ഓരോ ക്രെഡിറ്റ് കാർഡിലും വ്യത്യസ്ത ക്രെഡിറ്റ് പരിധിയുണ്ടാക്കം. ഉയർന്ന ക്രെഡിറ്റ് സ്‌കോറും മികച്ച ക്രെഡിറ്റ് ചരിത്രവുമുള്ളവർക്ക് സാധാരണയായി ഉയർന്ന ക്രെഡിറ്റ് പരിധിയിലേക്ക് ലഭിക്കാറുണ്ട്. ഒരു വ്യക്തിക്ക് നൽകുന്ന ക്രെഡിറ്റിന്റെ അളവ് നിയന്ത്രിക്കുന്ന റിസ്ക് മാനേജ്മെന്റ് നടപടിയാണ് ഈ ക്രെഡിറ്റ് പരിധി. ക്രെഡിറ്റ് കാർഡ് ബില്ലടവ് മുടങ്ങിയാൽ ബാങ്കിന് സഹിക്കേണ്ട നഷ്ടം കുറയ്ക്കാൻ ഇത് സഹായിക്കും.
ക്രെഡിറ്റ് യോഗ്യത, വരുമാനം, തിരിച്ചടവ് ശേഷി എന്നിവ പരിഗണിച്ചാണ് ക്രെഡിറ്റ് പരിധി നിശ്ചയിക്കുക. ഒരു ക്രെഡിറ്റ് പരിധി ലഭിച്ചാൽ അതിനുള്ളിൽ ഉപയോഗിക്കുന്നതാണ് പൊതുവെയുള്ള ശീലം. എന്നാൽ നിയുക്ത പരിധിക്കപ്പുറവും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയും. ഇത് എങ്ങനെ എന്ന് നോക്കാം.
ബാങ്കിനോട് സംസാരിക്കാം
ക്രെഡിറ്റ് പരിധിയേക്കാൾ തുകയുടെ ഉത്പ്പന്നം വാങ്ങാൻ ശ്രമിക്കുകയാണെങ്കിൽ ബാങ്ക് ഇടപാട് നിരസിക്കുകയാണ് സാധാരണയായി ചെയ്യുക. മതിയായ ക്രെഡിറ്റ് ഇല്ലാത്തതിനാൽ ഇടപാട് പ്രോസസ്സ് ചെയ്യാൻ കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഒരു സന്ദേശം വ്യാപാരിക്ക് ലഭിക്കുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ, മികച്ച പേയ്‌മെന്റ് ഹിസ്റ്ററിയുള്ള വ്യക്തിക്ക് ക്രെഡിറ്റ് കാർഡ് കമ്പനിയുമായി സംസാരിച്ച് ഒരു പ്രത്യേക പർച്ചേസിനായി താൽക്കാലിക ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിക്കാൻ സാധിക്കും. താൽക്കാലിക പരിധി വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത അറിയാൻ കമ്പനിയെ നേരത്തെ ബന്ധപ്പെടണം.

ഓവർ ലിമിറ്റ് ഫീസ്
ചില ക്രെഡിറ്റ് കാർഡ് കമ്പനികൾ ക്രെഡിറ്റ് പരിധി കവിഞ്ഞുള്ള ഇടപാടുകളും അനുവദിക്കുന്നുണ്ട്. ഇതിന് ഫീസ് ഈടാക്കും. ഈ ഫീസ് ക്രെഡിറ്റ് കാർഡ് ബാലൻസിലേക്ക് ചേർക്കുകയും തിരിച്ചടവ് സമയത്ത് നൽകുകയും വേണം. ക്രെഡിറ്റ് പരിധി കവിയുന്നത് അക്കൗണ്ടിൽ പിഴ പലിശ നിരക്കുകൾ ബാധകമാക്കുന്നതിന് ഇടയാക്കിയേക്കാം. ഈ നിരക്കുകൾ സ്റ്റാൻഡേർഡ് പലിശ നിരക്കുകളേക്കാൾ കൂടുതലായിരിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡിന്റെ പരിധി കവിഞ്ഞ് ഉപയോഗിച്ചാൽ 2.5 ശതമാനമോ കുറഞ്ഞത് 550 രൂപയോ ഓവർ-ലിമിറ്റ് ഫീസ് ഈടാക്കും. ചില കാർഡുകൾ ആക്സിസ് ബാങ്ക് 3 ശതമാനം ഓവർ-ലിമിറ്റ് ഫീസ് ഈടാക്കുന്നു.
സ്വന്തമായി പുനഃക്രമീകരിക്കാം
ക്രെഡിറ്റ് പരിധി സ്വന്തമായി പുനഃക്രമീകരിക്കാനുള്ള സൗകര്യം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന്, ക്രെഡിറ്റ് കാർഡ് കമ്പനി 3 ലക്ഷം രൂപയുടെ ക്രെഡിറ്റ് ലിമിറ്റ് നൽകുകയാണെങ്കിൽ ബാങ്കിന്റെ ആപ്പ് ഉപയോഗിച്ച് ഇത് ഒരു ലക്ഷം രൂപയായി പുനഃക്രമീകരിക്കാാൻ സാധിക്കും.
ഈ സാഹചര്യത്തിൽ, ഇടപാട് പരിധി കവിഞ്ഞാൽ ഇടപാട് പരാജയപ്പെടുകയോ പിഴ ഈടാക്കുകയോ ചെയ്യില്ല. ചെലവ് ക്രെഡിറ്റ് കാർഡ് പരിധിക്ക് അപ്പുറമാണെങ്കിൽ, ആപ്പ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിപ്പിക്കുകയും കൂടുതൽ ഇടപാടുകൾ നടത്താൻ ഉപയോഗിക്കുകയും ചെയ്യാം.
ക്രെഡിറ്റ് ഉപയോഗ നിരക്ക് കടക്കുന്നത്
ക്രെഡിറ്റ് പരിധി കവിഞ്ഞ് ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ക്രെഡിറ്റ് സ്കോർ നിർണയിക്കാൻ പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ് ക്രെഡിറ്റ് ഉപയോഗ അനുപാതം. ക്രെഡിറ്റ് ലിമിറ്റിനേക്കാൾ ഉപയോഗിക്കുമ്പോൾ ക്രെഡിറ്റ് ഉപയോഗ നിരക്ക് ഉയരുകയും ഇത് ക്രെഡിറ്റ് സ്കോറിനെ കുറയ്ക്കുകയും ചെയ്യും. എച്ച്ഡിഎഫ്സി വെബ്സൈറ്റ് പ്രകാരം, ക്രെഡിറ്റ് ഉപയോഗ നിരക്ക് 30 ശതമാനത്തിൽ താഴെയായി സൂക്ഷിക്കുന്നതാണ് ഉചിതം. ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം ഉയരുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
ഒരു ക്രെഡിറ്റ് കാർഡുള്ള വ്യക്തിയുടെ ക്രെഡിറ്റ് പരിധി 50,000 രൂപയാണ്. ഈ കാർഡിൽ 20,000 രൂപയുടെ ബാലൻസ് ഉണ്ട്. ചെലവഴിച്ചതും ഇതുവരെ തിരിച്ചടച്ചിട്ടില്ലാത്തതുമായ തുകയാണിത്. ഇതുപ്രകാരം 40 ശതമാനമാണ് (( 20,000 / 50,000 = 0.4, 0.4/100) നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം.


Click it and Unblock the Notifications