500 രൂപ നോട്ടുകൾ കയ്യിലുള്ളവർ സൂക്ഷിക്കുക; വ്യാജ നോട്ടുകൾ പണി തരും; കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം
റിസർവ് ബാങ്കിന്റെ 2021-22 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് പ്രകാരം ഒരു വർഷത്തിനിടെ 500 രൂപ കള്ളനോട്ടുകൾ കണ്ടെത്തുന്നതിൽ വലിയ വർധനവാണ് ഉണ്ടായത്. 102 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈയിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു സന്ദേശം പ്രകാരം ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പിന് പകരം ഗാന്ധിജിക്ക് സമീപം പച്ച വരകളുള്ള 500 രൂപ കറന്‍സി നോട്ടുകള്‍ വ്യാജമാണ് എന്നാണ്. റിസർവ് ബാങ്ക് ഈ പ്രചാരണത്തെ തള്ളിയെങ്കിലും സാധാരണക്കാർക്ക് വ്യാജ കറൻസിയെ തിരിച്ചറിയാനും ഇവ കയ്യിലെത്തിയാൽ എന്ത് ചെയ്യണമെന്നും അറിയില്ല. ഇക്കാര്യങ്ങളാണ് ചുവടെ വിശദമാക്കുന്നത്.
500 രൂപ നോട്ടിന്റെ പ്രത്യേകത
500 രൂപ നോട്ടിന്റെ ഔദ്യോഗിക വലുപ്പം 66 മില്ലി മീറ്റര്‍ നീളവും 150 മില്ലി മീറ്റര്‍ വീതിയുമാണ്. മങ്ങിയ ചാര നിറമാണ് നോട്ടീന്റേത്. ഇംഗ്ലീഷില്‍ സ്‌റ്റോണ്‍ ഗ്രേ എന്ന് വിളിക്കുന്ന നിറമാണിത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ചിത്രീകരിക്കുന്ന ചെങ്കോട്ട നോട്ടിന്റെ പിൻ ഭാഗത്തുമുണ്ട്.
500 എന്ന് സാധാരണ ഇംഗ്ലീഷ് അക്കത്തില്‍ എഴുതിയതിന് പുറമേ ദേവനാഗരി ഭാഷയിലും നോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കളര്‍ ഷിഫ്റ്റ് വിന്‍ഡോ വഴി സുരക്ഷിതമാക്കിയ ഭാരത്, ആർബിഐ എന്നിവ ലിഖിതങ്ങൾ നോട്ടിലുണ്ട്. നോട്ട് ചെരിച്ചാൽ ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയിലേക്ക് മാറും.
ഗാന്ധിജിയുടെ ചിത്രം
എല്ലാ കറൻസിയേതെന്ന പോലെ മഹാത്മാഗന്ധിയുടെ ചിത്രം 500 രൂപ നോട്ടിലുണ്ട്. ഇലക്ട്രോ ടൈപ്പ് വാട്ടര്‍ മാര്‍ക്കോട് കൂടിയാണ് ഈ ചിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് വലതു ഭാഗത്തായി റിസര്‍വ് ബാങ്ക് എംബ്ലവും ആർബിഐ ഗവര്‍ണറുടെ ഒപ്പും ഉണ്ടാകും. വലതു ഭാഗത്ത് അശോക സ്തംഭവും നോട്ടിലുണ്ടാകും.
മുകളില്‍ ഇടതുവശത്തും താഴെ വലതുവശത്തുമായ ആരോഹണ ക്രമത്തിൽ നമ്പര്‍ പാനല്‍, താഴെ വലതുവശത്ത് പച്ചയിൽ നിന്ന് നീല നിറത്തിലേക്ക് മാറാവുന്ന തരത്ത്ൽ 500 എന്ന രേഖപ്പെടുത്തിയിട്ടും ഉണ്ടാകും. നോട്ടിന്റെ പിറക് ഭാഗത്ത് നോട്ട് പ്രിന്റ് ചെയ്ത വര്‍ഷം, സ്വച്ഛ് ഭാരത് ലോഗോ, സ്വച്ഛ് ഭാരത് മുദ്രാവാക്യം എന്നിവ ഉണ്ടാകും. മധ്യഭാഗത്തായി ചെങ്കോട്ടയും ഇതിനോട് ചേർന്ന് ഇടത് ഭാഗത്ത് ഔദ്യോഗിക ഭാഷകളിൽ നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.
കള്ളനോട്ട് പ്രചരിപ്പിച്ചാൽ ശിക്ഷ
കള്ളനോട്ടുമായി ബന്ധപ്പെട്ട് പരമാധി ലഭിക്കുന്ന ശിക്ഷ ജീവപര്യന്തം തടവാണ്. വ്യാജ കറൻസി ആണെന്ന അറിവോടെ പ്രചരിപ്പിക്കുന്നത് ഐപിസി സെക്ഷൻ 489സി പ്രകാരം ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിനൊപ്പം പിഴയും ലഭിച്ചേക്കാം. കുറ്റത്തിന്റെ തോത് അനുസരിച്ച് 7 വർഷം മുതൽ ജീവപര്യന്തം വരെയാണ് ശിക്ഷ ലഭിക്കുക.
കള്ളനോട്ട് കണ്ടെത്തിയാൽ എന്ത് ചെയ്യും
ബാങ്ക് എടിഎമ്മിൽ ആണ് കള്ളനോട്ട് ലഭിക്കുന്നതെങ്കിൽ എടിഎം കൗണ്ടറിലെ സിസിടിവിയിലേക്ക് നോട്ട് കാണുന്ന വിധം പിടിക്കണം. രണ്ടു വശങ്ങളും ഈ രീതിയിൽ ക്യാമറയിൽ വ്യക്തമാകുന്ന രീതിയി. പിടിക്കുക. തുടർന്ന് എടിഎമ്മിലെ സെക്യൂരിറ്റി ജീവനക്കാരനെ ഈ വിവരം അറിയിച്ച് കള്ളനോട്ട് ബാങ്കിൽ ഏൽപ്പിക്കാം. എടിഎം ഇടപാടിന്റെ രസീത് കയ്യിലുണ്ടെന്ന് ഉറപ്പിക്കണം.
ബാങ്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉപഭോക്താവിന് യഥാർഥ നോട്ട് തിരികെ നൽകും. ഏതെങ്കിലും ഇടപാടുകൾക്കിടയിലും അബദ്ധ വശാൽ കയ്യിൽ വ്യാജ നോട്ട് എത്തിയാൽ ബാങ്കിലോ കറൻസി ചെസ്റ്റുകളിലോ മാത്രമെ ഇവ ഏൽപ്പിക്കാൻ പാടുള്ളൂ.


Click it and Unblock the Notifications


