തിരക്കുള്ള റൂട്ടുകളില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താല്‍ തന്നെ സീറ്റ് ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉത്സവ സീസണുകളിലാണെങ്കില്‍ പറയേണ്ട കാര്യമില്ല. ഇത്തരം സമയത്ത് അവസാന പിടിവള്ളി തത്കാല്‍ ടിക്കറ്റുകളാണ്. തത്കാലിലും ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ മറ്റൊരു മാര്‍ഗം തിരഞ്ഞെടുക്കുകയോ ആണ് ചെയ്യുക.
ട്രെയിന്‍ യാത്ര ചെയ്യേണ്ടൊരാള്‍ക്ക് കണ്‍ഫേം ടിക്കറ്റ് ഇല്ലെങ്കിലും കയ്യിലുള്ള വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അവസരം റെയില്‍വെ ഒരുക്കുന്നുണ്ട്. ഇത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വിശദമാക്കാം.
വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എങ്ങനെ യാത്ര ചെയ്യാം
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും കണ്‍ഫേം ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് റെയില്‍വെ റൂള്‍ പ്രകാരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും. റെയില്‍വെ കൗണ്ടറില്‍ നിന്ന് എടുത്ത ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ആണെങ്കിലാണ് ഈ സൗകര്യം ലഭ്യമാവുക. വെയ്റ്റിംഗ് ലിസ്റ്റിലുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഓണ്‍ലൈനായി എടുത്ത ടിക്കറ്റ് ചാര്‍ട്ട് തയ്യാറാക്കുന്നത് വരെ കണ്‍ഫേം ആകാത്ത പക്ഷം ടിക്കറ്റ് തുക ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്ക് ഓട്ടോമാറ്റിക്കായി മടക്കി നല്‍കാറുണ്ട്.
കൗണ്ടറില്‍ നിന്നെടുത്ത വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ടിടിഇയെ കാണുകയാണ് വേണ്ടത്. ടിക്കറ്റ് കാണിച്ച് ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഏതെങ്കിലും സീറ്റ് ഒഴിവുണ്ടോയെന്ന് പരിശോധിക്കാന്‍ ടിക്കറ്റ് ചെക്കറോട് ആവശ്യപ്പെടാം. സീറ്റ് ഒഴിവുണ്ടെങ്കില്‍ അത് ടിടിഇ അനുവദിച്ചു തരും.
യാത്രക്കാരന്റെ പക്കല്‍ കണ്ടൗറില്‍ നിന്നെടുത്ത വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉണ്ടെങ്കില്‍ ടിക്കറ്റ് പരിശോധകന് യാത്രക്കാരനെ യാത്ര ചെയ്യുന്നതില്‍ നിന്ന് തടയാന്‍ സാധിക്കില്ല, പക്ഷേ ട്രെയിനില്‍ അധിക സീറ്റ് അവശേഷിക്കുന്നില്ലെങ്കില്‍ യാത്രക്കാരന് സീറ്റ് ലഭിക്കില്ല. ഉത്സവ സീസണുകളിലെ സ്‌പെഷ്യല്‍ വണ്ടികളിലും ഈ രീതിയില്‍ യാത്ര ചെയ്യാം.
Also Read: തീവണ്ടിയിൽ ലഗേജ് നഷ്ടപ്പെട്ടാൽ എവിടെ പരാതി നൽകും; നഷ്ടപരിഹാരം ലഭിക്കുന്നത് എങ്ങനെ
റീഫണ്ട് ലഭിക്കും
കൺഫേം ആകാത്തതിനാൽ യാത്ര ചെയ്യുന്നില്ലെങ്കിൽ ടിക്കറ്റിന്റെ തുക റീഫണ്ട് ലഭിക്കും. ഓൺലൈനായി ഐആർസിടിസി വഴി എടുത്ത ടിക്കറ്റിന് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഈടാക്കിയ തുക തന്നെ ലഭിക്കും. ട്രാൻസാക്ഷൻ ചാർജ് തിരികെ ലഭിക്കില്ല. കൗണ്ടറിൽ നിന്നെടുത്ത ടിക്കറ്റിന് കൗണ്ടർ വഴി തന്നെ റീ ഫണ്ട് ചെയ്യാനാകും.

തത്കാൽ ടിക്കറ്റ്
പെട്ടന്നുള്ള യാത്രകൾക്ക് ടിക്കറ്റ് ലഭിക്കാത്തവരാണെങ്കിൽ തത്കാൽ സൗകര്യം ഉപയോഗിക്കാം. ജനറല്‍ ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് തത്കാല്‍ ഉപകാരപ്പെടും.തത്കാൽ ടിക്കറ്റുകൾക്കായി ഓരോ തീവണ്ടിയിലും നിശ്ചിത ശതമാനം ടിക്കറ്റുകള്‍ നീക്കി വെയ്ക്കും. മുൻ വർഷങ്ങളിലെ ആവശ്യകത അനുസരിച്ചാണ് തത്കാൽ ടിക്കറ്റുകൾ അനുവദിക്കുന്നത്. ചാർട്ട് തയ്യാറാക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസമാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. തീവണ്ടി ആരംഭ സ്ഥലത്ത് നിന്നും യാത്ര പുറപ്പെടുന്ന തീയതിക്ക് തൊട്ട് മുൻപുള്ള ദിവസം ടിക്കറ്റ് ബുക്ക് ചെയ്യണം.
ഉദാഹരണമായി 4-ാം തീയതി മലബാർ എക്സ്പ്രസിൽ വടകരയിൽ നിന്ന് കൊല്ലത്തേക്ക് പോകേണ്ട വ്യക്തി 3-ാം തീയതിയാണ് തത്കാൽ ടിക്കറ്റിനായി ശ്രമിക്കേണ്ടത്. ടിക്കറ്റിന്റെ ക്ലാസ് അനുസരിച്ച് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയത്തിൽ വ്യത്യാസമുണ്ടാകും. സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളുടെ തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നത് രാവിലെ 11 മണി മുതലാണ്. ഇതിന് മുകളിലുള്ള 3എസി, 2എസി, 1എസി ക്ലാസുകളുടെ തത്കാൽ ബുക്കിംഗ് 10 മണിക്കും ആരംഭിക്കും.