വാഹന മേഖലയില്‍ വൈദ്യുത വിപ്ലവം തുടങ്ങി; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ-വീലര്‍ ഇവി സ്റ്റോക്കുകള്‍ ഇവ

വാഹനരംഗം വൈദ്യുതീകരിക്കാനുള്ള തീവ്രയത്‌നത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വാഹന നിര്‍മാതാക്കള്‍, ബാറ്ററി നിര്‍മാതാക്കള്‍, ഗവേഷണ വികസന ലാബുകള്‍ എന്നിവരെല്ലാം ഇവി വിപ്ലവത്തിന് കൊടിപ്പിടിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിക്കണം; വൈദ്യുത വാഹനങ്ങള്‍ അരങ്ങ് വാഴണം. ഒപ്പം, വൈദ്യുത വാഹന നിര്‍മാണത്തിന് ഇന്ത്യ ആഗോള കേന്ദ്രമായി മാറണം --- മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ അറിയിച്ചുകഴിഞ്ഞു.

ഇവി വിപ്ലവം

ഇതിനകം 20 സംസ്ഥാനങ്ങള്‍ വൈദ്യുതവാഹന നയങ്ങളുടെ കരടുരൂപം ചര്‍ച്ച ചെയ്തുതുടങ്ങി. എല്ലാ സംസ്ഥാനങ്ങളുടെയും ഇവി നയത്തില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ആവശ്യകത, പൊതുഗതാഗതം, തൊഴില്‍ വളര്‍ച്ച എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ വലിയ വളര്‍ച്ച സാധ്യതയാണ് രാജ്യത്തെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കള്‍ക്ക് മുന്നില്‍ രൂപംകൊള്ളുന്നത്. ഈ കമ്പനികള്‍ ഏതെല്ലാമെന്നും ഇവരുടെ ഒരുക്കങ്ങള്‍ എന്തൊക്കെയാണെന്നും ചുവടെ അറിയാം.

ഹീറോ മോട്ടോകോര്‍പ്പ്

ഹീറോ മോട്ടോകോര്‍പ്പ്

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. 'ഹീറോ ഹോണ്ട' എന്നായിരുന്നു കമ്പനിയുടെ ആദ്യപേര്. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളെന്ന ഖ്യാതി ഹീറോ മോട്ടോകോര്‍പ്പിനുണ്ട്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ 37.1 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഹീറോയുടെ കൈവശം ഭദ്രമാണ്. 2022 ജൂലായ് തൊട്ട് വൈദ്യുത വാഹന വിപണിയില്‍ കടന്നുവരുമെന്നാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. 'വിദ' എന്ന ബ്രാന്‍ഡിനൊപ്പമാണ് ഹീറോയുടെ പുതിയ അങ്കം.

 
പുതിയ ബ്രാൻഡ്

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീറോ മോട്ടോകോര്‍പ്പ്, പുതിയ ബ്രാന്‍ഡായ വിദയ്ക്ക് കീഴിലായിരിക്കും വൈദ്യുത വാഹനങ്ങളെ അണിനിരത്തുക. ഈ വര്‍ഷംതന്നെ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുത വാഹനങ്ങളുടെ വിതരണം തുടങ്ങാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണ് ഹീറോയുടെ വൈദ്യുത വാഹനശാലയുള്ളത്. നിലവില്‍ ബദ്ധവൈരിയായ ഹീറോ ഇലക്ട്രിക്കാണ് ഇവി സെഗ്മന്റില്‍ 'ഹീറോ' എന്ന ബ്രാന്‍ഡ് നാമം കയ്യടക്കുന്നത്.

നിക്ഷേപം

തായ്‌വാനിലെ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഗോഗോറോയുമായി ഹീറോ മോട്ടോകോര്‍പ്പ് സംയുക്ത സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാറ്ററി സ്വാപ്പിങ്ങിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഈ കമ്പനിയാണ് ഹീറോയ്ക്ക് സജ്ജമാക്കുക. വാസ്തവത്തില്‍ വൈദ്യുത വാഹന സെഗ്മന്റില്‍ ഹീറോ മോട്ടോകോര്‍പ്പ് ആദ്യമേ കരുക്കള്‍ നീക്കിയത് കാണാം. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഖ്യാത സ്റ്റാര്‍ട്ടപ്പ് ഏഥര്‍ എനര്‍ജിയില്‍ ഹീറോയ്ക്ക് വലിയ നിക്ഷേപമുണ്ട്.

