സ്വർണം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട നിക്ഷേപ ഓപ്ഷനുകളിലൊന്നാണ്. ദീർഘകാലത്ത് മികച്ച റിട്ടേൺ നൽകുന്ന, വിപണി അസ്ഥിരതയുടെ കാലത്തും മുന്നേറ്റം നടത്തുന്നതിനാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് എപ്പോഴും മികച്ച തീരുമാനമായി മാറും. സ്വർണാഭരണം വാങ്ങി സൂക്ഷിക്കുന്നതിന് ബദൽ നിക്ഷേപ മാർഗങ്ങൾ സ്വീകര്യമായ കാലത്ത് കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കുന്നുണ്ടെന്ന് പറയാം.
ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് പോലെ സ്വർണത്തിൽ ഇടപാട് നടത്താൻ സാധിക്കുന്ന ഗോൾഡ് ഇടിഎഫ്, സ്വർണ മ്യൂച്വൽ ഫണ്ടുകൾ, ഡിജിറ്റൽ ഗോൾഡുകൾ, സോവറിൻ ഗോൾഡ് ബോണ്ട് എന്നിവ വഴി വീട്ടിലിരുന്ന് തന്നെ സ്വർണത്തിൽ നിക്ഷേപിക്കാം.
നിക്ഷേപ മാർഗങ്ങൾ സ്വർണ വിലയെ ട്രാക്ക് ചെയ്യുന്നവയായതിനാൽ സ്വർണ വിലയിലെ മുന്നേറ്റമാണ് ഇവയിൽ നേട്ടമുണ്ടാക്കുന്നത്. റിട്ടേൺ പരിശോധിക്കുമ്പോൾ പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ പരാജയപ്പെടുന്ന ഏതൊരു നിക്ഷേപവും മോശം നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. സ്വർണം ഉൾപ്പെടെ എല്ലാ അസറ്റ് ക്ലാസുകൾക്കും ഇത് ബാധകമാണ്. പൊതുവെ ഇത്തരമൊരു പേരുദോഷം കാണിക്കാത്ത നിക്ഷേപമാണ് സ്വർണം.

ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം പണപ്പെരുപ്പത്തെ സുഖകരമായി തോൽപ്പിച്ചതായി ഡാറ്റ പരിശോധിച്ചാൽ കാണാം. 8 വർഷം മുൻപ് ആരംഭിച്ച സോവറിൻ ഗോൾഡ് 5 വർഷം കൊണ്ട് തന്നെ 125 ശതമാനത്തോളം റിട്ടേൺ നൽകി. സ്വർണത്തിൽ നിക്ഷേപിക്കുന്നൊരാൾക്ക് പണപ്പെരുപ്പത്തെ മറികടക്കുന്ന റിട്ടേൺ ലഭിക്കാൻ എത്ര സമയമെടുക്കുമെന്ന് നോക്കാം.
സ്വർണ വില
നിക്ഷേപങ്ങള്‍ക്ക് ഉപയോഗിക്കുന്ന 24 കാരറ്റ് സ്വര്‍ണത്തിന്റെയും ആഭരണത്തിനായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന്റെയും ജൂണ്‍ 2 നുള്ള വില പരിശോധിക്കാം. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 340 രൂപയാണ് വര്‍ധിച്ചത്. 61,100 രൂപയാണ് വില. 1 ഗ്രാമിന് 34 രൂപ വര്‍ധിച്ച് 6,110 രൂപയായി.
22 കാരറ്റ് 8 ഗ്രാം(പവന്‍) സ്വർണത്തിന് 44,800 രൂപയാണ് ജൂണ്‍ രണ്ടിന് വില. 240 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപ കൂടി 5,600 രൂപയായി.
ദീർഘകാല നിക്ഷേപം
ഫണ്ട്‌സ്‌ഇന്ത്യയുടെ 'വെൽത്ത് കോൺവർസേഷൻ റിപ്പോർട്ട്' പ്രകാരം, 10-15 വർഷത്തെ ദീർഘകാലാ നിക്ഷേപത്തിലൂടെ സ്വർണത്തിന് പണപ്പെരുപ്പത്തിന് മുകളിലുള്ള വരുമാനം നൽകാൻ സാധിച്ചിട്ടുണ്ട്. സമ്പത്തുണ്ടാക്കുന്നതിനായി നിക്ഷേപിക്കുന്നവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തേക്കാൾ 1 മുതൽ 3 ശതമാനം അധിക വരുമാനം സ്വർണം നൽകാറുണ്ട്.
അതേസമയം, സ്വർണ വില മന്ദഗതിയിലാകുന്ന കാര്യവും നിക്ഷേപകർ ശ്രദ്ധിക്കണം. എന്നാൽ വില ഉയർന്നുകഴിഞ്ഞാൽ അത് മുൻപത്തെ ഉയർന്ന നിരക്കിലേക്ക് തിരിച്ചുവരാറുണ്ട്.
സ്വർണ വില വർധനവ്
1980 ൽ സ്വർണം ഏറ്റവും ഉയർന്ന വിലയിലെത്തി. പക്ഷേ വീണ്ടും ഒരു പുതിയ ഉയർന്ന വിലയിലെത്താൻ 10 വർഷമെടുത്തു. സമാനമാണ് 1996-നും 2003-നും ഇടയിലെ കാര്യം. 1996-ലെ ഏറ്റവും ഉയർന്ന നിലയിലെത്താൻ പിന്നീട് 8 വർഷമാണ് സ്വർണത്തിന് ആവശ്യമായി വന്നത്. 2012 നും 2019 നും ഇടയിൽ 7 വർഷമെടുത്താണ് സ്വർണ വില 2012 ലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയത്.
സ്വർണ വിലയെ സ്വാധീനിക്കുന്നവ
ആഗോള സാമ്പത്തിക സ്ഥിതി എന്നും സ്വർണ വിലയെ സ്വാധീനിക്കാറുണ്ട്. യുഎസ് റിയൽ യീൽഡുമായി ഒരു വിപരീത ബന്ധം സ്വർണം കാണിക്കുന്നുണ്ട്. യുഎസ് റിയൽ യീൽഡ്സ് കുറയുമ്പോൾ സ്വർണ വില ഉയരും. നേരെ മറിച്ച് യീൽഡ് വർധിക്കുമ്പോൾ സ്വർണ വിലയിൽ വിപരീതി ഫലമാണ് സംഭവിക്കുന്നത്. യുഎസ് റിയൽ യീൽഡും ഡോളർ- രൂപ തമ്മിലുള്ള ചലനവുമാണ് സ്വർണ വിലയെ നയിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.


Click it and Unblock the Notifications