റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിന് പിന്നാലെ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയരുകയാണ്. പലിശ നിരക്കുയരുന്നതോടെ നിക്ഷേപകർ കൂടുതലായി ബാങ്കുകളെ ആശ്രയിക്കാൻ തുടങ്ങും. ബാങ്കുകളോടൊപ്പം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉയർന്ന പലിശ നിരക്ക് ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരത്തിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തിയിരിക്കുകയാണ് കെഎസ്എഫ്ഇ.
കേരള സർക്കാർ സ്ഥാപനമായതിനാൽ സുരക്ഷിതത്വത്തോടെ പൊതു ജനങ്ങൾക്കും ചിട്ടിയിൽ ചേർന്നവർക്കും കെഎസ്എഫ്ഇ സ്ഥിര നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്താം. കെഎസ്എഫ്ഇയുടെ ചിട്ടികളിലും മറ്റ് വായ്പാ പദ്ധതികളിലും ജാമ്യമായി സ്വീകരിക്കും എന്നത് സ്ഥിര നിക്ഷേപത്തിന്റെ ഗുണമാണ്. കൂടാതെ പൊതുമേഖലാ ബാങ്കുകളേക്കാൾ പലിശ നിരക്കും കെഎസ്എഫ്ഇ സ്ഥിര നിക്ഷേപത്തിലൂടെ ലഭിക്കും. പലിശ നിരക്കുകൾ നോക്കാം.
പുതുക്കിയ നിരക്കുകൾ
കെഎസ്എഫ്ഇ ആരംഭിച്ച പുതിയ സ്ഥിര നിക്ഷേപ പദ്ധതിയാണ് നേട്ടം സ്ഥിര നിക്ഷേപം. 400 ദിവസം കാലാവധിയുള്ള ഈ നിക്ഷേപത്തിന് 8 ശതമാനമാണ് പലിശ നല്‍കുന്നത്. 1 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ളതും 3 വര്‍ഷത്തില്‍ കുറവ് കാലാവധിയുള്ളതുമായ സ്ഥിര നി്‌ക്ഷേപത്തിനും പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്. 10 അടിസ്ഥാന നിരക്ക് വീതമാണ് പലിശ നിരക്കുയർത്തിയത്.
പൊതു വിഭാഗത്തിന് സ്ഥിര നിക്ഷേപത്തിന് 6.60 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.50 ശതമാനമായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശയാണ് പുതുക്കിയ നിരക്ക് പ്രകാരം ലഭിക്കുക. 1-3 വര്‍ഷത്തിന് ഇടയിലുള്ള ചിട്ടി പ്രൈസ് മണി നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിന് 8 ശതമാനം പലിശയും ലഭിക്കും.
ഹ്രസ്വകാല സ്ഥിര നിക്ഷേപം
30 ദിവസം മുതല്‍ 1 വര്‍ഷത്തിൽ താഴെ കാലാവധിയുള്ള ഷോർട്ട ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളും കെഎസ്എഫ്ഇയിൽ ലഭിക്കും. ഇതിന്റെ പലിശ നിരക്കില്‍ വ്യത്യാസം വരുത്തിയിട്ടില്ല. 30 ദിവസം മുതല്‍ 60 ദിവസം വരെ 3.25 ശതമാനം പലിശയും 61 ദിവസം മുതല്‍ 90 ദിവസം വരെ 4.25 ശതമാനം പലിശയും ലഭിക്കും.
91 ദിവസം മുതല്‍ 180ദിവസം വരെ 4.75 ശതമാനവും 181 ദിവസം മുതല്‍ 364ദിവസം വരെ 5.50 ശതമാനം പലിശയുമാണ് ലഭിക്കുക. 5000 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാം. നിക്ഷേപങ്ങൾ 500 രൂപയുടെ ഗുണിതങ്ങളായിരിക്കണം. ചിട്ടിയിൽ ചേരാത്തവർക്കും ഈ സ്ഥിര നിക്ഷേപങ്ങളിൽ ചേരാം.
ചിട്ടി പണം സ്ഥിര നിക്ഷേപമിട്ടാൽ
വിളിച്ചെടുത്ത/ നറുക്ക് ലഭിച്ച ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാതെ ചിട്ടി സ്ഥിര നിക്ഷേപമിടുമ്പോൾ 2 തരത്തിലാണ് പലിശ കണക്കാക്കുക. ചിട്ടിയിലേക്ക് ഇതുവരെ അടച്ച തുകയ്ക്ക് ഒരു പലിശ നിരക്കും ചിട്ടിയുടെ ഭാവിബാധ്യത കണക്കാക്കി ഈ തുകയ്ക്ക് മറ്റൊരു പലിശയും ലഭിക്കും. ചിട്ടിപ്രൈസ് മണിയിൽ ഇതുവരെ അടച്ച തുക സ്ഥിര നിക്ഷേപമിടുമ്പോൾ 7.10 ശതമാനം പലിശയാണ് ലഭിക്കുക.
മേൽ ബാധ്യത ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിലേക്കാണ് മാറ്റുക. ഈ തുകയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 8 ശതമാനമാണ്. 30 ദിവസം മുതൽ ചിട്ടി കാലാവധി വരെ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിൽ നിക്ഷേപിക്കാം. ചിട്ടിയുടെ കാലാവധി 1 വർഷത്തിൽ കുറവാണെങ്കിൽ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കാണ് ലഭിക്കുക.
സുഗമ അക്കൗണ്ട്
കെഎസ്എഫ്ഇയുടെ മറ്റൊരു അക്കൗണ്ടാണ് കെഎസ്എഫ്ഇ സുഗമ അക്കൗണ്ട്. ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് സമാനമാണ് ഈ അക്കൗണ്ട്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ മാറ്റുന്നതിനും ചിട്ടിയിലേക്ക് അടയ്ക്കേണ്ട പണം സൂക്ഷിക്കാനും ഉപയോഗിക്കാം. ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടിന് സമാനമാണ് സുഗമ അക്കൗണ്ട്. എന്നാൽ പലിശ നിരക്ക് ബാങ്കിനേക്കാൾ ഉയർന്നതാണ്. 4.50 ശതമാനം പലിശ ലഭിക്കും.


Click it and Unblock the Notifications