ഉത്സവ സീസൺ വരാനിരിക്കെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വമ്പൻ ഡീലുകളാണ് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഈ ഓഫറുകൾ കാണുമ്പോൾ സ്വന്തമായൊരു ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലെന്ന് ആരും ചിന്തിച്ച് പോകും. ശമ്പളക്കാരായവര്‍ക്ക് പൊതുവെ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക എന്നത് വിഷമം പിടിച്ച കാര്യമല്ല. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ നിശ്ചയിക്കുന്ന പരിധിക്ക് മുകളില്‍ മാസ ശമ്പളമുള്ള വ്യക്തികളാണെങ്കില്‍ മികച്ച ക്രെഡിറ്റ് സ്‌കോറുമുള്ളൊരാള്‍ക്ക് എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും.
വ്യക്തികളുടെ വരുമാനം കണക്കാക്കി തിരിച്ചടവ് ശേഷി വിലയിരുത്തിയാണ് കമ്പനികള്‍ കാര്‍ഡ് അനുവദിക്കുന്നത്. അതേസമയം ശമ്പളം ഇല്ലാത്ത വ്യക്തികളാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ലഭിക്കും എന്നതാണ് പലരെയും കുഴപ്പിക്കുന്നത്. സംരംഭകരമായവര്‍ക്ക്, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുമോ? അപേക്ഷ നൽകി ഒരുപാട് തവണ ക്രെഡിറ്റ് കാർഡ് കിട്ടാത്തതിന്റെ സങ്കടമുള്ളവരാണെങ്കിൽ നിങ്ങൾക്ക് സഹായകരമാകുന്നതാണ് ഈ ലേഖനം.

ഈ രേഖകൾ തയ്യാറാക്കാം
ജോലിയോ വരുമാന രേഖകളോ ഇല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക എന്നത് അസാധ്യമായ കാര്യമല്ല. വരുമാന രേഖകളോ സാലറി അക്കൗണ്ടുകളോ ഇല്ലാത്തൊരാള്‍ക്ക് തിരിച്ചടവ് ശേഷി ഉറപ്പാക്കാന്‍ മറ്റു രേഖകള്‍ സമര്‍പ്പിക്കാം. ലോണ്‍ അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് ബ്യൂറോകളില്‍ നിന്നുള്ള തിരിച്ചടവ് റിപ്പോര്‍ട്ട് എന്നിവ നല്‍കാം. അപേക്ഷകന്റെ തിരിച്ചടവ് റെക്കോര്‍ഡ് പരിശോധിച്ച് കമ്പനികള്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കും.
സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡ്
ഒരു വിധത്തിലും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാത്തതിന് ക്രെഡിറ്റ് സ്‌കോര്‍ കാരണമാകാറുണ്ട്. ഈ അവസരത്തില്‍ സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. സ്ഥിര നിക്ഷേപം ആരംഭിക്കുകയും ഇതിനെതിരെ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുകയും ചെയ്യും. സ്ഥിര നിക്ഷേപ തുകയുടെ 75 ശതമാനം മുതല്‍ 90 ശതമാനം വരെയാണ് ക്രെഡിറ്റ് ലിമിറ്റ് ലഭിക്കുക.
വരുമാന രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവർക്കോ ക്രെഡിറ്റ് റെക്കോര്‍ഡില്ലാത്തവര്‍ക്കോ സ്ഥിര നിക്ഷേപമിട്ട് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാവുന്നതാണ്. ക്രെഡിറ്റ് സ്കോർ ഉയർത്തുന്ന പക്ഷം സാധാരണ ക്രെഡിറ്റ് കാർഡിലേക്ക് മാറുകയും ചെയ്യാം.
ആഡ്- ഓണ്‍ ക്രെഡിറ്റ് കാര്‍ഡ്
വരുമാന രേഖകളില്ലാതെ തന്നെ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാനുള്ള വഴിയാണ് അഡ്-ഓണ്‍ ക്രെഡിറ്റ് കാര്‍ഡ് അഥവാ സപ്ലിമെന്ററി ക്രെഡിറ്റ് കാര്‍ഡ്. കുടുംബാംഗത്തിന്റെ പ്രൈമറി ക്രെഡിറ്റ് കാര്‍ഡിനോട് ചേർന്ന് ആഡ്- ഓണ്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കും. പ്രൈമറി ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ ഭാര്യ/ഭര്‍ത്താവ്, രക്ഷിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍ എന്നിവര്‍ക്കാണ് ആഡ്-ഓണ്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക.
പ്രൈമറി ക്രെഡിറ്റ് കാര്‍ഡിലെ ക്രെഡിറ്റ് ലിമിറ്റാണ് മറ്റ് അംഗങ്ങള്‍ക്കായി വീതിക്കുന്നത്. ആഡ്-ഓണ്‍ ക്രെഡിറ്റ് കാര്‍ഡിന് എത്ര ലിമിറ്റ് നല്‍കണമെന്ന് പ്രൈമറി ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് തീരുമാനിക്കാം. രണ്ട് കാര്‍ഡുകള്‍ക്കുമായി സിംഗില്‍ സ്റ്റേറ്റ്‌മെന്റാണ് ലഭിക്കുന്നത്. ബില്‍ അടയ്ക്കാനുള്ള ഉത്തരവാദിത്വം പ്രൈമറി ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്കാണ്.
നിലവിൽ ലഭ്യമായ ക്രെഡിറ്റ് കാർഡിന് ആഡ്-ഓൺ ക്രെഡിറ്റ് കാർഡ് ലഭിക്കുമോ എന്ന കാര്യം ബാങ്കിൽ നിന്ന് തിരക്കണം. അപേക്ഷാ ഫോം പൂരിപ്പിച്ച് ഉദ്ദേശിച്ച ആഡ്-ഓൺ കാർഡ് ഹോൾഡറെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമ്പോൾ മേൽവിലാസം, ഐഡന്റിറ്റി എന്നിവയുടെ രേഖകൾ സമർപ്പിക്കണം. ആഡ്-ഓൺ കാർഡ് വഴി ക്രെഡിറ്റ് സ്കോർ ഉയർത്താൻ സാധിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
സേവിംഗ്‌സ് അക്കൗണ്ടിന് ലഭിക്കുന്ന പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാര്‍ഡ്
മികച്ച സാമ്പത്തിക സ്ഥിതിയുള്ളവർക്ക് ബാങ്കുകൾ സേവിംഗ്‌സ് അക്കൗണ്ടില്‍ ബാലൻസ് പരിശോധിച്ച് പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാറുണ്ട്. സേവിംഗ്‌സ് അക്കൗണ്ടിലെ ഇടപാട് അനുസരിച്ചാണ് ബാങ്ക് പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നത്. ഇത്തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ രേഖകൾ ഹാജരാക്കാതെ സ്വന്തമാക്കാം.


Click it and Unblock the Notifications