ഉറപ്പായതെന്തും ആളുകൾക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് അത് കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ കാര്യമാകുമ്പോൾ. അപകട സാധ്യത കുറയുന്നതനുസരിച്ച് ആളുകൾക്ക് നിക്ഷേപങ്ങളോടുള്ള സമീപനം കൂടി വരും. ഇത് തന്നെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ കൂടുതൽ ജനപ്രിയമാക്കുന്നത്. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും മറ്റ് നിക്ഷേപ പദ്ധതികളേക്കാൾ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ സ്വീകര്യത വർദ്ധിക്കാൻ കാരണമായി. ഇത്തരത്തിൽ സ്ഥിര വരുമാനത്തോടൊപ്പം ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (പിഒഎംഐഎസ്). ഒറ്റത്തവണ പ്രാഥമിക നിക്ഷേപത്തിൽ നിന്നും നിക്ഷേപകന് പ്രതിമാസ വരുമാനം നേടാൻ സാധിക്കും. 7.4 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണിത്.
നിക്ഷേപകരുടെ കീശ നിറച്ച് കൺസ്ട്രക്ഷൻ കമ്പനികൾ, നേട്ടം 170 മുതൽ 400 ശതമാനം വരെ, നിങ്ങളുടെ കയ്യിലുണ്ടോ ഈ ഓഹരി
ഒറ്റയ്ക്കും സംഘമായി മൂന്ന് പേർക്കുവരെ ജോയിന്റ് അക്കൗണ്ടും തുറക്കാൻ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. അതേസമയം കുട്ടികൾക്കുവേണ്ടി നിയമപരമായ രക്ഷിതാവിനും അക്കൗണ്ട് തുറക്കാം. പത്ത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം നിലയിൽ തന്നെ അക്കൗണ്ട് തുറക്കാൻ സാധിക്കും. 1000 രൂപയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി സ്കീമിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം. സിംഗിൾ അക്കൗണ്ടിൽ ഒൻപത് ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും ഇത്തരത്തിൽ പരമാവധി നിക്ഷേപിക്കാൻ അവസരം ലഭിക്കുന്നു. അതേസമയം 1000ന്റെ തവണകൾ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ.

പ്രതിവർഷം 7.4 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും നിശ്ചിത തുക നിക്ഷേപകന്റെ അക്കൗണ്ടിലെത്തും. ഇത് പിൻവലിക്കാനും അവിടെ തന്നെയിടാനുമുള്ള അവസരം നിക്ഷപകനുണ്ട്. എന്നാൽ, അക്കൗണ്ടിൽ പണം ഇടുന്നതിന് അധിക പലിശ ലഭിക്കില്ല. ആദ്യ നിക്ഷേപിക്കുന്ന തുകയായിരിക്കും പ്രിൻസിപ്പൽ തുകയായി കണക്കാക്കുക. അതേസമയം, ഇത്തരത്തിൽ ലഭിക്കുന്ന തുക നികുതിക്ക് വിധേയമാണെന്നതും അറിഞ്ഞിരിക്കാം.
അഞ്ച് വർഷമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന്റെ മെച്വൂരിറ്റി കാലയളവ്. നിക്ഷേപം നടത്തി അടുത്ത മാസം മുതൽ പ്രതിമാസ പലിശയും അഞ്ച് വർഷത്തിന് ശേഷം നിക്ഷേപ തുകയും തിരിച്ചുകിട്ടും. അതേസമയം, അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപകൻ മരണപ്പെടുകയാണെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയും നോമിനിക്കോ നിയമപ്രകാരമുള്ള അവകാശിക്കോ പണം ലഭിക്കും.
സിംഗിൾ അക്കൗണ്ടിൽ പരമാവധി നിക്ഷേപിക്കാൻ സാധിക്കുന്ന ഒൻപത് ലക്ഷം രൂപ ഇട്ടാൽ ഒരു വ്യക്തിക്ക് പ്രതിമാസം 7.4 ശതമാനം പലിശ നിരക്കിൽ 5550 രൂപ നേടാൻ സാധിക്കും. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കാം എന്നതിനാൽ 9250 രൂപ പ്രതിമാസം വരുമാനമായി നേടാൻ സാധിക്കും. അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും. അതിനായി തിരിച്ചറിയൽ രേഖയ്ക്കൊപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫൊട്ടോയും അപേക്ഷയ്ക്കൊപ്പം നൽകണം.


Click it and Unblock the Notifications