ഇഎംഐ ഉയരുന്നു; ഭവന വായ്പ നേരത്തെയടച്ചാല്‍ ഈ ലോണുകാര്‍ക്ക് ഗുണകരം

ആഗോള തലത്തില്‍ തന്നെ വിലക്കയറ്റവും അതിനെ തുടര്‍ന്നുള്ള പണപ്പെരുപ്പവും ഭീഷണിയായി തുടരുകയാണ്. ഇന്ത്യയിലും 8 വര്‍ഷങ്ങള്‍ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് തുടരുന്നത്. അതിനാല്‍ റിസര്‍വ് ബാങ്കും പണപ്പെരുപ്പ ഭീഷണിയുടെ വെല്ലുവിളി അവസാനിപ്പിക്കാനുള്ള ഉദ്യമത്തിലാണ്. ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി രാജ്യത്തെ കേന്ദ്രബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി. ഒരു മാസക്കാലയളവില്‍ ഏകദേശം ഒരു ശതമാനത്തോളമാണ് വായ്പകളുടെ പലിശ നിരക്കിനെ നേരിട്ട് സ്വാധീനിക്കാവുന്ന റിപ്പോ നിരക്കുകളില്‍ വര്‍ധന വരുത്തിയത്.

എംപിസി

കൃത്യമായി സൂചിപ്പിച്ചാല്‍ ഇക്കഴിഞ്ഞ മേയ് 4-ന് അടിയന്തര പണനയ അവലോകന സമിതി (എംപിസി) കൂടി 40 അടിസ്ഥാന പോയിന്റ് അഥവാ 0.40 ശതമാനം റിപ്പോ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നു. ഇതിനു ഒരു മാസം കഴിയവെ ജൂണ്‍ 8-ന് അവസാനിച്ച മൂന്നാം എംപിസി യോഗത്തില്‍ 50 അടിസ്ഥാന പോയിന്റ് അഥവാ 0.50 ശതമാനം കൂടി റിപ്പോ നിരക്കുകളില്‍ വര്‍ധിപ്പിച്ചു. അതായത് 36 ദിവസത്തിനുള്ളില്‍ ആകെ 0.90 ശതമാനം വര്‍ധനയാണ് റിപ്പോ നിരക്കുകളില്‍ പ്രാബല്യത്തില്‍ വരുത്തിയത്.

ഇതോടെ ഭവന വായ്പയെടുത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് പലിശ ഭാരം വര്‍ധിക്കുകയാണ്. പ്രത്യേകിച്ചും അസ്ഥിര (Floating) നിരക്കില്‍ ഹോം ലോണ്‍ എടുത്തവര്‍ക്ക് ഈ നടപടി തിരിച്ചടിയാകും. ഇഎംഐ വിഹിതത്തില്‍ വര്‍ധനയുണ്ടാകുന്നത് കുടുംബ ബജറ്റിലും സമ്മര്‍ദമേല്‍പിക്കും.

വായ്പയുടെ

അതേസമയം വായ്പയുടെ ഒരു ഭാഗം നേരത്തെ തിരിച്ചടയ്ക്കുന്നതിലൂടെ, പലിശ ചുമത്തപ്പെടുന്ന തുക കുറച്ചു കൊണ്ടുവരാനാകും. എന്നാല്‍ വായ്പ നേരത്തെ തിരിച്ചടയ്ക്കുന്നത് എല്ലാ വിഭാഗം വായ്പ സ്വീകര്‍ത്താക്കള്‍ക്കും എല്ലായ്‌പ്പോഴും പ്രയോജനം ചെയ്തുവെന്ന് വരില്ല. മറ്റ് ബാങ്ക് ലോണുകളേക്കാള്‍ ഭവന വായ്പയ്ക്കുള്ള പലിശ നിരക്ക് താരതമ്യേന താഴ്ന്ന നിരക്കിലായിരിക്കും. അതുപോലെ ലോണിന്റെ മുതലിലും പലിശയിലും സര്‍ക്കാരില്‍ നിന്നും നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. മേല്‍സൂചിപ്പിച്ചവയ്ക്കും ചില പിരധികള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഭൂരിഭാഗം സാഹചര്യങ്ങളിലും ഭവന വായ്പ ഭാഗികമായി തിരിച്ചടയ്ക്കുന്നത് ഗുണകരമാകും. ഏതൊക്കെ സാഹചര്യങ്ങളിലാണ് നേരത്തെയുള്ള വായ്പ തിരിച്ചടവ് ഗുണകരമാകുക എന്നു നോക്കാം.

