ഇന്ന് യുവാക്കള്‍ക്കിടയില്‍ ക്രെഡിറ്റ് കാര്‍ഡിനോടുള്ള താല്‍പര്യം ഉയര്‍ന്നിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നത് മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങളെ സഹായിക്കും. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക എന്നത് ചിലവര്‍ക്കെങ്കിലും പ്രയാസമുള്ള കാര്യമായിരിക്കാം.
മുന്‍പ് ക്രെഡിറ്റ് ഉപയോഗം നടത്തിയിട്ടില്ലാത്തവരാണെങ്കില്‍ ക്രെഡിറ്റ് ചരിത്രമോ, ക്രെഡിറ്റ് സ്‌കോറെ പരിശോധിക്കാന്‍ സാധിക്കില്ലാ എന്നത് തന്നെയാണ് ഇതിന് കാരണം. ഇക്കാരണം കൊണ്ട് ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ തള്ളുകയും ചെയ്യാം.
ക്രെഡിറ്റ് സ്കോർ
വ്യക്തികളുടെ ക്രെഡിറ്റ് ചരിത്രം, തിരിച്ചടയ്ക്കല്‍ രീതി എന്നി പരിശോധിച്ച് വായ്പ/ക്രെഡിറ്റിന് യോഗ്യനാണോ എന്ന് അളക്കുന്നൊരു സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. 300 മുതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്‌കോര്‍ സംഖ്യ വരുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള തുടക്കകാരായവര്‍ക്ക് എങ്ങനെ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാം എന്നാണ് ലേഖനത്തിലൂടെ നോക്കുന്നത്.

സാലറി അക്കൗണ്ടുള്ള ബാങ്കില്‍ അപേക്ഷിക്കുക
തുടക്കകാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ വഴി ശമ്പളമുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുക എന്നതാണ്. സാലറി അക്കൗണ്ടാകുമ്പോള്‍ ബാങ്കിന് സ്ഥാപനവുമായി വര്‍ഷങ്ങളായുള്ള ഇടപാടുണ്ടാകും. ഇതുവഴി അപേക്ഷകന്റെ തസ്തികയ്ക്ക് ലഭിക്കാവുന്ന വരുമാനത്തെ കൃത്യമായി അളക്കാന്‍ സാധിക്കും.
സാലറി അക്കൗണ്ട് വിലയിരുത്തുന്നത് വഴി വരുമാനത്തിന്റെയും ചെലവാക്കലുകളുടെയും രൂപം മനസിലാക്കാനും ബാങ്കിന് സാധിക്കും. പരിശോധനയ്ക്ക് ശേഷം മിഡ് ലെവല്‍ ക്രെഡിറ്റ് കാര്‍ഡ് സാലറി അക്കൗണ്ടിന് മുകളില്‍ ബാങ്ക് അനുവദിക്കാറുണ്ട്.
സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡ്
ആദ്യ ഓപ്ഷന്‍ വിജയിക്കാത്തവരാണെങ്കില്‍ സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. സ്ഥിര നിക്ഷേപം പോലുള്ള ഈടിന് മുകളിലാണ് സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നത്. അടിസ്ഥാന നേട്ടങ്ങളായ റിവാര്‍ഡ് പോയിന്റ്, ക്യാഷ് ബാക്ക് എന്നിവ സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡിലും ലഭിക്കും. സ്ഥിര നിക്ഷേപം ഈടായി നല്‍കുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ ബാങ്കിനുള്ള റിസ്‌ക് കുറയുന്നു.
സ്ഥിര നിക്ഷേപത്തിന്റെ നിശ്ചിത ശതമാനമാണ് ക്രെഡിറ്റ് പരിധി ലഭിക്കുക. 50,000 രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ 80 ശതമാനം പരിധി ലഭിക്കും. 40,000 രൂപ ഉപയോഗിക്കാന്‍ സാധിക്കും. സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡിലി ഇടപാടുകളും ക്രെഡിറ്റ് ബ്യൂറോകളിലേക്ക് ലഭിക്കും. അതുവഴി, കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിക്ക് സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് വഴി മികച്ചൊരു ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാക്കിയെടുക്കാം.
എങ്ങനെ ആദ്യ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം
ആദ്യ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക എന്നത് ഓരോരുത്തരെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണ്. ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ചവയാണ് തിരഞ്ഞെടുക്കേണ്ടത്. ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുൻപ് റിവാർഡ് നിരക്ക്, ക്യാഷ്ബാക്ക് ഓഫറുകൾ, വാർഷിക നിരക്കുകൾ, പലിശ എന്നിവ പരിഗണിക്കണം. ഓരോരുത്തരുടെയും ചെലവ് പാറ്റേണിനെയും പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആനുകൂല്യങ്ങളും ആശ്രയിച്ചാണ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കേണ്ടത്.
പലതരം കാർഡുകൾ
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പതിവായി ഷോപ്പിംഗ് നടത്തുന്നവരാണെങ്കിൽ ഇ-കോമഴ്സ് വെബ്സൈറ്റുകളിൽ മികച്ച ഓഫറുകൾ നൽകുന്ന കോ-ബ്രാൻഡഡ് കാർഡുകൾ തുടക്കക്കാർക്ക് അനുയോജ്യമാകും. കാർഡ് അതാത് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിൽ ഷോപ്പിംഗ് നടത്തുമ്പോൾ നിശ്ചിത ശതമാനം ക്യാഷ്ബാക്ക് ഇത്തരം ക്രെഡിറ്റ് കാർഡുകൾനൽകുന്നുണ്ട്.
പതിവായി ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരും ഇന്ധന ചെലവ് വലിയ തോതിൽ വരുന്നവരുമാണെങ്കിൽ ഫ്യുവൽ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം. ഇന്ധന ചെലവുകൾക്ക് ക്യാഷ് ബാക്ക്, സർചാർജ് ഒഴിവാക്കൽ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഫ്യൂവൽ കാർഡുകൾ നൽകും. ചെലവ് പാറ്റേൺ, റിവാർഡുകൾ, വാർഷിക ചാർജുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ മനസിലാക്കിയ ശേഷം തുടക്കക്കാർക്കുള്ള കാർഡിൽ നിന്ന് അപ്ഗ്രേഡ് ചെയ്യാം.


Click it and Unblock the Notifications