ഭവന വായ്പ പലിശ നിരക്ക് ഉയര്‍ന്നിരിക്കുകയാണ്. എസ്ബിഐ നിരക്ക് ഉയര്‍ത്തിയത് ജൂണ്‍ ഒന്നിന് നിലവില്‍ വന്നു. പണപ്പെരുപ്പ നിരക്ക് പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് ഉയര്‍ത്തിയതാണ് വായ്പകളില്‍ പ്രതിഫലിച്ചത്. ഇനിയും നിരക്ക് വര്‍ധനയാണ് സാമ്പത്തിക ലോകം പ്രതീക്ഷിക്കുന്നത്. അടുത്ത ആർബിഐയുടെ അടുത്ത പണനയ അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം പ്രതീക്ഷിക്കാം. ഫ്‌ലോട്ടിംഗ് പലിശ നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് വലിയ തിരിച്ചടിയാണിത് ഉണ്ടാക്കുന്നത്. വരുന്ന മാസങ്ങളില്‍ വരുമാനത്തിലെ വലിയ തുക ഇഎംഐ അടവിനായി ഭവന വായ്പയുള്ളവര്‍ക്ക് മാറ്റിവെക്കേണ്ടി വരും.
പലിശ നിരക്കിലെ ദശാംശങ്ങളുടെ മാറ്റം എങ്ങനെയാണ് ഭീകരമായി ജനങ്ങളെ ബാധിക്കുന്നതെന്ന് നോക്കാം, 20 വര്‍ഷ കാലാവധിയില്‍ ഒരു കോടി രൂപ ഭവന വായ്പയെടുത്ത ഒരാള്‍ക്ക് പലിശ നിരക്ക് മാറ്റം വലിയ രീതിയിൽ ബാധിക്കും. 6.75 ശതമാനമായിരുന്ന വാര്‍ഷിക പലിശ നിരക്ക് 7 ശതമാനമായാല്‍ മൊത്തം അടക്കേണ്ട പലിശയില്‍ 3.58 ലക്ഷം രൂപ വര്‍ധിക്കും. പലിശ നിരക്കിലെ മാറ്റം ഇഎംഐയില്‍ ചേര്‍ത്ത് അടവ് തുടരുകയാണെങ്കില്‍ 76,036 രൂപയുള്ള മാസ അടവ് 77,530 രൂപയായി ഉയരും. ഇതിന് പരിഹാരമായി വായ്പ ഭാഗികമായെങ്കിലും മുന്‍കൂര്‍ അടച്ചു തീര്‍ക്കുകയാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാലിത് എല്ലാ തരക്കാര്‍ക്കും പ്രയോജനമുണ്ടാക്കുന്നില്ല. മറ്റു വായ്പകളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണ് ഭവന വായ്പയ്ക്ക്. പലിശയ്ക്കും വായ്പ തുകയ്ക്കും ആദായ നികുതി ഇളവും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ക്കൊക്കെ നേരത്തെയുള്ള തിരിച്ചടവ് ഗുണകരമാകുമെന്ന് നോക്കാം.
വര്‍ഷത്തില്‍ പലിശ 2 ലക്ഷം രൂപയ്ക്ക് മുകളില്‍
ഭവന വായ്പയുടെ പലിശ ഇനത്തില്‍ അടയ്ക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ ആദായനികുതി നിയമം ഇളവ് അനുവദിക്കുന്നുണ്ട്. സെക്ഷന്‍ 24ബി പ്രകാരമാണ് ഇളവ് ലഭിക്കുന്നത്. പലിശ നിരക്ക് ഉയരുമ്പോൾ വര്‍ഷത്തില്‍ പലിശ ഇനത്തിൽ അടയ്ക്കുന്ന തുക രണ്ട് ലക്ഷത്തില്‍ കൂടിയാല്‍ നികുതി ഇളവിലെ നേട്ടമില്ലാതാകും. ഉദാഹരണത്തിന് 30 ലക്ഷം രൂപ ഭവന വായ്പ 6.75 ശതമാനം നിരക്കില്‍ വര്‍ഷത്തില്‍ 2 ലക്ഷം രൂപയിൽ കുറവാണ് പലിശ അടക്കുന്നത്. പലിശ നിരക്ക് 1% വര്‍ധിച്ചാല്‍ പലിശ 2.3 ലക്ഷം രൂപയാകും. ഈ സാഹചര്യത്തില്‍ വായപ തുകയുടെ ഒരു ഭാഗം മുന്‍കൂറായി അടച്ച് പലിശയില്‍ കുറവ് വരുത്തുന്നത് ഉപകാരമാകും. മുകളിലെ സാഹചര്യത്തിൽ വായ്പയിൽ 4 ലക്ഷം രൂപ മുന്‍കൂര്‍ അടച്ചാല്‍ വാര്‍ഷിക പലിശ രണ്ട് ലക്ഷം രൂപയില്‍ താഴെ നില്‍ക്കും.
80സി പൂര്‍ണമായും ഉപയോഗിക്കാത്ത സാഹചര്യത്തില്‍
വായ്പ തുക തിരിച്ചടക്കുന്നത് വഴി വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ ഇളവുണ്ട്. ഇത് നേടാന്‍ മുന്‍കൂറായി വായ്പ തുക തിരിച്ചടക്കാം. 7.5 ശതമാനം പലിശ നിരക്കില്‍ 25 ലക്ഷം 20 വര്‍ഷത്തേക്ക് തിരിച്ചടയ്ക്കുന്നൊരാള്‍ വര്‍ഷത്തില്‍ 56,080 രൂപയാണ് മുതലിലേക്ക് അടയ്ക്കുന്നത്. ഇത് പ്രകാരം നികുതിയിളവ് ലഭിക്കാവുന്ന 93,920 രൂപ വര്‍ഷത്തില്‍ ഉപയോഗിക്കാത പോവുകയാണ്. ആദായ നികുതി ലഭിക്കുന്ന മറ്റു നിക്ഷേപങ്ങളില്‍ നിന്ന് 50,000 രൂപയോളം നികുതിയിളവ് തേടുന്നവരാണെങ്കില്‍ ഇത് കഴിചച് 43,920 രൂപ മുതലിലേക്ക് അടച്ച് നികുതിയിളവ് സ്വന്തമാക്കാം. മറ്റ് നിക്ഷേപങ്ങളില്‍ നിന്ന നികുതി ഇളവ് നേടാനില്ലെങ്കില്‍ 93,920 രൂപയുമടച്ച് പലിശ കുറയ്ക്കാം. നികുതിയളവ് ആവശ്യമില്ലാത്തവരാണെങ്കില്‍ ആദായം കുറഞ്ഞ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് ഭവന വായ്പ തിരിച്ചടവ് നടത്താം. ഇത്തരത്തില്‍ മുന്‍കൂര്‍ അടയ്ക്കുന്നത് ഉയര്‍ന്ന പലിശ നിരക്കിന്റെ ബാധ്യതയില്‍ ആശ്വാസമാകും. അത്യാവശ്യ കാര്യങ്ങള്‍ക്കായി നീക്കിവെച്ച ഫണ്ട് ഇത്തരത്തില്‍ ഉപയോഗിക്കരുത്.


Click it and Unblock the Notifications