വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറി. എങ്കിലും നിര്‍ണായക നിലവാരങ്ങള്‍ തകരാതെ കാത്തുസൂക്ഷിച്ച് കുതിപ്പിനുള്ള സാധ്യത നിലനിര്‍ത്തിയാണ് സൂചികകള്‍ നില്‍ക്കുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം പരിഗണിക്കാമെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ അനുകൂലമായ വാര്‍ത്തകളും ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാലും ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഒരു സ്‌മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരി ശുപാര്‍ശ ചെയ്ത് ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സ്
രാജ്യാന്തര നിലവാരത്തില്‍ സവിശേഷ സ്റ്റീല്‍ ലോഹസങ്കരങ്ങള്‍ നിര്‍മിക്കുന്ന ഇടത്തരം വിഭാഗത്തിലുള്ള കമ്പനിയാണ് പഞ്ചാബിലെ ലുധിയാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സ് ലിമിറ്റഡ്. 1973-ലാണ് തുടക്കം. പടിപടിയായി വളര്‍ന്നു വരുന്ന കമ്പനിയുടെ, ഉന്നത മേന്മയിലുള്ള ഹോട്ട് റോള്‍ഡ് സ്്റ്റീല്‍ ബാറുകള്‍ നിര്‍മിക്കാനുള്ള വാര്‍ഷിക ഉത്പാദന ശേഷി 1.5 ലക്ഷം മെട്രിക് ടണ്ണാണ്. സവിശേഷ ലോഹസങ്കരങ്ങള്‍ നിര്‍മിക്കുന്നതില്‍ മുന്‍നിരയിലുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് എന്‍ജിനീയറിംഗ്, വാഹന നിര്‍മാണം, ട്രാക്ടര്‍, ബെയറിംഗും അനുബന്ധ വ്യവസായ മേഖലകളിലും ആവശ്യക്കാരേറെയാണ്. ടൊയോട്ട, ഹീറോ മോട്ടോ കോര്‍പ്, കാറ്റര്‍പില്ലര്‍, ഹിനോ മോട്ടോര്‍സ്, ബോഷ് തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ വര്‍ധമാന്‍ സ്റ്റീല്‍സിന്റെ ഉപഭോക്താക്കളാണ്.
അനുകൂല ഘടകം
അടുത്തിടെ ജപ്പാനിലെ പ്രമുഖ കമ്പനിയായ ഐച്ചി സ്റ്റീല്‍ കോര്‍പ്പറേഷനുമായി (എ.എസ്.സി) വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സുമായി സഹകരണത്തിനുള്ള ധാരണയിലെത്തിയിരുന്നു. ഐച്ചി സ്റ്റീല്‍ കോര്‍പ്പറേഷന്‍, ആഗോള കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയ്ക്കു വേണ്ടി സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നവരാണ്. ഇതോടെ ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ വര്‍ധമാന്‍ സ്റ്റീല്‍സിനും സ്വായത്തമാകും. ഇത് ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും ലാഭ മാര്‍ജിന്‍ മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനോടൊപ്പം ടെക്‌നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ കുതിപ്പിനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നുണ്ട്.
സാമ്പത്തികം
വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സിന്റെ (BSE: 534392, NSE: VSSL) സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനം 3.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 18.6 ശതമാനവും അറ്റാദായത്തില്‍ 20.9 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 359 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനായണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 19.47 കോടിയാണ്. ഇതില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തോളം ഇടിവാണ് കാണിച്ചത്. ഇതോടെ പ്രതിയോഹരി വരുമാനം 5.36 രൂപയില്‍ നിന്നും 4.81-ലേക്ക് താഴ്ന്നു.
ഓഹരി വിശദാംശം
വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സിന്റെ 60.87 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രമോട്ടര്‍ 1 ശതമാനത്തിലേറെ ഓഹരി വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, 37.7 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.60 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 113.27 നിരക്കിലാണ്. ഇടത്തരം സ്റ്റീല്‍ വിഭാഗത്തിലുള്ള ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 21.59 ആയിരിക്കുമ്പോള്‍ ഈ ഓഹരിയുടേത് 10.29 ആണെന്നതും ശ്രദ്ധേയമാണ്. നിലവിലെ കമ്പനിയുടെ വിപണി മൂല്യം 1,007 കോടി രൂപയാണ്.
ലക്ഷ്യ വില 292
വ്യാഴാഴ്ച 248.35 രൂപയിലാണ് വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 292 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 3 മാസത്തിനകം 18 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഓഹരിയുടെ 52 ആഴ്ച കാലയളവിലെ കൂടിയ വില 304.40 രൂപയും കുറഞ്ഞ വില 134.05 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 9 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications