പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ 2024 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിന്റെ ആരംഭം കൂടിയാണിത്. അതിനാൽ തന്നെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങൾ ജനുവരി മാസത്തിൽ പ്രതീക്ഷിക്കാം. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ നികുതി ഇളവ് സംബന്ധിച്ച കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
ഇൻഷുറൻസ് കമ്പനികളുടെ കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റിന്റെ (സിഐഎസ്) പുതിയ ഫോർമാറ്റ്, ഫണ്ട് ഹൗസുകൾ ഈടാക്കുന്ന ഫീസും ചെലവുകളും ന്യായമാണെന്ന് ഉറപ്പാക്കേണ്ട മ്യൂച്വൽ ഫണ്ട് ട്രസ്റ്റികൾ തുടങ്ങിയ പ്രധാന സാമ്പത്തിക സംഭവ വികാസങ്ങൾ പരിശോധിക്കാം.
ഇൻഷൂറൻസ് വിശദാംശങ്ങൾ ഇനി ലളിതം
ജനുവരി 1 മുതൽ ഇൻഷുറൻസ് കമ്പനികൾ അവരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അപ്‌ഡേറ്റ് ചെയ്ത ഉപഭോക്തൃ വിവര ഷീറ്റ് (സിഐഎസ്) നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നിർദ്ദേശമുണ്ട്. സിഐസിഎസിന് ഐആർഡിഎഐ പുതിയ ഫോർമാറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവ പോളിസി വാങ്ങുമ്പോഴും പുതുക്കുമ്പോഴും പോളിസി രേഖകൾക്കൊപ്പം നൽകണമെന്നാണ് പുതിയ ചട്ടം.

ലളിതമായ ഭാഷയിൽ നിർണായക നയ നിബന്ധനകളുടെ സംഗ്രഹം നൽകുക എന്നതാണ് ഇതിലൂടെ ഉദ്യേശിക്കുന്നത്. വ്യക്തിഗത, ഫാമിലി ഫ്ലോട്ടർ പോളിസികൾക്ക് കീഴിലുള്ള ഇൻഷുറൻസ് തുക അല്ലെങ്കിൽ കവറേജ് തുക, പോളിസി പ്രകാരം അർഹതപ്പെട്ട ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കും.
മ്യൂച്വൽ ഫണ്ട് ചെലവ്
മ്യൂച്വൽ ഫണ്ട് യൂണിറ്റ് നിക്ഷേപകരിൽ നിന്ന് ഈടാക്കുന്ന ഫീസും ചെലവുകളും ന്യായമാണെന്ന് ഉറപ്പാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ (എഎംസി) ട്രസ്റ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഎംസിയുടെ സ്കീമുകളുടെ പ്രകടനവും സമാന ഫണ്ടുകളുടെയും ബെഞ്ചമാർക്ക്കളുടെയും പ്രകടനവും ട്രസ്റ്റികൾ അവലോകനം ചെയ്യേണ്ടതുണ്ട്.
നികുതി സർട്ടിഫിക്കറ്റ്
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളക്കാരാണെങ്കിൽ കമ്പനികൾക്ക് ടാക്സ് സേവിംഗ് നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. നിക്ഷേപങ്ങളുടെ തെളിവ് സമർപ്പിക്കാൻ കമ്പനികൾ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ചില സമയങ്ങളിൽ കമ്പനികൾ ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് വരെ സമയപരിധി നീട്ടി നൽകാറുണ്ട്.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C, 80D, 24, തുടങ്ങിയ വകുപ്പുകൾ പ്രകാരം കിഴിവുകൾ ക്ലെയിം ചെയ്യാൻ നടത്തിയ നിക്ഷേപങ്ങൾ, വാങ്ങിയ ഇൻഷുറൻസ് പോളിസികൾ, അല്ലെങ്കിൽ എടുത്ത ഭവന വായ്പകൾ എന്നിവയുടെ തെളിവുകളാണ് ഫയൽ ചെയ്യേണ്ടത്
കമ്പനി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഇവ പാലിക്കുന്നതിൽ ശമ്പളക്കാരൻ പരാജയപ്പെട്ടാൽ ശമ്പളത്തിൽ നിന്ന് അധിക നികുതി ഈടാക്കും. ഈ നികുതി ആദായനികുതി വകുപ്പിൽ നിന്ന് റീഫണ്ട് വഴി ക്ലെയിം ചെയ്യാമെങ്കിലും നിക്ഷേപ തെളിവ് കൃത്യസമയത്ത് സമർപ്പിക്കുന്നത് ഈ ബുദ്ധിമുട്ട് ഇല്ലാതാക്കും.
പലിശ ഉയരും
2024 സാമ്പത്തിക വർഷത്തിന്റെ ജനുവരി- മാർച്ച് പാദത്തിലേക്കുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. സുകന്യ സമൃദ്ധ യോജന നിക്ഷേപത്തിന് 0.20 ശതമാനവും 3 വർഷ ടൈം ഡെപ്പോസിറ്റിന് 0.10 ശതമാനവുമാണ് വർധനവ് വരുത്തിയ പലിശ നിരക്ക്.
പദ്ധതികൾക്ക് യഥാക്രമം 8.20 ശതമാനവും 7.10 ശതമാനവും ഇനി പലിശ ലഭിക്കും. ജനുവരി 1 മുതൽ ആരംഭിക്കുന്ന നിക്ഷേപങ്ങൾക്ക് ഈ പലിശ നിരക്ക് ലഭിക്കും. സുകന്യ സമൃദ്ധി യോജനയ്ക്ക് നിലവിലുള്ള നിക്ഷേപകർക്കും പുതിയ പലിശ ലഭിക്കും.
കാർ വില ഉയരും
ടാറ്റ മോട്ടോഴ്‌സ്, ഔഡി, മാരുതി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ചില വാഹന കമ്പനികൾ ജനുവരിയിൽ വാഹന വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ഇൻപുട്ട് വിലകൾ കാരണമാണ് കമ്പനികളുടെ വില വർധനവ്. ചില മോഡലുകൾക്ക് ഉയർന്ന വിലവർധനവ് ഉണ്ടാകുമ്പോൾ ഏകദേശം 2-3 ശതമാനം വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications