കഴിഞ്ഞ ദിവസങ്ങളിൽ വിലയിലുണ്ടായ നഷ്ടങ്ങളെല്ലാം തിരിച്ച് പിടിക്കുകയാണ് സ്വർണം. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 2560 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ചിങ്ങമാസം പിറന്നതോടെ കേരളത്തിൽ വീണ്ടും വിവാഹ സീസൺ ആരംഭിക്കുകയാണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരാൻ തന്നെയാണ് സാധ്യത.
ഇന്നത്തെ വില
പവന് 52,520 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ തികയുന്നതിന് മുന്നേ വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 840 രൂപയും, ഗ്രാമിന് 105 രൂപയുമാണ് ഒറ്റയടിക്ക് വില കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില.
ഓഗസ്റ്റ് മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 7-ആം തീയ്യതി 50,800 രൂപയായിരുന്നു സംസ്ഥാനത്ത് പവന്‍റെ വില. ആ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 10 ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് വർധിച്ചത് 2560 രൂപയാണ്.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണ വില റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. ട്രോയ് ഔൺസിന് 50.63 ഡോളർ (2.06%) വർധിച്ച് 2,508.18 ഡോളർ എന്നതാണ് നിരക്ക്. രാജ്യാന്തര വില ചരിത്രത്തിലാദ്യമായിട്ടാണ് 2,500 ഡോളർ നിലവാരം മറികടക്കുന്നത്. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 2,483 ഡോളർ എന്ന റെക്കോർഡാണ് തിരുത്തപ്പെട്ടത്.
യു.എസിൽ പണപ്പെരുപ്പം താഴ്ന്നത് പരിഗണിച്ച് കേന്ദ്ര ബാങ്കായ ഫെഡ്, പലിശ നിരക്കുകൾ അടുത്ത മാസം കുറച്ചേക്കുമെന്ന സൂചനകളാണ് സ്വർണ്ണത്തിന് കരുത്തായത്. യു.എസിൽ റീടെയിൽ പണപ്പെരുപ്പം 2021 വർഷത്തിന് ശേഷം ആദ്യമായ മൂന്ന് ശതമാനത്തിൽ താഴെ എത്തിയെന്ന റിപ്പോർട്ടുകളാണ് സ്വർണ്ണത്തിന് പ്രധാനമായും കരുത്തേകിയത്.

പവൻ വാങ്ങാൻ
സ്വർണവില കത്തിക്കയറിയ സാഹചര്യത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവില തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഗുണനിലവാരം - വിലയേറിയ ലോഹത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട നിർണായക ഘടകമാണ് സ്വർണ്ണത്തിൻ്റെ ഗുണനിലവാരം. സ്വർണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ മാർഗങ്ങളുണ്ട്.
2. വില - സ്വർണം വാങ്ങുന്നതിന് മുൻപ് വില കൃത്യമായി അറിഞ്ഞിരിക്കണം. കാരണം ആഭരണങ്ങളുടെ നിർമ്മാണച്ചെലവ് ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. അതുകൊണ്ടു തന്നെ സ്വർണാഭരണത്തിന്‍റെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.
3. തൂക്കം- ആഭരണം വാങ്ങുന്നതിന് മുൻപ് അതിന്‍റെ തൂക്കം കൃത്യമായി പരിശോധിക്കണം. ആഭരണത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ മരതകം, മാണിക്യം, വജ്രം, മുത്ത് തുടങ്ങിയ കല്ലുകളും ഉൾപ്പെടുത്തും. കല്ലുകളുടെ വിലയും ഗ്രാമിന് സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായി ഈടാക്കുന്നു, ഇത് ആഭരണത്തിൻ്റെ അന്തിമ വില വർദ്ധിപ്പിക്കും. അതിനാൽ കല്ലുകളുടെ നിരക്ക് പ്രത്യേകം ഈടാക്കുന്നുണ്ടോ, അതോ ആഭരണങ്ങൾക്കൊപ്പം വിലയിട്ടതാണോയെന്ന് മനസിലാക്കണം.


Click it and Unblock the Notifications