ഓഹരി വില

സമീപകാലത്ത് 1,000 കോടി രൂപയുടെ വ്യാജ ചെലവുകളുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ക്ക് ക്ഷീണം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യാജ ചെലവുകള്‍ സംബന്ധിച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കമ്പനി പിന്നാലെ പ്രതികരിച്ചു.

ഔദ്യോഗിക പ്രസ്തവാനയെ തുടര്‍ന്ന് 3 ശതമാനത്തോളമാണ് ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ തിരിച്ചുകയറിയത്. വെള്ളിയാഴ്ച്ച 2,246 രൂപയില്‍ കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 3,090 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,146 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 17.35. ഡിവിഡന്റ് യീല്‍ഡ് 4.75 ശതമാനം.

 
ടിവിഎസ് മോട്ടോര്‍

ടിവിഎസ് മോട്ടോര്‍

വൈവിധ്യമാര്‍ന്ന ഇരുചക്ര വാഹനനിര അവകാശപ്പെടുന്ന ഇന്ത്യന്‍ കമ്പനിയാണ് ടിവിഎസ് മോട്ടോര്‍. മോപ്പഡുകള്‍ മുതല്‍ അതിവേഗ റേസ് മോഡലുകള്‍ ആസ്പദമാക്കിയുള്ള ആധുനിക ബൈക്കുകള്‍ വരെ ടിവിഎസ് നിരയില്‍ കാണാം. മുച്ചക്ര വാഹനങ്ങളുടെ നിര്‍മാണത്തിലും ടിവിഎസ് മുന്നിലുണ്ട്. പ്രതിവര്‍ഷം 40 ലക്ഷം ഇരുചക്ര വാഹനങ്ങളും 1.2 ലക്ഷം മുചക്ര വാഹനങ്ങളും പുറത്തിറക്കാനുള്ള ശേഷി കമ്പനിക്കുണ്ട്.

നീക്കം

നിലവില്‍ വൈദ്യുത വാഹന സെഗ്മന്റില്‍ വേരുറപ്പിക്കാനുള്ള നീക്കത്തിലാണ് ടിവിഎസ് മോട്ടോര്‍. ഇതിന്റെ ഭാഗമായി ഇന്ത്യ മൊത്തം ചാര്‍ജിങ് സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടി കമ്പനി ആരംഭിച്ചുകഴിഞ്ഞു.

ആഗോളതലത്തില്‍ വൈദ്യുത വാഹനങ്ങള്‍ വില്‍ക്കാനാണ് ടിവിഎസ് മോട്ടോര്‍ ലക്ഷ്യമിടുന്നത്. ഐക്യൂബ് സ്‌കൂട്ടറാണ് ടിവിഎസില്‍ നിന്നും വിപണിയില്‍ എത്തിയിട്ടുള്ള ആദ്യ വൈദ്യുത അവതാരം. ഇതിനകം 6,000 ബുക്കിങ്ങുകള്‍ ഐക്യൂബില്‍ കമ്പനി നേടിക്കഴിഞ്ഞു. 33 നഗരങ്ങളില്‍ ടിവിഎസ് ഐക്യൂബ് വില്‍പ്പനയ്ക്ക് അണിനിരക്കുന്നുണ്ട്.

സഹകരണം

നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യ മുഴുവന്‍ ഐക്യൂബ് സ്‌കൂട്ടറുകള്‍ ലഭ്യമാക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,000 -ത്തിലേറെ ഐക്യൂബ് യൂണിറ്റുകളാണ് ടിവിഎസ് വിറ്റത്. രാജ്യാന്തര വിപണികളിലേക്കും മോഡല്‍ വൈകാതെ പറക്കും.

