നൂറുകണക്കിന് കമ്പനികളില്‍ നിന്നും ഒരു ഓഹരിയെ ട്രേഡിനായി തെരഞ്ഞെടുക്കുന്നതിന് പലരും വിവിധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികളെ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്നവരാണ് ഒരു വിഭാഗം. അതേസമയം, ടെക്നിക്കല്‍ സൂചകങ്ങള്‍ വിലയിരുത്തിയും ഓഹരി വിലയിലെ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ഹ്രസ്വകാലത്തേക്ക് ട്രേഡ് ചെയ്യുന്ന മറ്റൊരു വിഭാഗം നിക്ഷേപകരുമുണ്ട്. ഇത്തരത്തില്‍ ട്രെന്‍ഡിനെ അടിസ്ഥനാപ്പെടുത്തി ട്രേഡ് ചെയ്യുന്നവരുടെ ശ്രദ്ധയിലേക്കായി 52 ആഴ്ച ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും കുതിക്കാന്‍ ശ്രമിക്കുന്നതും മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവിടുകയും ചെയ്ത 3 കമ്പനികളെയാണ് പരിചയപ്പെടുത്തുന്നത്.

എന്തുകൊണ്ട് 52 വീക്ക് ഹൈ?
ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് 52 ആഴ്ചയിലെ ഉയരത്തിലേക്ക് വീണ്ടും സമീപിക്കുമ്പോള്‍ വ്യക്തമാക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വന്‍ തകര്‍ച്ച ഇല്ലാതെ നില്‍ക്കുന്ന അവസരങ്ങളിലും ഇത്തരത്തില്‍ വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരി സമീപിക്കുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കുതിപ്പ് മുതലെടുക്കാന്‍ ഹ്രസ്വകാലത്തേക്ക് വാങ്ങുന്നവരും നേരത്തെ വാങ്ങിയവര്‍ ലാഭമെടുക്കാനുള്ള അവസരമാക്കാന്‍ ശ്രമിക്കുന്നതും സാധാരണമാണ്. മറ്റ് ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് അന്തിമ തീരുമാനത്തിന്റെ വിജയ സാധ്യത വര്‍ധിക്കും. ദിവസ വ്യാപാരത്തിലെ ഇടവേളയില്‍ കുറിച്ചതിനു പകരം വ്യാപാരം അവസാനിപ്പക്കുമ്പോഴുള്ള വിലയുടെ അടിസ്ഥാനത്തിലെ ഉയര്‍ന്ന വിലനിലവാരമാണ് കണക്കിലെടുക്കേണ്ടത്.

1) ബജാജ് ഫിനാന്‍സ്
ബജാജ് ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള വന്‍കിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിനാന്‍സ് ലിമിറ്റഡ് (BSE: 500034, NSE: BAJFINANCE). മഹാരാഷ്ട്രിയിലെ പൂനെയാണ് ആസ്ഥാനം. 1987-ല്‍ ബജാജ് ഓട്ടോ ഫിനാന്‍സ് എന്ന പേരില്‍ വാഹന വായ്പ നല്‍കിയാണ് തുടക്കമിട്ടതെങ്കിലും വളരെ വേഗം ധനകാര്യ മേഖലയിലെ വിവിധ ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുത്ത് വൈവിധ്യവത്കരണം നടത്തി മുന്‍നിരയിലേക്കെത്തി. ഉപഭോക്തൃ കേന്ദ്രീകൃത ചില്ലറ വായ്പ വിതരണത്തിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ കമ്പനിക്ക് മേധാവിത്വമുണ്ട്. കൂടാതെ, ഇന്‍ഷുറന്‍സ് സേവനങ്ങളും ക്രെഡിറ്റ് കാര്‍ഡുകളും ഭവന വായ്പകളും ഇടത്തരം, ചെറുകിട വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബിസിനസ് ലോണുകളും നല്‍കുന്നതിലും ഒട്ടും പിന്നിലല്ല.

അനുകൂല ഘടകം
ബജാജ് ഫിനാന്‍സ് വലിയ തോതില്‍ ഡിജിറ്റല്‍വത്കരിച്ചു. അതിനാല്‍ 'ഫിഗിറ്റല്‍' (Phygital) ബിസിനസ് മോഡലിലേക്ക് കടന്ന ആദ്യ കമ്പനിയെന്ന മുന്‍തൂക്കമുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ 29.6 ശതമാനം വാര്‍ഷിക വളര്‍ച്ചയും ലാഭത്തില്‍ 28.2 ശതമാനം വളര്‍ച്ചയും നിലനിര്‍ത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലും മികച്ച ഫലമാണ് കാഴ്ചവച്ചത്. ഒക്ടോബര്‍ 18-നാണ് ഓഹരി 52 ആഴ്ച ഉയര്‍ന്ന നിലവാരമായ 8,050 രൂപയിലെത്തിയത്. ഇവിടെ നിന്നും 8.04 ശതമാനം താഴ്ന്നാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അതേസമയം, ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരമായ 3,525-ല്‍ നിന്നും 70 ശതമാനത്തോളം ഉയര്‍ന്നുമാണ് നില്‍ക്കുന്നത്. കോവിഡ് പ്രതിസന്ധി മാറി സമ്പദ് വ്യവസ്ഥ ഉയിര്‍ത്തെഴുന്നേറ്റ് വരുന്നതും കമ്പനിക്ക് അനുകൂലമാണ്.

