ഇന്നത്തെ കാലത്ത് ഇത്തരം. രാജ്യത്തെ ആരോഗ്യ ചെലവ് കുത്തനെ ഉയരുമ്പോൾ ആരോഗ്യ ഇൻഷൂറൻസില്ലാതെ ചികിത്സയെ സമീപിക്കുന്നത് സാമ്പത്തികമായ തകർച്ചയ്ക്ക് കാരണമാകും. ഏഷ്യയിലെ ഏറ്റവും ഉയർന്ന മെഡിക്കൽ പണപ്പെരുപ്പ നിരക്ക് ഇന്ത്യയിലാണെന്നാണ് സമീപകാല ഡാറ്റ കാണിക്കുന്നത്.
ഇന്ത്യൻ ആരോഗ്യ പണപ്പെരുപ്പ നിരക്ക് 14 ശതമാനത്തിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിലും ഇന്ത്യയിൽ 71 ശതമാനം പേരും വ്യക്തിപരമായാണ് ആരോഗ്യ ചെലവുകൾ വഹിക്കുന്നത്. ഇത് സാമ്പത്തിക ബാധ്യത ഉയർത്തുകയാണ്. ശരാശരി ഇന്ത്യൻ കുടുംബത്തിന്റെ വരുമാനത്തിന്റെ 10 ശതമാനവും ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുന്നതായാണ് കണക്ക്.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ഇത് കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇവിടെ ആരോഗ്യ ഇൻഷൂറൻസിന്റെ പ്രധാന്യം വരുന്നത്. ഇന്നത്തെ അണുകുടുംബ രീതിയിൽ നാല് പേരടങ്ങുന്നൊരു കുടുംബത്തിന് ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

കവറേജ്
ആരോഗ്യ ഇൻഷൂറൻസ് തിരഞ്ഞെടുക്കുമ്പോൾ പോളിസികൾ നൽകുന്ന ആനുകൂല്യങ്ങളും കവറേജും മനസിലാക്കണം. പരിരക്ഷയുടെ ഏറ്റവും അടിസ്ഥാന ഭാഗം മുതൽ ആശുപത്രിവാസം, ഔട്ട്‌പേഷ്യന്റ് കെയർ, കുറിപ്പടി മരുന്നുകൾ, പ്രസവാനുകൂല്യങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പാക്കേജുകൾ വരെ വ്യത്യസ്ത പ്ലാനുകളിൽ അടങ്ങിയിരിക്കാം. ഓരോരുത്തരുടെയും ആവശ്യങ്ങൾ അടങ്ങിയ പരമാവധി സേവനങ്ങൾ ലഭിക്കുന്ന പ്ലാനുകൾ നോക്കിയെടുക്കാം.
ആശുപത്രി ശ്രംഖല
ഇൻഷുറൻസ് കമ്പനി നൽകുന്ന മെഡിക്കൽ സൗകര്യങ്ങൾക്കൊപ്പം പ്രധാനപ്പെട്ടതാണ് സേവനം ലഭിക്കുന്ന ആശുപത്രികളുടെ എണ്ണവും. ശക്തമായ നെറ്റ്‌വർക്കുള്ള ആശുപത്രിയിലാണെങ്കിൽ ഇൻഷൂറൻസ് കവറേജുള്ളവർക്ക് പണം നൽകാതെ തന്നെ ഉയർന്ന നിലവാരമുള്ള വൈദ്യസഹായം ലഭിക്കും. തിരഞ്ഞെടുക്കുന്ന ഇൻഷൂറൻസ് പോളിസികൾ തൊട്ടടുത്തുള്ള മികച്ച ആശുപത്രികളെ ഉൾകൊള്ളുന്നതാണോ എന്ന് പരിശോധിക്കണം.
കാത്തിരിപ്പ് കാലയളവ്
ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ കാത്തിരിപ്പ് കാലയളവ് നിശ്ചയിക്കാറുണ്ട്. ശസ്ത്രക്രിയകൾ, പ്രസവ പരിരക്ഷ, നിലവിലുള്ള രോഗങ്ങൾ എന്നിവയ്ക്ക് കാത്തിരിപ്പ് കാലയളവ് ബാധകമാകും. വിവിധ ചികിത്സയുമായി ബന്ധപ്പെട്ട കാത്തിരിപ്പ് കാലയളവ് വിശദമായി പരിശോധച്ച ശേഷമാകണം ഇൻഷൂറൻസ് തിരഞ്ഞെടുക്കേണ്ടത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയാണെങ്കിൽ അസുഖങ്ങൾക്ക് കുറഞ്ഞ കാത്തിരിപ്പ് കാലയളവ് നൽകുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കണം.
സം അഷ്വേഡ്
മെഡിക്കൽ ചെലവുകൾക്കായി ഇൻഷുറൻസ് കമ്പനി നൽകുന്ന പരമാവധി ഇൻഷ്വർ ചെയ്ത തുകയാണ് സം അഷ്വേഡ്. തിരഞ്ഞെടുക്കുന്ന പോളിസിയിൽ മതിയായ സം അഷ്വേഡും താങ്ങാനാവുന്ന പ്രീമിയവും ലഭ്യമാണോഎന്ന് ശ്രദ്ധിക്കണം. വലിയ തുക ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പോളിസിയിൽ ഉയർന്ന പ്രീമിയം അടയ്ക്കേണ്ടി വരും. സ്വന്തം ബജറ്റ് പരിഗണിച്ച് കവറേജും പ്രീമിയം ചെലവും തമ്മിൽ അനുയോജ്യമായ ബാലൻസ് നൽകുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നതാകും ബുദ്ധി.
കോ- പെയ്മെന്റ്
ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ചില ചെലവുകൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് ഒരു നിശ്ചിത ഭാഗം അടയ്ക്കേണ്ട സാഹചര്യങ്ങളുണ്ടാകാറുണ്ട്. പ്രത്യേക മെഡിക്കൽ നടപടിക്രമങ്ങൾക്കോ ആശുപത്രി മുറിയുടെ ചെലവുകൾക്കോ ഉള്ള കവറേജും പരിമിതമായാക്കാം. ഈകാര്യങ്ങൾ മനസിലാക്കാൻ പോളിസി ഡോക്യുമെന്റ് വിശദമായി മനസിലാക്കണം.
ക്ലെയിം സർവീസ്
അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ തടസ്സരഹിതവുമായ ക്ലെയിം നടപടിക്രമാണ് ഏതൊരു പോളിസി ഉടമയും ആഗ്രഹിക്കുന്നത്. ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് നിരക്കും ഉപഭോക്തൃ സേവന റേറ്റിംഗും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാക്കാം.


Click it and Unblock the Notifications