രാജ്യത്ത് സ്വർണ്ണ വില ആർക്കും പിടി കൊടുക്കാതെ കുതിച്ചുയരുകയാണ്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒക്ടോബർ ഒന്നാം തീയ്യതി 42,680 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ അത് കുതിച്ചുയർന്നു. ഇതുവരെ 2760 രൂപയുടെ വർദ്ധനവാണ് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്.
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 45,320 രൂപയായിരുന്നു. ഗ്രാമിന് 5,665 രൂപ. എന്നാൽ ഇന്ന് ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5,680 രൂപയിലെത്തി. അതായത് ഒരു പവൻ സ്വർണ്ണത്തിന് 45,440 രൂപ. കഴിഞ്ഞ 2 ദിവസത്തിനിടെ 200 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് കൂടിയത്. കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളുടെ തുടർച്ചയായി ഒക്ടോബറിന്റെ ആദ്യ ദിനങ്ങളിലും സ്വർണ വിലയില്‍ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.

ഒക്ടോബർ അഞ്ചാം തീയ്യതിയാണ് സ്വർണ്ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയും. ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വിലയിലുണ്ടായ കുതിപ്പിന് കാരണം. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്‍ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് കാരണമാണ്.
രജ്യത്ത് സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് മനസിലാക്കുന്നത് സ്വർണ്ണം വാങ്ങുന്നതിലും നിക്ഷേപിക്കുന്നതിലും പ്രധാനമാണ്.
1. ആഗോള സ്വർണ്ണ വിപണിയിലെ പ്രവണതകൾ ഇന്ത്യയിലെ സ്വർണ്ണ വിലയിലും വലിയ സ്വാധീനം ചെലുത്തും. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ സ്വർണ്ണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും
2. സ്വർണ്ണത്തിന്റെ ആഭ്യന്തര ആവശ്യവും വിതരണവും വിലയെ ബാധിക്കുന്നു. ഉത്സവ സീസണുകളിലും വിവാഹ വേളകളിലും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ഇറക്കുമതി, കസ്റ്റംസ് തീരുവ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണത്തിന്റെ വിതരണത്തെയും ആത്യന്തികമായി വിലയെയും ബാധിക്കും.
3. ഇറക്കുമതി തീരുവയിലോ നിയന്ത്രണങ്ങളിലോ ഉള്ള മാറ്റങ്ങളടക്കമുള്ള സർക്കാർ നയങ്ങൾ സ്വർണ്ണ വിപണിയെ ബാധിക്കും. ഉദാഹരണത്തിന്, ഇറക്കുമതി തീരുവയിലെ വർദ്ധനവ് സ്വർണ്ണ വില ഉയരാൻ ഇടയാക്കും.
4. വിനിമയ നിരക്കുകൾ സ്വർണ്ണ വിലയിൽ നിർണായക പങ്ക് വഹിക്കുന്നു. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുമ്പോൾ, ഇന്ത്യയിൽ സ്വർണ വില ഉയരും, തിരിച്ചും.
5. നിക്ഷേപകരുടെ വികാരവും പെരുമാറ്റവും സ്വർണ്ണ വില നിർണ്ണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സമയങ്ങളിൽ, നിക്ഷേപകർ സ്വർണ്ണ നിക്ഷേപം നടത്തും. നിക്ഷേപത്തിന്റെ ആവശ്യകത വർധിക്കുന്നത് സ്വർണ്ണ വില വർദ്ധിപ്പിക്കും. നേരെമറിച്ച്, കൂടുതൽ സുസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളിൽ, സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം കുറയുന്നത് വില കുറയാൻ ഇടയാക്കിയേക്കാം. നിക്ഷേപകരുടെ മനഃശാസ്ത്രവും വികാരവും സ്വർണവിലയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സാരം
അതേ സമയം നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.


Click it and Unblock the Notifications