സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത വാർത്തകളാണ് ഈയിടെ പുറത്തുവന്നത്. തൃശൂർ ജില്ലയിലെ കരുവന്നൂർ സർവീസ് സഹകരണ സംഘത്തിന്റെ (കരുവന്നൂർ ബാങ്ക്) തട്ടിപ്പ് വാർത്ത എല്ലാവരും കേട്ടതാണ്. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിൽ നിന്ന് അന്വേഷണത്തിലൂടെ മനസിലായത്. ഇത്തരം വാർത്തകൾ വന്നതോടെ സഹകരണ ബാങ്കുകളോടുള്ള വിശ്വാസ്യത ജനങ്ങൾക്കിടയിൽ കുറഞ്ഞു വരികയാണ്.

സഹകരണ ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപകന് എന്തെങ്കിലും തുക ലഭിക്കുമോ എന്നതാണ് ചോദ്യം. ഡെപോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷനിൽ ഇൻഷൂർ ചെയത ബാങ്കുകളിലെ നിക്ഷേപത്തിന് 5 ലക്ഷം രൂപ വരെ ഇൻഷൂറൻസുണ്ട്. ഈ രീതിയിൽ സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനും ഗ്യാരണ്ടി ലഭിക്കുന്നുണ്ട്. കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്ത സംഘങ്ങളിലെ നിക്ഷേപത്തിനാണ് മാത്രമാണ് പണം തിരികെ കിട്ടുക.

കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ്
കേരളത്തിലെ സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ 2012ലാണ് കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് രൂപീകരിച്ചത്. തിരുവനന്തപുരമാണ് ബോർഡിന്റെ ആസ്ഥാനം.
ബോര്‍ഡില്‍ അംഗത്വമെടുക്കുകയും അംഗത്വം പുതുക്കി കൊണ്ടിരിക്കുന്നതുമായ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്കാണ് ഗ്യാരണ്ടി ലഭിക്കുക. സഹകരണ സംഘം രജിസ്‌ട്രാറുടെ നിയന്ത്രണത്തിലുള്ള സംഘങ്ങൾക്ക് മാത്രമാണ് രജിസ്റ്റർ ചെയ്യനാവുക. സഹകരണം എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങൾ ഈ പരിധിയിൽ വരില്ല.

എത്രതുക വരെ ലഭിക്കും
സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം നിർത്തിയാൽ നേരത്തെ 1.5 ലക്ഷം രൂപ വരെയാണ് ഗ്യാരണ്ടി നൽകിയിരുന്നത്. പുതിയ തീരുമാന പ്രകാരം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ല. കഴിഞ്ഞ മാസമാണ് കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ടിന്റെ പരിധി 5 ലക്ഷമാക്കി ഉയർത്തിയത്. കോ-ഓപ്പറേറ്റീവ് ഗ്യാരന്റി ഫണ്ട് ബോർഡിന്റെ തീരുമാനം സഹകരണ വകുപ്പ് അംഗീകരിച്ചതായി സഹകരണ മന്ത്രി വിഎം വാസവൻ നിയമസഭയെ അറിയിച്ചിരുന്നു.
Also Read: ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപം ആവിയാകുമോ? പേടിക്കേണ്ട വഴികളറിഞ്ഞിരിക്കാം

ഏതൊക്കെ സംഘങ്ങൾ
സംസ്ഥാനത്തെ സര്‍വീസ് സഹകരണ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, നോണ്‍ അഗ്രീകള്‍ച്ചറല്‍ ആന്‍ഡ് മറ്റ് ഇതര സഹകരണ സംഘങ്ങള്‍ വനിതാ സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് രജിസ്റ്റർ ചെയ്യാം.
നിക്ഷേപ ഗ്യാരന്റി ഫണ്ടിൽ അംഗമാകാൻ 100 രൂപ നിക്ഷേപത്തിനു പത്തു പൈസ നിരക്കിൽ സംഘം ബോർഡിൽ അടയ്ക്കണം. നിങ്ങളുടെ പണം നിക്ഷേപിച്ച സഹകരണ സംഘം കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമെ സംഘം പൊളിഞ്ഞാൽ പണം ലഭിക്കുകയുള്ളൂ.

എങ്ങനെ തിരിച്ചറിയാം
ഗ്യാരണ്ടി ഉറപ്പാക്കിയിട്ടുള്ള സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ ഇടപാടുകാര്‍ക്ക് കാണത്തക്കവിധം നിക്ഷേപ ഗ്യാരന്റി പത്രം സഹകരണ ബാങ്കുകളിൽ പ്രദർശിപ്പിക്കും. നിങ്ങളുടെ പ്രദേശത്തെ ബാങ്ക്, നിങ്ങൾ നിക്ഷേപം നടത്തിയ ബാങ്ക് കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ ബാങ്കിലെത്തി വിവരം തിരിക്കാം. അല്ലെങ്കിൽ ഓൺലൈനായി കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ബാങ്കുകളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്.
Also Read: കുറഞ്ഞ പലിശയിൽ എവിടെ കിട്ടും വായ്പ? എസ്ബിഐയിൽ 12.8%, ഇവിടെ 1%; ഇതാ സർക്കാർ വഴി

2020-21 വരെ ഗ്യാരണ്ടി ഫണ്ട് അടച്ച് നിക്ഷേപകര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിയ ബാങ്കുകളുടെ വിവരമാണ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. ഓരോ ജില്ലയിലെയും സംഘങ്ങളുടെ വിവരങ്ങൾ വേർതിരിച്ചാണ് നൽകിയിട്ടുള്ളത്. ഇതിനാൽ തന്നെ എളുപ്പത്തിൽ പട്ടികയിൽ സ്വന്തം നിക്ഷേപമുള്ള ബാങ്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് മനസിലാക്കാൻ പറ്റും.