പെട്ടന്ന് പണം കണ്ടെത്താനുള്ള മാർഗങ്ങളിലൊന്നാണ് കെഎസ്എഫ്ഇ ചിട്ടികൾ. വിളിച്ചെടുത്ത് ആവശ്യ കാര്യങ്ങൾ നടത്താൻ സാധിക്കുന്നത് വഴി വായ്പയുടെ പലിശ ഭാരം ഒഴിവാക്കാമെന്നതാണ് ചിട്ടിയുടെ ഗുണം. വലിയ മാസ അടവ് സാധിക്കാത്തവർക്ക് ചെറിയ തുകയുടെ ചിട്ടികളും ഇപ്പോൾ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. ഇത്തരത്തിൽ ദിവസത്തിൽ 30 രൂപ കരുതുന്നൊരാൾക്ക് ചേരാൻ പറ്റുന്ന ചിട്ടിയാണ് ചുവടെ വിശദീകരിക്കുന്നത്. കെഎസ്എഫ്ഇ ഭദ്രത ചിട്ടിയുടെ ഭാഗമായി ഇപ്പോൾ ചിട്ടിയിൽ ചേർന്നാൽ ഭാഗ്യശാലിക്ക് 1 കോടി രൂപ നേടാനുള്ള അവസരവുമുണ്ട്.
കെഎസ്എഫ്ഇ ചിട്ടി
50 മാസ കാലവാവധിയുള്ള 1000 രൂപ മാസ അടവ് വരുന്ന 50,000 രൂപയുടെ ചിട്ടിയാണ് കെഎസ്എഫ്ഇയിൽ ലഭ്യമായ ഏറ്റവും ചെറിയ ചിട്ടി. മാസത്തിൽ 750 രൂപയ്ക്കും 1,000 രൂപയ്ക്കും ഇടയിലാണ് ചിട്ടിയുടെ മാസ അടവ് വരുന്നത്. ഇതിനാൽ തന്നെ ദിവസം 30 രൂപ കരുതുന്നൊരാൾക്ക് ചിട്ടിയിൽ ചേരാൻ സാധിക്കും. 4 വര്‍ഷം വും 2 മാസവുമാണ് ചിട്ടിയുടെ കാലാവധി.
സധാരണ ഗതിയില്‍ 2500 രൂപ മാസ അടവുള്ള 40 മാസ കാലയളവിലുള്ള 1 ലക്ഷത്തിന്റെ ചിട്ടിയാണ് അടിസ്ഥാന ചിട്ടിയായി കെഎസ്എഫ്ഇ ശാഖകളിൽ ആരംഭിക്കുന്നത്. തൃശൂർ വടക്കാഞ്ചേരി ശാഖയിലാണ് 50000 രൂപയുടെ ചെറിയ ചിട്ടി ആരംഭിക്കുന്നത്.
ചിട്ടിയുടെ ഗുണങ്ങൾ
കേരള സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമായതിനാൽ കെഎസ്എഫ്ഇയുടെ ചിട്ടിയിൽ നഷ്ട സാധ്യത തീരെയില്ല. ഇതോടൊപ്പം ഒരാള്‍ക്ക് 5 ചിട്ടികളില്‍ വരെ ചേരാവുന്നതാണ്. 2500 രൂപ മാസ അടവുള്ള 40 മാസ കാലത്തെ 1 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരുന്നതിന് പകരം ഏകദേശം ഇതേ മാസ തവണയിൽ 50,000 രൂപയുടെ മൂന്ന് ചിട്ടികളിൽ ചേരുന്നതാണ്. ഇതുവഴി ഒരാൾക്ക് 1.5 ലക്ഷം രൂപയുടെ ചിട്ടി നേടാന്‍ സാധിക്കും.
ലേല കിഴിവ്
ചെറിയ തുകയുടെ ചിട്ടിയായതിനാൽ പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ചിട്ടി കൂടുതൽ കാലം ലേലത്തിൽ പോകില്ല. കാലാവധിയിൽ ഏകദേശം 6000 മുതല്‍ 7000 രൂപ വരെയാണ് ചിട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ലേല കിഴിവ്. 43,000 മുതൽ 46,000 രൂപയ്ക്ക് ചിട്ടി ലേലത്തിൽ ലഭിക്കും.
ഇതിനാൽ കാലാവധിയോളം കാത്തിരിക്കാതെ ചിട്ടി ലേലത്തിൽ പിടിക്കുന്നതാണ് ഉചിതം. ലേലത്തിൽ പങ്കെടുക്കാൻ ചിട്ടിയിൽ ചേർന്ന ശാഖയിൽ നേരിട്ട് എത്തുകയോ പ്രോസ്കി നൽകുകയോ വേണം. സാധാരണ ചിട്ടിയായതിനാൽ മാസത്തിൽ ഒരു ലേലമാണ് ഉണ്ടാവുക.
ജാമ്യം
കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് ചിട്ടി തുക ലഭിക്കാനുള്ള നടപടികളിൽ പ്രധാനമാണ് ജാമ്യം സമർപ്പിക്കൽ. ചിട്ടിയിലെ മേൽ ബാധ്യതയ്ക്ക് തക്കമായ ജാമ്യം സമർപ്പിച്ചാലാണ് ചിട്ടിതുക ലഭിക്കുക. ഇവിടെ ചെറിയ സംഖ്യയുടെ ചിട്ടിയായതിനാൽ ഭാവി ബാധ്യതയും കുറയും. സ്വർണം, ലൈഫ് ഇന്‍ഷൂറന്‍സ് സറണ്ടര്‍ വാല്യു എന്നിവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിച്ചാൽ ചിട്ടി പണം കൈപറ്റാം. ചിട്ടിതുക സ്ഥിര നിക്ഷേപമിടുകയാണെങ്കിൽ നിലവിൽ 7.5 ശതമാനം വരെ പലിശയും ലഭിക്കും.
ഭാഗ്യാന്വേഷികൾക്ക് കോടി നേടാം
ഇപ്പോൾ ചിട്ടിയിൽ ചേരുകയാണെങ്കിൽ ഭാഗ്യം തുണയ്ക്കുന്നവർക്ക് 1 കോടി രൂപ വരെ നേടാൻ അവസരമുണ്ട്. കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടിയുടെ ഭാഗമായി ഒന്നാം സമ്മാനം 1 കോടി രൂപയോ വീടോ ആണ്. 2022 ജൂലായ് 23 മുതൽ 2023 ജനുവരി 31 വരെ കെഎസ്എഫ്ഇ ചിട്ടികളിൽ ചേരുന്നവരിൽ നിന്നും നറുക്കെടുക്കുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുക.
ആകെ 10.5 കോടി രൂപയുടെ സമ്മാനങ്ങളാണുള്ളത്. ബംബർ സമ്മാനത്തോടൊപ്പം മേഖലാ തല സമ്മാനങ്ങളും ചിട്ടിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് കാറുകളോ പരമാവധി 15.5 ലക്ഷം രൂപയോ ഇലക്ട്രിക് സ്കൂട്ടറുകളോ 75,000 രൂപയോ എന്നിവയാണ് മേഖലാ സമ്മാനങ്ങൾ.


Click it and Unblock the Notifications