ക്രെഡിറ്റ്, വായ്പ തുടങ്ങിയവയോട് പൊതുവെ അകലം കാണിക്കുന്നതാണ് സാധാരണക്കാകരുടെ ശീലം. ഇതിനാല്‍ തന്നെ പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡുകളോട് താല്പര്യമുണ്ടാകില്ല. എന്നാല്‍ പുതിയ കാലത്തെ കണക്ക് നേരെ തിരിച്ചാണ്. രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 2022 ജൂലായിലെ കണക്ക് പ്രകാരം 78 ദശലക്ഷമാണ് രാജ്യത്ത് ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍.
ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രധാനമായും ഷോപ്പിംഗ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എടിഎം വഴി പണം എടുക്കാനും ക്രെഡിറ്റ് കാര്‍ഡ് വഴി സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ക്യാഷ് ബാക്ക്, റിവാര്‍ഡ് എന്നിവ തന്നെയാണ് ഇവയുടെ ആകര്‍ഷണീയത.
കടം വാങ്ങാതെ പണം ഉപയോഗിക്കാനും നിശ്ചിത ദിവസത്തിന് ശേഷം പലിശ രഹിതമായി തിരിച്ചടയ്ക്കാനും ക്രെഡിറ്റ് കാര്‍ഡ് വഴി സാധിക്കും. ഈ സൗകര്യങ്ങള്‍ ലഭിക്കുന്ന ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ പോവുകയാണോ. എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കുന്ന വിവരങ്ങളാണ് ചുവടെയുള്ളത്.

ഏതാണ് നിങ്ങള്‍ക്ക് പറ്റിയ കാര്‍ഡ്
എല്ലാ ആവശ്യങ്ങള്‍ക്കും ഇളവുകള്‍ ലഭിക്കുന്ന ഒരു ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക എന്നത് പ്രയാസകരമാണ്. ഓരോ കാര്‍ഡുകളും പ്രത്യേക ചെലവുകള്‍ക്കായി രൂപകല്പന ചെയ്തവയാണ്. ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പായി സ്വന്തം ആവശ്യകത ആദ്യം മനസിലാക്കണം. എന്ത് തരം ചെലവുകള്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് മനസിലാക്കി അത്തരം ചെലവുകള്‍ക്ക് കൂടുതല്‍ ഇളവ് ലഭിക്കുന്ന കാര്‍ഡുകള്‍ തിരഞ്ഞെടുക്കണം.
വ്യക്തിഗത ചെലവുകള്‍ മനസിലാക്കിയും റിവാര്‍ഡുകള്‍ നോക്കിയും കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം. ഷോപ്പിംഗ് താല്‍പര്യമുള്ളവര്‍ക്ക് ക്യാഷ് ബാക്ക് നല്‍കുന്ന കാര്‍ഡ് ഉപകാരപ്പെടും. യാത്ര, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് കൂടുതല്‍ ചെലവാക്കുന്നവര്‍ക്ക് ഇതിന് ഇളവ് ലഭിക്കുന്ന ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നോക്കാം.
എങ്ങനെ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും
എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ സാധിക്കും. ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡാണ് ആവശ്യമെന്നതിന് അനുസരിച്ച് ബാങ്ക് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ബാങ്ക് വെബ്‌സൈറ്റില്‍ ക്രെഡിറ്റ് കാര്‍ഡിനായി പ്രത്യേക ഭാഗമുണ്ടാകും. ഇവിടെ നിന്ന് കാര്‍ഡ് തിരഞ്ഞെടുത്ത് 'apply now' എന്നിടത്ത് ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയാല്‍ ബാങ്ക് അപേക്ഷകന്റെ യോഗ്യത പരിശോധിച്ച് തുടര്‍ നടപടിക്കായി വിളിക്കും.
കെവൈസി വിവരങ്ങള്‍ പൂര്‍ത്തിയാക്കലാണ് അടുത്ത നടപടി. ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയോ ഫോണിലൂടെയോ വിശദാംശങ്ങള്‍ ശേഖരിക്കും. ഇതിന് ശേഷം 5-7 പ്രവൃത്തി ദിവസത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകന്റെ മേല്‍വിലാസത്തിലേക്ക് തപാലായി ലഭിക്കും. ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൂടി ഇതിനൊപ്പം വിശദമാക്കാം.
വരുമാനം
ക്രെഡിറ്റ് കാര്‍ഡുകള്‍ വരുമാന ഗ്രൂപ്പുകള്‍ക്ക് വേണ്ടി രൂപകല്പന ചെയ്തവയാണ്. നിശ്ചിത വരുമാന ഗ്രൂപ്പിന് താഴെയുള്ളവര്‍ക്ക് ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കില്ല. ചില ക്രെഡിറ്റ് കാര്‍ഡുകളില്‍ നിശ്ചിത വരുമാനക്കാര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. വരുമാനം സംബന്ധിച്ച രേഖകള്‍ നല്‍കേണ്ടതുണ്ട്.
Also Read: സ്ഥിര നിക്ഷേപത്തിന് പലിശ 9.26% വരെ; ഉയര്ന്ന പലിശ നല്‍കുന്ന 2 ബാങ്കുകള് നോക്കാം
ക്രെഡിറ്റ് സ്‌കോര്‍
അപേക്ഷകന് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിന് മുന്‍പ് ബാങ്ക് അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നുണ്ട്. മികച്ച ക്രെഡിറ്റ് സ്‌കോറുള്ള അപേക്ഷകന് തടസങ്ങളില്ലാതെ തന്നെ മികച്ച മികച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കും. മോശം ക്രെഡിറ്റ് സ്‌കോര്‍ അപേക്ഷ തള്ളിപോകാനുള്ളൊരു കാരണമാണ്. ഇവര്‍ക്ക് പ്രീപെയ്ഡ് കാര്‍ഡുകളോ എഫ്ഡി ഗ്യാരണ്ടി നല്‍കുന്ന സുരക്ഷിത കാര്‍ഡുകളോ ഉപയോഗിച്ച് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കും.
ഏത് ബാങ്ക്
മിക്ക വാണിജ്യ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നുണ്ട്. സ്വന്തം ബാങ്കിന്റെയോ മറ്റ് ബാങ്കുകളുടെയോ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം. സേവിംഗ്സ് അക്കൗണ്ടുള്ള ബാങ്കിന്റെ മികച്ച കാര്‍ഡ് തിരഞ്ഞെടുക്കുന്നത് നടപടി ക്രമങ്ങള്‍ എളുപ്പമാക്കും. സ്വന്തം അക്കൗണ്ടുള്ള ബാങ്കിൽ വ്യക്തികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ബാങ്ക് പ്രീ അപ്രൂവ്ഡ് ഓഫറുകള്‍ നല്‍കും.