വാര്‍ഷിക പലിശയടവ് 2 ലക്ഷത്തിന് മുകളില്‍

വാര്‍ഷിക പലിശയടവ് 2 ലക്ഷത്തിന് മുകളില്‍

ഭൂരിഭാഗം ഭവന വായ്പ സ്വീകര്‍ത്താക്കളും ആദായ നികുതി നിയമത്തിലെ വകുപ്പ് 24-ബി ഉപയോഗപ്പെടുത്തി 2 ലക്ഷം രൂപ വരെ പലിശയിലുള്ള തിരിച്ചടവിന് നികുതി കിഴിവ് നേടുന്നുണ്ട്. അതേസമയം ആദായ നികുതി വലയുടെ 20% അല്ലെങ്കില്‍ 30% സ്ലാബ് നിരക്കിന് കീഴില്‍ വരുന്നവര്‍ക്ക് 24-ബിയുടെ നികുതി ആനുകൂല്യം യഥാക്രമം 40,000 രൂപയും 60,000 രൂപയുമായിരിക്കും. അതിനാല്‍ വായ്പ നേരത്തെ തിരിച്ചടയ്ക്കുന്നതിനു പകരം അധികമായി കൈവശമുള്ള പണം നിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ പലിശ നിരക്കിലെ വര്‍ധനവ് ഈ ബാലന്‍സിങ് കളിയെ അലോസരപ്പെടുത്തുന്നതാണ്.

ഭവന വായ്പ

ഉദാഹരണത്തിന് 30 ലക്ഷം രൂപയുടെ ഭവന വായ്പ 6.75 ശതമാനം നിരക്കില്‍ എടുത്തിട്ടുണ്ടെങ്കില്‍ ഇതുവരെ പലിശയിനത്തില്‍ പോകുന്നത് വര്‍ഷം 2 ലക്ഷം രൂപയായിരുന്നു. എന്നാല്‍ പലിശയില്‍ 1 ശതമാനത്തേളം വര്‍ധനവുണ്ടാകുന്നതോടെ പലിശയിനത്തിലെ ചെലവ് 2.3 ലക്ഷമായി ഉയരും. അതായത് അധികമായി നികുതി ആനുകൂല്യമൊന്നും ലഭിക്കാതെ പലിശയായി 30,000 രൂപ കൂടുതല്‍ കൈയില്‍ നിന്നും നഷ്ടമാകും. ഇത്തരം സന്ദര്‍ഭത്തില്‍ വായ്പയിലെ മുതലില്‍ ഭാഗിക തിരിച്ചടവ് പലിശ ഇനത്തിലെ ചെലവ് 2 ലക്ഷത്തിലേക്ക് താഴ്ത്തുകയും നികുതി ആനുകൂല്യം മുതലാക്കി കൈയില്‍ വരുന്ന പണത്തെ കാര്യക്ഷമമായി വിനിയോഗിക്കാനും സാധിക്കും.

