വായ്പയ്ക്കായി അപേക്ഷകളില്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കാണ് ബാങ്കുകള്‍ പൊതുവെ പണം നല്‍കാന്‍ താല്‍പര്യപ്പെടുന്നത്. സുരക്ഷിതമായ തിരിച്ചടവ് തന്നെയാണ് ബാങ്കുകള്‍ ഇവിടെ പരിഗണിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. ഇതിനാല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ പലവിധ ശ്രമങ്ങളും നടത്തുന്നവരെ കാണാം. സാമ്പത്തികമായ അച്ചടക്കമില്ലാതതിനാലാണ് പലര്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നത്.
ക്രെഡിറ്റ് യോഗ്യതയും അപകടസാധ്യതയും നിർണയിക്കാൻ ബാങ്കുകൾ ഉപയോഗിക്കുന്ന ഘടകം ക്രെഡിറ്റ് സ്കോർ മാത്രമല്ല. നല്ല പലിശ നിരക്കുകൾ ലഭിക്കുന്നതിന് മൊത്തത്തിലുള്ള ക്രെഡിറ്റ് പ്രൊഫൈൽ മികച്ചതാകേണ്ടതുണ്ട്. സാധാരണ ഗതിയില്‍ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന വിവരം എല്ലാവര്‍ക്കും അറിയാം.
ഇതുമാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നത് അധികം പരിചയമില്ലാത്ത ചില ഇടപാടുകള്‍ കൂടിയുണ്ട്. പലിശ നിരക്കുകൾ വർധിപ്പിക്കാനും ക്രെഡിറ്റ് സ്കോറുകൾ കുറയ്ക്കാനും കഴിയുന്ന അധികം ശ്രദ്ധിക്കപ്പെടാത്ത സാമ്പത്തിക തെറ്റുകള്‍ താഴെ വിശദമാക്കാം.
വസ്തുവിലുള്ള അധിക നിക്ഷേപം
ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും താല്പര്യമുള്ള നിക്ഷേപങ്ങളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ്. എന്നാല്‍ എല്ലായിടത്തും റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ഗുണം ചെയ്യില്ല. രണ്ടോ അതില്‍ കൂടുതലോ വീടുകള്‍ സ്വന്തമായുള്ളവര്‍ മറ്റൊരു ഭവന വായ്പുയ്ക്ക് അപേക്ഷിക്കാന്‍ നിലവിലെ പലിശ നിരക്കിനേക്കാള്‍ 25-50 അടിസ്ഥാന നിരക്കിന്റെ ഉയര്‍ന്ന പലിശ ഈടാക്കും.
ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിക്കും ഈ പലിശ നിരക്ക് ബാധകമാണ്. റിസര്‍വ് ബാങ്ക് ചട്ടപ്രകാരം രണ്ടോ അധിലധികമോ വീടുള്ളവര്‍ക്ക് കോമേഷ്യല്‍ റിയല്‍ എസ്‌റ്റേറ്റായാണ് കണക്കാക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍
പെട്ടന്നുള്ള ക്രെഡിറ്റ് ആവശ്യങ്ങള്‍ക്കായാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിനെ ഉപയോഗിക്കുന്നത് അനുസരിച്ചാണ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നത്. എല്ലാ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഡ്യൂ ഡേയ്റ്റിന് മുന്‍പ് തന്നെ അടച്ചു തീര്‍ക്കുന്നവരുടെ ക്രെഡിറ്റ് സ്‌കോര്‍ എപ്പോഴും ഉയര്‍ന്നതായിരിക്കും. ക്രെഡിറ്റ് കാര്‍ഡിലെ മിനിമം തുക മാത്രം അടയ്ക്കുന്നവരാണങ്കിലും ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും.
ഉയര്‍ന്ന ക്രെഡിറ്റ് ഉപയോഗം
ക്രെഡിറ്റ് കാര്‍ഡ് ബില്ലടവ് കൃത്യമാണെങ്കിലും തുടര്‍ച്ചയായി ഉയര്‍ന്ന ക്രെഡിറ്റ് ഉപയോഗം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഓരോ വ്യക്തിക്കും ക്രെഡിറ്റ് ലിമിറ്റ് ഉണ്ടായിരിക്കും. ഇതിനെ മറികടക്കാത്ത തരത്തിലായിരിക്കണം ക്രെഡിറ്റ് ഉപയോഗം. രണ്ടോ അധിലധികമോ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. ആകെ ക്രെഡിറ്റ് ലിമിറ്റിന്റെ 40 ശതമാനത്തില്‍ കൂടുതല്‍ ക്രെഡിറ്റ് ഉപയോഗം പാടില്ല.
അമിത ചെലവാക്കൽ
ഉത്സവ സീസണുകളില്‍ വലിയ ഓഫറുകള്‍ക്ക് പിന്നാലെ പോകുന്നവരില്‍ അമിത ചെലവാക്കലുകള്‍ക്ക് സാധ്യതയുണ്ട്. മൊബൈല്‍ ഫോണ്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ഇളവില്‍ ലഭിക്കുമ്പോള്‍ പലരും ഇതിനായി പണം ചെലവിടും. ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ എന്നിവ ഉപയോഗിച്ചുള്ള അമിതമായ ചെലവാക്കലുകള്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണമാകും.
ഇലക്ട്രോണിക്സ് ക്ലിയറിംഗ് സേവനങ്ങൾ
എസ്ഐപി പോലുള്ള ഇലക്ട്രോണിക്സ് ക്ലിയറിംഗ് സേവനങ്ങൾ (ഇസിഎസ്) മുടക്കം വരുത്തുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ? മ്യൂച്വല്‍ ഫണ്ട് എസ്ഐപികൾ വായ്പയുമായി ബന്ധമുള്ളതല്ല. എന്നിരുന്നാലും, എസ്ഐപികള്‍ക്ക് ഇസിഎസ് നിര്‍ബന്ധമാക്കിയാല്‍ ക്രെഡിറ്റ് സ്‌കോറുകളെ ബാധിച്ചേക്കാം. ബാങ്കുകള്‍ ഉപഭോക്താവിനെ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കമില്ലാത്ത വ്യക്തിയായി കാണക്കാക്കും. ഇത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ അടയ്ക്കാത്തതിനും ഇത് ബാധകമാണ്.


Click it and Unblock the Notifications