നിക്ഷേപം തുടങ്ങി ഈ പണം പിൻവലിക്കുമ്പോൾ കാലം ഒരുപാട് കഴിയും. ഈകാലത്ത് പണം കൊണ്ട് എന്താണ് ഉപയോഗം, നല്ല പ്രായത്തിൽ ജീവിക്കാൻ സാധിച്ചില്ലല്ലോ എന്നൊക്കെയാകും പലരുടെയും ചിന്ത. 40 വയസ് എന്നത് ചെലവുകളുടെ പീക്ക് പോയിന്റാണ്.
മക്കളും കുടുംബവുമായി മുന്നോട്ട് പോകുമ്പോൾ ചെലവുകൾ പലവഴിക്ക് വരും. ഒരു 25 കാരനാണെങ്കിൽ ഈ സമയത്തേക്ക് നല്ലൊരു തുക സ്വന്തമാക്കാൻ പറ്റിയ നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ദിവസം 150 രൂപ നിക്ഷേപത്തിലൂടെ 23 ലക്ഷം രൂപ പിപിഎഫിലൂടെ എങ്ങനെ സ്വന്തമാക്കാം എന്ന് നോക്കാം.
പിപിഎഫ് അറിയേണ്ട കാര്യങ്ങൾ
എളുപ്പത്തിൽ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനാകും. പൊതുമേഖലാ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂർത്തിയായവർക്ക് സ്വന്തം പേരിലും കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്കും അക്കൗണ്ട് തുറക്കാം. ചില ബാങ്കുകൾ ഓൺലൈൻ സൗകര്യം നൽകുന്നുണ്ട്. 500 രൂപ മാത്രമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം നടത്താന്‍ വേണ്ട തുക. പരമാവധി നിക്ഷേപം സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കൂടാൻ പാടില്ല.
ഒറ്റത്തവണയായോ ഗഡുക്കളായോ പിപിഎഫിൽ നിക്ഷേപിക്കാം. 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക്. കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. 15 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. അഞ്ച് 5 വർഷ ബ്ലോക്കുകളായി ഉയർത്താം.
20 വർഷം കൊണ്ട് 23 ലക്ഷം നേടാം
25 വയസില്‍ പിപിഎഫ് നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് ദിവസം 150 രൂപ നിക്ഷേപിച്ചാല്‍ 20ാം വർഷം കാലാവധി എത്തുമ്പോല്‍ 23 ലക്ഷം നേടാന്‍ സാധിക്കും. അതായത് ദിവസം 150 രൂപ കരുതുമ്പോള്‍ മാസത്തില്‍ 4500 രൂപ പോസ്റ്റ് ഓഫീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ സാധിക്കും.
വര്‍ഷത്തില്‍ 54,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. 20 വര്‍ഷത്തിന് ശേഷം 10.80 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുന്നത്. 7.1 ശതമാനം പലിശ നിരക്ക് കൂട്ടുപലിശ രീതിയിലുള്ള നേട്ടം ലഭിക്കുമ്പോള്‍ 13.16 ലക്ഷം രൂപ പലിശ ലഭിക്കും. ഇതുപ്രകാരം 23.96 ലക്ഷം രൂപ ലഭിക്കും.
ഒറ്റത്തുക പുറത്ത് പോകില്ല
ഇത്രയും നേട്ടം കൊയ്യുമ്പോള്‍ നികുതി അടയ്ക്കണമോയെന്നതാണ് പലരുടെയും ചിന്ത. എന്നാല്‍ നികുതി രഹിത നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷമാണ് പിപിഎഫില്‍ പരമാവധി നിക്ഷേപിക്കാവുക. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം പൂര്‍ണമായും നികുതിയിളവ് ലഭിക്കും. കാലാവധിയില്‍ ലഭിക്കുന്ന പണത്തിനും പലിശയ്ക്കും പൂര്‍ണമായും നികുതിയിളവ് ഉണ്ട്. ഇതിനാല്‍ നിക്ഷേപത്തിലെ നേട്ടം പൂര്‍ണമായും നിക്ഷേപകന് സ്വന്തമാക്കാം.
നേരത്തെയുള്ള പിൻവലിക്കൽ
നിബന്ധനകൾക്ക് വിധേയമായി മാത്രമെ നിക്ഷേപം പിൻവലിക്കാൻ സാധിക്കുന്നുള്ളൂ. പിപിഎഫ് നിക്ഷേപം ഇടയ്ക്ക് വെച്ചു നിർത്തുമ്പോൾ ലഭിക്കുന്ന ആദായം കുറയും. നിക്ഷേപം ആരംഭിച്ച് 7 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കുകയുള്ളൂ. പിൻവലിക്കാതെ തന്നെ വായ്പ ലഭിക്കുന്ന സൗകര്യം പിപിഎഫിലുണ്ട്. നിക്ഷേപം ആരംഭിച്ച് മൂന്നാമത്തെ സാമ്പത്തിക വർഷം മുതൽ പിപിഎഫ് നിക്ഷേപത്തിന് വായ്പ അനുവദിക്കും. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനം വായ്പയായി നൽകും.
അക്കൗണ്ട് അവസാനിപ്പിക്കൽ
അഞ്ച് വര്‍ഷം പൂര്‍ത്തിയായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അവസാനിപ്പിക്കാനും അനുവദിക്കുന്നുണ്ട്. ഗുരുതര രോഗത്തിനുള്ള ചികിത്സ, വിദ്യാഭ്യാസം, വിദേശ യാത്ര എന്നീ സാഹചര്യങ്ങളിൽ അക്കൗണ്ട് പിൻവലിക്കാൻ അനുവദിക്കും. അക്കൗണ്ട് ഉടമ, ഉടമയുടെ പങ്കാളി, മക്കൾ എന്നിവരുടെ ആവശ്യങ്ങൾക്ക് മാത്രമെ പിൻവലിക്കൽ അനുവദിക്കുകയുള്ളൂ.
ഇത്തരത്തിൽ നേരത്തെ അക്കൗണ്ട് അവസാനിപ്പിക്കുമ്പോൾ പലിശ നേട്ടം കുറയും. 1 ശതമാനം പലിശ കുറച്ചാണ് നിക്ഷേപം പിൻവലിക്കാൻ അനുവദിക്കുക. നിക്ഷേപമുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ രേഖാമൂലം അപേക്ഷ നൽകി പാസ് ബുക്കും സമർപ്പിച്ചാൽ നിക്ഷേപം പിൻവലിക്കാം.


Click it and Unblock the Notifications