വൈദ്യുത വാഹനനിര വിപുലീകരിക്കുന്നതിന് മുന്‍പ് ചാര്‍ജിങ് സൗകര്യങ്ങള്‍ സ്ഥാപിക്കുകയാണ് ടിവിഎസിന് മുന്നിലുള്ള പ്രഥമ കര്‍ത്തവ്യം. ഇതിനായി ടാറ്റ പവര്‍, സിഇഎസ്എല്‍ (കണ്‍വര്‍ജന്‍സ് എനര്‍ജി സര്‍വീസസ്) കമ്പനികളുമായി ടിവിഎസ് മോട്ടോര്‍ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാപാരം

ബിഎംഡബ്ല്യു ഗ്രൂപ്പുമായും ഇന്ത്യയില്‍ ടിവിഎസിന് സഹകരണമുണ്ട്. ബിഎംഡബ്ല്യുവിന്റെ ഇരുചക്ര ബ്രാന്‍ഡായ മോട്ടോറാഡുമായി ചേര്‍ന്ന് പുതിയ ഇവി മോഡലുകള്‍ ടിവിഎസ് വികസിപ്പിക്കും. വെള്ളിയാഴ്ച്ച 627.70 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 813.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 495 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 37.76. ഡിവിഡന്റ് യീല്‍ഡ് 0.82 ശതമാനം.

ബജാജ് ഓട്ടോ

ബജാജ് ഓട്ടോ

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് ബജാജ് പ്രധാനമായും വിപണിയില്‍ എത്തിക്കുന്നത്. മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയെല്ലാം ബജാജിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ കാണാം. ചകാനിലും വാലുജിലും പാന്ത്‌നഗറിലുമാണ് കമ്പനിയുടെ നിര്‍മാണശാലകള്‍. പൂനെയിലെ അകൂര്‍ദിയില്‍ ഗവേഷണ വികസന കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.

 
ഉദ്ദേശ്യം

അടുത്തിടെ ഇവി സെഗ്മന്റില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ബജാജ് ഓട്ടോ അറിയിക്കുകയുണ്ടായി. ഉത്പാദനവുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്ന സര്‍ക്കാരിന്റെ പിഎല്‍ഐ പദ്ധതിയിലാണ് കമ്പനിയുടെ കണ്ണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ടാണ് 1,000 കോടി രൂപയുടെ നിക്ഷേപം ബജാജ് ഓട്ടോ നടത്തുക. പൂനെയിലെ നിര്‍മാണശാലയില്‍ പ്രത്യേക വൈദ്യുത യൂണിറ്റുതന്നെ കമ്പനി സ്ഥാപിക്കും. പ്രതിവര്‍ഷം അഞ്ച് ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുകയാണ് ആദ്യഘട്ടത്തില്‍ ബജാജിന്റെ ഉദ്ദേശ്യം.

ചേതക്ക്

നിലവില്‍ ചേതക്കാണ് ബജാജിന്റെ ഏക വൈദ്യുത മോഡല്‍. 2021 ഡിസംബര്‍ പാദം ചേതക്കിന്റെ 2,000 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. 10,000 -ത്തില്‍പ്പരം ചേതക്ക് ബുക്കിങ്ങുകള്‍ ബജാജിനെ തേടിയെത്തിയിട്ടുണ്ട്. എട്ടു നഗരങ്ങളിലാണ് ചേതക്ക് വില്‍പ്പനയിലുള്ളത്. അടുത്ത 9-12 മാസംകൊണ്ട് ഇന്ത്യ മുഴുവന്‍ ചേതക്കിനെ ലഭ്യമാക്കാന്‍ ബജാജിന് ആലോചനയുണ്ട്. ഇതിനിടെ, ജൂണില്‍ മറ്റൊരു പുതിയ ഇവി മോഡലും ബജാജ് നിരയില്‍ തലയുയര്‍ത്തും.

വെള്ളിയാഴ്ച്ച 3,733.30 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 4,347 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 3,027.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 17.44. ഡിവിഡന്റ് യീല്‍ഡ് 3.75 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X