രാധാകിഷന്‍ ദമാനി വിശ്വാസമര്‍പ്പിക്കുന്ന 5 ഓഹരികള്‍; വാങ്ങിക്കൂട്ടിയവയില്‍ ഇന്ത്യാ സിമന്റ്‌സും!

ഓഹരി വിപണിയെ രണ്ടുതരത്തില്‍ സമീപിക്കാം. ആദ്യത്തത്തേത് സ്വന്തമായി തീരുമാനങ്ങളെടുത്ത് പിഴവുകളില്‍ നിന്ന് പഠിക്കുക; രണ്ടാമത്തേത് പയറ്റിത്തെളിഞ്ഞ നിക്ഷേപകരുടെ കാല്‍ച്ചുവടുകള്‍ പിന്തുടരുക. ഓഹരി വിപണിയെ ആഴത്തില്‍ മനസിലാക്കാന്‍ മുന്‍നിര നിക്ഷേപകരുടെ സ്റ്റോക്ക് തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും സഹായിക്കാറുണ്ട്.

വിപണിയില്‍ തുടക്കക്കാര്‍ ഒന്നടങ്കം നിരീക്ഷിക്കുന്ന സ്റ്റാര്‍ നിക്ഷേപകരില്‍ ഒരാളാണ് രാധാകിഷന്‍ ദമാനി. 'മിസ്റ്റര്‍ വൈറ്റ് ആന്‍ഡ് വൈറ്റ്' എന്നാണ് ട്രേഡര്‍മാരുടെ സമൂഹത്തില്‍ ഇദ്ദേഹത്തിന്റെ വിളിപ്പേര്. ഡിമാര്‍ട്ട് എന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃഖല അറിയാത്തവര്‍ വിരളമായിരിക്കും. ഡിമാര്‍ട്ടിന്റെ സ്ഥാപകനാണ് രാധാകിഷന്‍ ദമാനി. ബ്രൈറ്റ് സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വഴിയാണ് ദമാനി സ്വന്തം പോര്‍ട്ട്‌ഫോളിയോ നിയന്ത്രിക്കുന്നത്.

രാധാകിഷൻ ദമാനി

2022 -ലെ ഫോബ്‌സ് പട്ടിക പ്രകാരം ലോകത്തെ അതിസമ്പന്നരില്‍ 117 ആം സ്ഥാനം ദമാനിക്കുണ്ട്. 16.5 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യന്‍ ഓഹരി വിപണിയില്‍ 14 സ്റ്റോക്കുകള്‍ രാധാകിഷന്‍ ദമാനി കൈവശം വെയ്ക്കുന്നുണ്ട്. വിലകുറഞ്ഞ, എന്നാല്‍ ഭാവിയില്‍ വലിയ വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളിലാണ് ദമാനി പൊതുവേ നിക്ഷേപം നടത്താറ്. ഈ അവസരത്തില്‍ രാധാകിഷന്‍ ദമാനി ഏറെ വിശ്വാസമര്‍പ്പിക്കുന്ന അഞ്ച് സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.

അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്

അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്

ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്. ഡിമാര്‍ട്ട് സ്റ്റോറുകളുടെ നിയന്ത്രണം ഇവരുടെ പക്കലാണ്. ഒരൊറ്റ കുടക്കീഴില്‍ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയാണ് ഡിമാര്‍ട്ട്. 2002 -ല്‍ രാധാകിഷന്‍ ദമാനി സ്ഥാപിച്ച ഡിമാര്‍ട്ടിന് 11 സംസ്ഥാനങ്ങളില്‍ നിന്നായി 263 സ്റ്റോറുകളുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നല്‍കുന്ന വിവരം പ്രകാരം ദമാനിക്ക് അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സില്‍ 34.3 ശതമാനം ഓഹരിയാണുള്ളത്. ഭാര്യ ശ്രീകാന്തദേവി ദമാനി കമ്പനിയുടെ 3.28 ശതമാനം ഓഹരികളും സമാഹരിച്ചിട്ടുണ്ട്.

ഉയർച്ച

2021 ഡിസംബര്‍ പാദം വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വരുമാന വളര്‍ച്ച കണ്ടെത്താന്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന് സാധിച്ചിരുന്നു. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് 92.2 ബില്യണ്‍ രൂപയാണ് കമ്പനി വരുമാനം കുറിച്ചത്. നികുതിക്ക് ശേഷമുള്ള ലാഭം 24 ശതമാനം ഉയര്‍ന്ന് 5.5 ബില്യണ്‍ കോടി രൂപയുമായി. ഇതേസമയം, മൂന്നാം പാദം അറ്റ മാര്‍ജിനുകളില്‍ 15.4 ശതമാനം ഇടിവ് അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് നേരിടുകയുണ്ടായി. എന്തായാലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 30 ശതമാനത്തിലേറെ വര്‍ധനവ് അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ ഓഹരി വിലയില്‍ കാണാം. ചൊവാഴ്ച്ച 0.10 ശതമാനം ഇടിവോടെ 4,006 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ നിര്‍ത്തിയത്.

 
ഇന്ത്യാ സിമന്റ്‌സ്

ഇന്ത്യാ സിമന്റ്‌സ്

രാധാകിഷന്‍ ധമാനി ഏറ്റവുമധികം സമാഹരിച്ചിട്ടുള്ള രണ്ടാമത്തെ സ്റ്റോക്കാണ് ഇന്ത്യാ സിമന്റ്‌സ്. ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യാ സിമന്റ്‌സ് രാജ്യത്തെ മുന്‍നിര സിമന്റ് നിര്‍മാണ കമ്പനിയാണ്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ മുന്‍ചെയര്‍മാന്‍ എന്‍ ശ്രീനിവാസനാണ് ഇന്ത്യാ സിമന്റ്‌സിന്റെ മേധാവി. ശങ്കര്‍ സിമന്റ്, കോറമണ്ടല്‍ സിമന്റ്, റാസി ഗോള്‍ഡ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കീഴിലും കമ്പനി ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 2008 മുതല്‍ 2014 വരെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥരായിരുന്നു ഇന്ത്യാ സിമന്റ്‌സ്.

വാങ്ങിക്കൂട്ടി

2021 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം രാധാകിഷന്‍ ദമാനിക്കും കുടുംബത്തിനും ഇന്ത്യാ സിമന്റ്‌സില്‍ 22.76 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വ്യക്തിഗതമായി കമ്പനിയുടെ 11.34 ശതമാനം ഓഹരികളാണ് ദമാനി കൈവശം വെയ്ക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യാ സിമന്റ്‌സ് ഓഹരികള്‍ സമാഹരിക്കുന്ന തിരക്കിലാണ് ഇദ്ദേഹം. 2020 മാര്‍ച്ചിന് ശേഷം ഇന്ത്യാ സിമന്റ്‌സിന്റെ 63 ലക്ഷം ഓഹരികള്‍ ദമാനി അധികം വാങ്ങിക്കൂട്ടി (2.03 ശതമാനം ഓഹരികള്‍).

ഓഹരി വില

33 മില്യണ്‍ രൂപ അറ്റാദായം കണ്ടുകൊണ്ടാണ് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം കമ്പനി പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷമിത് 620 മില്യണ്‍ രൂപയായിരുന്നു. 2021 ഡിസംബര്‍ പാദം 95 ശതമാനം ഇടിവ് ലാഭത്തില്‍ സംഭവിച്ചു. പോയപാദം കല്‍ക്കരിയുടെ ലഭ്യതക്കുറവും വിലക്കയറ്റവും മുന്‍നിര്‍ത്തിയാണ് ഇന്ത്യാ സിമന്റ്‌സിന്റെ വന്‍വീഴ്ച്ച. സിമന്റ് നിര്‍മാണത്തിന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവാണ് കല്‍ക്കരി.

എന്തായാലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 24 ശതമാനത്തിലേറെ ഉയര്‍ച്ച ഇന്ത്യാ സിമന്റ്‌സിന്റെ ഓഹരി വിലയില്‍ കാണാം. ചൊവാഴ്ച്ച 209 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്.

മംഗളം ഓര്‍ഗാനിക്‌സ്

മംഗളം ഓര്‍ഗാനിക്‌സ്

കെമിക്കല്‍ കമ്പനിയായ മംഗളം ഓര്‍ഗാനിക്‌സാണ് ദമാനിയുടെ അടുത്ത വിശ്വസ്തര്‍. കര്‍പ്പൂരം, സോഡിയം അസറ്റേറ്റ്, സിന്തറ്റിക് റെസിന്‍സ്, ഫിനോള്‍ ഫോര്‍മാല്‍ഡിഹൈഡ് റെസിന്‍സ് എന്നീ രാസവസ്തുക്കളുടെ നിര്‍മാണത്തിലും വില്‍പ്പനയിലുമാണ് മംഗളം ഓര്‍ഗാനിക്‌സ് പ്രധാനമായും ഏര്‍പ്പെടുന്നത്. മംഗളം, കാംപ്യുവര്‍ എന്നീ രണ്ടു ബ്രാന്‍ഡുകളെ കമ്പനി വിപണിയില്‍ അണിനിരത്തുന്നുണ്ട്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികള്‍ മംഗളം ഓര്‍ഗാനിക്‌സിന്റെ സ്ഥിരം തട്ടകങ്ങളാണ്.

 
ഡിസംബർ പാദം

2021 ഡിസംബറിലെ കണക്കുപ്രകാരം രാധാകിഷന്‍ ദമാനിക്ക് ഈ സ്‌മോള്‍-കാപ്പ് കമ്പനിയില്‍ 2.17 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ ഡിസംബര്‍ പാദം 49 ശതമാനം ലാഭമിടിവ് മംഗളം ഓര്‍ഗാനിക്‌സ് നേരിട്ടിരുന്നു. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 296.8 മില്യണ്‍ രൂപയില്‍ നിന്നും 151.2 മില്യണ്‍ രൂപയായി കുറഞ്ഞു. പുതുതായി രൂപീകരിച്ച മംഗളം പൂജ സ്റ്റോര്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കീഴില്‍ ചെറുകിട പൂജ വിപണി പിടിച്ചെടുക്കാനുള്ള കരുനീക്കത്തിലാണ് ഇപ്പോള്‍ കമ്പനി. കഴിഞ്ഞ ഒരു വര്‍ഷം കാര്യമായ തരംഗങ്ങള്‍ കണ്ടെത്താന്‍ മംഗളം ഓഹരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ചൊവാഴ്ച്ച 903.90 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ നിര്‍ത്തിയത്.

വിഎസ്ടി ഇന്‍ഡസ്ട്രീസ്

വിഎസ്ടി ഇന്‍ഡസ്ട്രീസ്

സിഗരറ്റ്, പുകയില ഉത്പന്നങ്ങളുടെ നിര്‍മാണത്തിലാണ് വിഎസ്ടി ഇന്‍ഡസ്ട്രീസ് കൈകടത്തുന്നത്. ഇന്ത്യന്‍ സിഗരറ്റ് വിപണി കയ്യാളുന്ന ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് വിഎസ്ടി ഇന്‍ഡസ്ട്രീസ്. 1930 -ല്‍ സ്ഥാപിതമായ ഈ കമ്പനി 90 വര്‍ഷത്തിലേറെയുള്ള പാരമ്പര്യം അവകാശപ്പെടുന്നു. ചാര്‍മിനാര്‍, ചാര്‍മ്‌സ്, സ്‌പെഷ്യല്‍, മൊമന്റ്‌സ്, ടോട്ടല്‍, എഡിഷന്‍സ് എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകള്‍ വിഎസ്ടി ഇന്‍ഡസ്ട്രീസിന് കീഴിലുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും വിഎസ്ടി ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. 9 ശതമാനമാണ് സിഗരറ്റ് വിപണിയില്‍ വിഎസ്ടി ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റ് ഷെയര്‍.