എല്‍ & ടി ഇന്‍ഫോടെക്
രാജ്യത്തെ് പ്രമുഖ സ്വകാര്യ സംരംഭകരായ ലാര്‍സണ്‍ & ടൂബ്രോയുടെ കീഴിലുള്ള ബഹുരാഷ്ട്ര ഐടി കമ്പനിയാണ് ലാര്‍സണ്‍ & ടൂബ്രോ ഇന്‍ഫോടെക് ലിമിറ്റഡ് (BSE: 540005, NSE: LTI). മുംബൈയാണ് ആസ്ഥാനം. സോഫ്‌റ്റ്വേര്‍ വികസനം, രൂപകല്‍പ്പന, മേല്‍നോട്ടം തുടങ്ങി എല്ലാവിധ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ഇന്റലിജന്‍സ്, സ്ട്രാറ്റജി കണ്‍സള്‍ട്ടിങ്, എന്‍ജിനീയറിംഗ് സര്‍വീസസ്, എംബഡഡ് ഇന്റലിജന്‍സ് സര്‍വീസസ്, എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. ഐടി കമ്പനികളില്‍ വിദേശത്തു നിന്നും വരുമാനം നേടുന്ന വലിപ്പത്തില്‍ ഇന്ത്യയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു. കമ്പനിയുടെ ഓഹരികളില്‍ 74.07 ശതമാനവും പ്രമോട്ടര്‍മാരും 12.53 ശതമാനം വിദേശ നിക്ഷേപകരും 5.41 ശതമാനം ആഭ്യന്തര ധനകാര്യ നിക്ഷേപകരും കൈവശം വെച്ചിരിക്കുന്നു.

ശ്രദ്ധേയ ഘടകം
കഴിഞ്ഞ 5 വര്‍ഷത്തിനിടെ എല്‍ & ടി ഇന്‍ഫോടെക്കിന്റെ വരുമാനം ഇരട്ടിയായിട്ടുണ്ട്. ഇക്കാലയളവില്‍ കമ്പനിയുടെ ഓഹരിവില 10 മടങ്ങാണ് വര്‍ധിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലും മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവിട്ടത്. പ്രവര്‍ത്തന ലാഭത്തില്‍ 70 അടിസ്ഥാന പോയിന്റ് വര്‍ധന കരസ്ഥമാക്കി. എല്ലാവിധ ഐടി സേവനങ്ങളും നല്‍കാനുള്ള വിഭവശേഷി കമ്പനിക്ക് അനുകൂല ഘടകമാണ്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കിടെയിലെ വര്‍ധിച്ച ഡജിറ്റല്‍വത്കരണവും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിലും കരാറുകള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുന്നതും ശ്രദ്ധേയമാണ്. 2024 സാമ്പത്തിക വര്‍ഷം വരെ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വളരുമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ അനുമാനം. ഓഹരികളുടെ ഒരു വര്‍ഷത്തെ ഉയര്‍ന്ന വില 7,588.80 രൂപയും കുറഞ്ഞ വില 3,525 രൂപയുമാണ്.

സൊണാറ്റ സോഫ്‌റ്റ്വേര്‍
ആഗോള തലത്തില്‍ ഐടി സംബന്ധമായ സേവനങ്ങളും കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങളും നടത്തുന്ന കമ്പനിയാണ് സൊണാറ്റ സോഫ്‌റ്റ്വേര്‍ ലിമിറ്റഡ് (BSE: 532221, NSE: SONATSOFTW). മുംബൈയാണ് ആസ്ഥാനം. പ്രോഡക്ട് എന്‍ജിനീയറിംഗ് സര്‍വീസസ്, ആപ്ലിക്കേഷന്‍ വികസിപ്പിക്കലും രൂപകല്‍പ്പനയും പ്രവര്‍ത്തന മേല്‍നോട്ടവും, ബിസിനസ് ഇന്റലിജന്‍സ് എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. റീട്ടെയില്‍, കാര്‍ഷികം, സഞ്ചാരം, സേവനമേഖല, ഉത്പാദന മേഖലകളിലെ വ്യവസായ രംഗത്തിന് വേണ്ട ഐടി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഓഹരികളുടെ ഒരു വര്‍ഷത്തെ ഉയര്‍ന്ന വില 1,024.90 രൂപയും കുറഞ്ഞ വില 355.55 രൂപയുമാണ്.
Also Read: ഒഴിവാക്കിയത് 4; പകരം വാങ്ങിയത് 3; പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ള 18 ഓഹരികളിതാ

വരുമാനം ഇരട്ടിച്ചു
കഴിഞ്ഞ 5 വര്‍ഷത്തിനിടെ സൊണാറ്റ സോഫ്‌റ്റ്വേറിന്റെ വരുമാനം ഇരട്ടിയായിട്ടുണ്ട്. എങ്കിലും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനില്‍ അത്രയും വളര്‍ച്ച കൈവരിക്കാനായിട്ടില്ല. ഇക്കാലയളവില്‍ ഓഹരിവിലയിലും 5 മടങ്ങ് വര്‍ധനയുണ്ടായി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം മെച്ചപ്പെട്ടതായിരുന്നു. പാദാനുപാദത്തില്‍ 10 ശതമാനം വളര്‍ച്ച നേടി. പ്രവര്‍ത്തന ലാഭത്തില്‍ 70 അടിസ്ഥാന പോയിന്റ് വര്‍ധന കൈവരിച്ചു. 40 ശതമാനം പുതിയ ജോലിക്കാരെ നിയമിക്കുെമന്നും കമ്പനി വ്യക്തമാക്കി. റീട്ടെയില്‍, ഉത്പാദന മേഖലയിലെ ഉണര്‍വ് കമ്പനിക്ക് അനുകൂലമാണ്. പുതിയ ജീവനക്കാരെ നിയമിക്കുന്നതിലൂടെ 2024 സാമ്പത്തിക വര്‍ഷത്തോടെ വരുമാനത്തില്‍ 21.7 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് ഐസിഐസിഐ ഡയറക്ട് വിലയിരുത്തുന്നത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.