ചിട്ടി തിരഞ്ഞെടുക്കുന്നത് പോലെ, മാസ തവണ മുടക്കമില്ലാതെ അടയ്ക്കുന്നത് പോലെ പ്രധാനമാണ് ചിട്ടിയിൽ ജാമ്യ വ്യവസ്ഥകളും. ജാമ്യ വ്യവസ്ഥയെ പറ്റി കൃത്യമായ അറിവില്ലാത്തത് ചിട്ടി ചേരുന്നവരെ പ്രയാസത്തിലാക്കുന്നുണ്ട്. ജാമ്യം ഹാജരാക്കിയില്ലെങ്കിൽ കെഎസ്എഫ്ഇ ചിട്ടി പണം നൽകില്ല. സർക്കാർ സ്ഥാപനമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കെഎഫ്എഫ്ഇ പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കയ്യിൽ ജാമ്യമില്ലെങ്കിലും എങ്ങനെ ചിട്ടി പണം ലാഭകരമാക്കാമെന്ന് നോക്കാം.
സ്ഥിര നിക്ഷേപിടുന്ന സാഹചര്യങ്ങൾ
നിക്ഷേപമായി ചിട്ടിയെ കാണുന്നവർക്കും ജാമ്യമില്ലാത്തതിനാൽ ചിട്ടി പണം പിൻവലിക്കാൻ സാധിക്കാത്തവർക്കും നേരത്തെ ചിട്ടി വിളിച്ചെടുക്കാൻ സാധിച്ചാലും ചിട്ടി സ്ഥിര നിക്ഷേപമിടാവുന്നതാണ്. ചിട്ടി നറുക്ക് കിട്ടിയവർക്ക് ആവശ്യം സമയം വരെ സ്ഥിര നിക്ഷേപമിട്ടാൽ ഉയർന്ന പലിശ നേടാനാകും. നിക്ഷേപമായി കാണുന്നവർക്ക് സ്ഥിര നിക്ഷേപമിടാൻ ദീർഘകാല ചിട്ടിയാണ് അനുയോജ്യം. കാലാവധിക്ക് ശേഷം നല്ലൊരു തുക പലിശ ഇനത്തിൽ ഇത്തരത്തിൽ നേടാനാകും.
എങ്ങനെ സ്ഥിര നിക്ഷേപമിടാം
ചിട്ടി ലേലത്തിൽ ലഭിച്ചാൽ തൊട്ടടുത്ത ലേല തീയതിക്ക് മുൻപായി ചിട്ടി സ്ഥിര നിക്ഷേപമിടാൻ സാധിക്കും. ഇതിനായി ആധാർ കാർഡും ചിട്ടി പാസ് ബുക്കുമായി ചിട്ടിയുള്ള ശാഖയിൽ നേരിട്ടെത്തണം. ചിട്ടി സ്ഥിര നിക്ഷേപമിടുന്നതിനുള്ള അപേക്ഷയും ആധാറും സമർപ്പിച്ചാൽ ചിട്ടി സ്ഥിര നിക്ഷേപമിടാം.
നടപടികൾ പൂർത്തിയാക്കിയാൽ തൊട്ടടുത്ത മാസം അടവ് തുടങ്ങുമ്പോള്‍ സ്ഥിര നിക്ഷേപം ആരംഭിക്കാൻ സാധിക്കും. ചിട്ടി ലേല കിഴിവിനൊപ്പം 5 ശതമാനം ഫോർമാൻസ് കമ്മീഷൻ, ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയ്ക്കണം.
രണ്ടു തരം സ്ഥിര നിക്ഷേപം
ചിട്ടി രണ്ട് തരത്തിലാണ് സ്ഥിര നിക്ഷേപമാക്കി മാറ്റുക. ചിട്ടി വിളിക്കുന്ന സമയം വരെ അടച്ച തുക ഫ്രീ എഫ്ഡി എന്ന നിലയിലാണ് സ്ഥിര നിക്ഷേപമാക്കുക. മേൽ ബാധ്യതയ്ക്കുള്ള തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. രണ്ട് നിക്ഷേപത്തിനും രണ്ട് തരം പലിശയാണ് ലഭിക്കുക.
ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 7.50 ശതമാനം പലിശ കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കും. ചിട്ടിയിലേക്ക് അടച്ച പണം സാധാരണ സ്ഥിര നിക്ഷേപമായാണ് കണക്കാക്കുന്നത്. ഇതിന് 7 ശതമാനം പലിശ ലഭിക്കും.
കാൽക്കുലേറ്റർ
ഒരു ചിട്ടി ഉദാഹരണമായി എടുത്ത് ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ എത്ര തുക പലിശ ലഭിക്കുമെന്ന് നോക്കാം. 6 ലക്ഷത്തിന്റെ ചിട്ടി 30,000 രൂപ ഫോർമാൻസ് കമ്മീഷൻ ഉൾപ്പെട 1 ലക്ഷം രൂപ കുറച്ച് ലേലത്തിൽ പിടിച്ചാൽ കയ്യിൽ കിട്ടുന്ന തുക ആദ്യം കണക്കാക്കാം.
ഫോർമാൻ കമ്മീഷന്റെ 18 ശതമാനമായ 5,400 രൂപ ജിഎസ്ടിയും 226 രൂപയോളം ഡോക്യുമെന്റേഷൻ ചാർജും ചേർത്താൽ 5,626 രൂപ കുറയും. 4,94,374 രൂപയോളം ചിട്ടി വരിക്കാരന് സ്ഥിര നിക്ഷേപമിടാൻ ലഭിക്കും. ഇതിന് 7 ശതമാനം പൊതുവിൽ പലിശ കണക്കാക്കിയാൽ വർഷത്തിൽ 34,606 രൂപ പലിശയായി ലഭിക്കും. മാസത്തിൽ 2,883 രൂപ ലഭിക്കും.
എല്ലാ ചിട്ടിയും സ്ഥിര നിക്ഷേപമിടാമോ
എല്ലാ ചിട്ടിയും എല്ലാ സമയത്തും സ്ഥിര നിക്ഷേപമിട്ടാൽ ലാഭമാകില്ല. പൊതുവെ ഹ്രസ്വകാല ചിട്ടികൾ പരമാവധി ലേല കിഴിവിൽ വിളിച്ച് സ്ഥിര നിക്ഷേപിട്ടാൽ നഷ്ടമായിരിക്കും ഫലം. നേരെ മറിച്ച് ദീർഘകാല ചിട്ടികളിൽ പരമാവധി ലേല കിഴിവിൽ വിളിച്ച് സ്ഥിര നിക്ഷേപുമിട്ടാലും കാലാവധിയെത്തുമ്പോൾ ചിട്ടി തുകയേക്കാൾ അധികം ലഭിക്കും.


Click it and Unblock the Notifications