നിക്ഷേപം

2021 ഡിസംബറിലെ കണക്കുപ്രകാരം രാധാകിഷന്‍ ദമാനിക്ക് വിഎസ്ടി ഇന്‍ഡസ്ട്രീസില്‍ 1.63 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കമ്പനിയുടെ 2.5 ലക്ഷം ഓഹരികള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ഭദ്രമാണ്. വളരെക്കാലമായി വിഎസ്ടി ഇന്‍ഡസ്ട്രീസിലെ പ്രധാന നിക്ഷേപകരില്‍ ഒരാളാണ് ദമാനി. ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ബ്രൈറ്റ് സ്റ്റാര്‍ വഴിയും വിഎസ്ടി ഇന്‍ഡസ്ട്രീസില്‍ വലിയ നിക്ഷേപങ്ങള്‍ ദമാനി നടത്തുന്നുണ്ട്. ഇതുവരെ വിഎസ്ടി ഇന്‍ഡസ്ട്രീസിന്റെ 25.95 ശതമാനം ഓഹരികള്‍ ബ്രൈറ്റ് സ്റ്റാര്‍ സമാഹരിച്ചിട്ടുണ്ട്.

ഡിവിഡന്റ് യീൽഡ്

ഒരുഭാഗത്ത് പണപ്പെരുപ്പം ചെറുക്കുന്നതിനിടെയും തുടര്‍ച്ചയായ വോളിയം വീണ്ടെടുക്കല്‍ വഴി ശക്തമായ സാമ്പത്തിക കണക്കുകളാണ് മൂന്നാം പാദം വിഎസ്ടി ഇന്‍ഡസ്ട്രീസ് കാഴ്ച്ചവെച്ചത്. ആരോഗ്യകരമായ ഡിവിഡന്റ് വിതരണവും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയിലുള്ള മികച്ച ട്രാക്ക് റെക്കോര്‍ഡും വിഎസ്ടി ഇന്‍ഡസ്ട്രീസിലെ പോസിറ്റീവ് ഘടകങ്ങളാണ്. ചൊവാഴ്ച്ച 3,059.90 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 3,895 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,794 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 15.45. ഡിവിഡന്റ് യീല്‍ഡ് 3.73 ശതമാനം.

ബിഎഫ് യൂട്ടിലിറ്റീസ്

ബിഎഫ് യൂട്ടിലിറ്റീസ്

കാറ്റാടികള്‍ വഴിയും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ബിഎഫ് യൂട്ടിലിറ്റീസ്. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രവര്‍ത്തനങ്ങളിലും കമ്പനി ചുവടുറപ്പിക്കുന്നുണ്ട്. നന്തി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസ്, നന്തി ഇക്കണോമിക് കോറിഡോര്‍ എന്റര്‍പ്രൈസസ്, നന്തി ഹൈവേ ഡെവലപ്പേഴ്‌സ്, അവിചാല്‍ റിസോഴ്‌സസ് എന്നീ നാലു അനുബന്ധ സ്ഥാപനങ്ങള്‍ ബിഎഫ് യൂട്ടിലിറ്റീസിന് കീഴിലുണ്ട്. ഹൈവേ ടോള്‍ നിര്‍മാണം, ടൗണ്‍ഷിപ്പ് വികസനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിവിധ മേഖലകളില്‍ ബിസിനസ് നടത്തിവരികയാണ് ഇവര്‍.

 
വ്യാപാരം

2021 ഡിസംബറിലെ കണക്കുപ്രകാരം രാധാകിഷന്‍ ദമാനിയുടെ കൈവശം ബിഎഫ് യൂട്ടിലിറ്റീസിന്റെ 1.28 ശതമാനം ഓഹരികളാണുള്ളത് (4.8 ലക്ഷം ഓഹരികള്‍). 2021 സെപ്തംബര്‍ പാദം 92.8 മില്യണ്‍ രൂപ അറ്റാദായം കമ്പനി കുറിച്ചിരുന്നു. മുന്‍വര്‍ഷമിത് 62.2 മില്യണ്‍ രൂപയായിരുന്നു. ഇതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദുര്‍ബലമാണ് ബിഎഫ് യൂട്ടിലിറ്റിസീന്റെ വില്‍പ്പന വളര്‍ച്ച (കേവലം 4.21 ശതമാനം മാത്രം). കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ബിഎഫ് യൂട്ടിലിറ്റീസിന്റെ ഓഹരി വിലയില്‍ 24 ശതമാനത്തിലേറെ ഉയര്‍ച്ച സംഭവിച്ചത് കാണാം. ചൊവാഴ്ച്ച 308.50 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X