ആനുകൂല്യം

മേല്‍സൂചിപ്പിച്ച വായ്പ ഉദാഹരണത്തില്‍, 4 ലക്ഷം രൂപ നേരത്തെ തിരിച്ചടയ്ക്കാമെങ്കില്‍ വാര്‍ഷിക പലിശ ചെലവ് 2 ലക്ഷത്തിനുള്ളിലേക്ക് താഴ്ത്താനും നികുതി ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താനും സാധിക്കും. വളരെയധികം ഉയര്‍ന്ന വായ്പ തുക മിച്ചമുള്ളവര്‍ ഉയര്‍ന്ന തോതിലോ അല്ലെങ്കില്‍ ഇടവേളകളില്‍ കുറഞ്ഞ തോതില്‍ ഭാഗികമായി നേരത്തെ തിരിച്ചടവ് നടത്തിയാലും പലിശയിനത്തിലെ ചെലവ് 2 ലക്ഷത്തിലേക്ക് താഴ്ത്തികൊണ്ട് വരാം. ഇതിനായി കുറഞ്ഞ ആദായം തരുന്ന നിക്ഷേപ പദ്ധതികളിലെ പണം പിന്‍വലിച്ച് ഭവന വായ്പ നേരത്തെ തിരിച്ചടയ്ക്കുന്നതിന് വിനിയോഗിക്കുന്നത് ഫലപ്രദമാകും. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളിലേക്കുള്ള കരുതല്‍ ധനമാണ് ഇപ്രകാരം സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ പിന്‍വലിക്കുന്നത് ഉചിതമാവില്ല.

80-സി കിഴിവ് പൂര്‍ണമായി വിനിയോഗിക്കാത്തവര്‍

80-സി കിഴിവ് പൂര്‍ണമായി വിനിയോഗിക്കാത്തവര്‍

ഭവന വായ്പയിലെ മുതലിലേക്കുള്ള തിരിച്ചടവിന് ആദായി നികുതി നിയമത്തിലെ 80-സി വകുപ്പ് പ്രകാരം 1.5 ലക്ഷം വരെ ഇളവ് ലഭിക്കും. എന്നാല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി പ്രീമിയം, 50,000 രൂപ വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ ഫീസ് തുടങ്ങിയവ പോലുള്ള നിക്ഷേപ/ ചെലവുകള്‍ 80-സി കിഴിവിനായി അര്‍ഹതയുള്ളവയാണ്. അതിനാല്‍ ഇത്തരം നിക്ഷേപ/ ചെലവുകള്‍ മാറ്റിനിര്‍ത്തിയിട്ടു വരുന്ന തുകയ്ക്ക് ആനുപാതികമായി ഭവന വായ്പയിലെ മുതലിലേക്ക് തിരിച്ചടയ്ക്കുന്നത് ഈ നികുതി ആനുകൂല്യം ഫലപ്രദമായി വിനിയോഗിക്കാനും അതുവഴി കഷ്ടപ്പെട്ട് നേടുന്ന പണം പലിശയിനത്തില്‍ പാഴായി പോകാതെ പ്രയോജനപ്പെടുത്താനും സാധിക്കും.

നികുതി ആനുകൂല്യം ആവശ്യമില്ലാത്തവര്‍

ആനുകൂല്യം ആവശ്യമില്ലാത്തവര്‍

നിലവിലെ ആദായ നികുതി ഘടനയും ആനുകൂല്യങ്ങളും ഫലപ്രദമായി വിനിയോഗിച്ചാല്‍ 7-8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയൊടുക്കാതെ കടന്നു പോകാനാകും. 50,000-ന്റെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും 80-സിയില്‍ 1.5 ലക്ഷവും എല്‍ടിഎ പോലുള്ള മറ്റ് നികുതി ആനുകൂല്യങ്ങളും മെഡിക്കല്‍ ഇന്‍ഷൂറന്‍സും ഒക്കെ പ്രയോജനപ്പെടുത്തി പണം ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും. അതിനാല്‍ ഭവന വായ്പയെ നികുതി ലാഭത്തിനായി ആവശ്യമില്ലാത്തവര്‍ നേരത്തെ തിരിച്ചടയ്ക്കുന്നത് യുക്തിപൂര്‍വമായ തീരുമാനമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X