കഴിഞ്ഞ രണ്ട് ആഴ്ചയായി നിഫ്റ്റി 16,900-നും 17,350-നും ഇടയില്‍ സ്ഥിരതയാര്‍ജിക്കുകയാണ്. ഇതിനോടകം 16,800 നിലവാരം ശക്തവും നിര്‍ണായകവുമായ സപ്പോര്‍ട്ട് മേഖലയായി ഉരുത്തിരിഞ്ഞു. നിരവധി തവണ ഈ മേഖലയില്‍ നിന്നും പിന്തുണ സ്വീകരിച്ച് സൂചിക കരകയറിയിട്ടുമുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ബ്രേക്കൗട്ടിലുള്ള 4 ഓഹരികള്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ വണ്‍ രംഗത്തെത്തി. അടുത്ത് 3- 4 ആഴ്ച കാലയളവിലേക്ക് പരിഗണിക്കാവുന്ന ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
ക്രോംടണ്‍ ഗ്രീവ്‌സ്
ഗാര്‍ഹിക വൈദ്യുതോപകര വിപണിയിലെ മുന്‍നിര കമ്പനിയാണ് ക്രോംടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലട്രിക്കല്‍സ്. തിങ്കളാഴ്ച രാവിലെ 380 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 490 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 4 ആഴ്ചയ്ക്കുള്ളില്‍ 29 ശതമാനം ലാഭം പ്രതീക്ഷിക്കുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 350 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
ആര്‍എസ്‌ഐ സൂചകം പോസിറ്റീവാണ്. എംഎസിഡി സൂചകം താഴ്ന്ന നിലവാരത്തില്‍ നിന്നും കരകയറി പോസിറ്റീവ് ക്രോസ്ഓവറിനുള്ള വക്കിലാണ്. ഇതിനോടകം തിരുത്തല്‍ നേരിട്ടതും ശക്തമായ ഒന്നിലധികം സപ്പോര്‍ട്ട് മേഖലയില്‍ നില്‍ക്കുന്നതും അനുകൂലമാണ്.
മാക്‌സ് ഫിനാന്‍ഷ്യല്‍
ബാങ്ക് ഇതര സ്ഥാപനങ്ങളിലെ ഒന്നാമനും സ്വകാര്യ മേഖലയിലെ നാലാമതും നില്‍ക്കുന്ന ഇന്‍ഷുറന്‍സ് കമ്പനി മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രമോട്ടറാണ് മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. തിങ്കളാഴ്ച രാവിലെ 750 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഈ നിലവാരത്തില്‍ നിന്നും 940 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 25 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 690 രൂപയില്‍ ക്രമീകരിക്കണം.
ആര്‍എസ്‌ഐ സൂചകം വാങ്ങാനുള്ള സൂചന നല്‍കി. എംഎസിഡി താഴ്ന്ന നിലവാരത്തില്‍ നിന്നും ബുള്ളിഷ് ക്രോസ്ഓവറിലേക്കുള്ള യാത്രയിലാണ്.
ദീപക് ഫെര്‍ട്ടിലൈസര്‍
രാജ്യത്തെ ഏറ്റവും വലിയ കെമിക്കല്‍ കമ്പനികളിലൊന്നാണ് ദീപക് ഫെര്‍ട്ടിലൈസര്‍ & പെട്രോകെമിക്കല്‍സ് കോര്‍പറേഷന്‍. ഇന്ന് രാവിലെ 660 രൂപ നിലവാരത്തിലാണ് ഓഹരികള്‍ നില്‍ക്കുന്നത്. ഇവിടെ നിന്നും 774 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3- 4 ആഴ്ചയ്ക്കകം 18 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 560 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
അടുത്തിടെ പെന്നന്റ് പാറ്റേണിലുള്ള ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. സ്ഥിരതയാര്‍ജിക്കലിനു ശേഷം സംഭവിക്കാവുന്ന വലിയ കുതിപ്പിന് മുന്നോടിയായാണ് പെന്നന്റ് പാറ്റേണുകള്‍ കാണപ്പെടുന്നത്. ഓഹരിയുടെ ടെക്‌നിക്കല്‍ സൂചകങ്ങളും പോസിറ്റീവ് മേഖലയിലാണ്.
തമിഴ്‌നാട് പെട്രോ പ്രോഡക്ട്‌സ്
തമിഴ്‌നാട് സര്‍ക്കാരിന്റെ വ്യവസായ വികസന കോര്‍പറേഷന്റേയും എസ്പിഐസിയുടേയും സംയുക്ത സംരംഭമാണ് തമിഴ്‌നാട് പെട്രോ പ്രോഡക്ട്‌സ്. ലീനിയര്‍ ആല്‍ക്കൈല്‍ ബെന്‍സീന്‍, കാസ്റ്റിക് സോഡ, ക്ലോറിന്‍, പ്രോപലീന്‍ ഓക്‌സൈഡ് തുടങ്ങിയ പെട്രോ കെമിക്കല്‍ ബിസിനസിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച 117.50 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഈ നിലവാരത്തില്‍ നിന്നും 140 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 19 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 112 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. കഴിഞ്ഞയാഴ്ച ഡൗണ്‍വാര്‍ഡ് ട്രെന്‍ഡ്‌ലൈനില്‍ നിന്നുള്ള ബ്രേക്കൗട്ട് സംഭവിച്ചു. എംഎസിഡി സൂചകവും അനുകൂലമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്‍ പുറത്തിറക്കിയ റിപ്പേര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications