പലിശ നിരക്കുകള്‍ താമസിയാതെ വര്‍ധിച്ചേക്കുമെന്ന സാഹചര്യം മികച്ച പ്രകടനം പുറത്തെടുക്കാത്ത ഓഹരികളില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു. അതുപോലെ വിദേശ നിക്ഷേപകരുടെ വില്‍പ്പനയും ദുര്‍ബല ആഗോള സൂചനകളും വിപണിയില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്നുണ്ട്. എങ്കിലും മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ച തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുളള മുന്നേറ്റവും വിപണിയില്‍ ദൃശ്യമാണ്. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും കേരളത്തില്‍ രൂപീകൃതമായി വളര്‍ന്നു വലുതായ ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എല്‍കെപി സെക്യൂരിറ്റീസ് രംഗത്തെത്തി.
വി-ഗാര്‍ഡ്
രാജ്യത്തെ പ്രമുഖ കണ്‍സ്യുമര്‍ ഇലക്ട്രിക്കല്‍- ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളാണ് കൊച്ചി ആസ്ഥാനമായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. 1977-ല്‍ ചെറിയ തോതില്‍ ആരംഭിച്ച വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ നിര്‍മാണ യൂണിറ്റാണ് ഇന്ന് വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായി വളര്‍ന്നത്. നിലവില്‍ 5000-ലധികം ജീവനക്കാരുണ്ട്. ആഭ്യന്തര, വ്യാവസായിക, കാര്‍ഷിക, ഇലക്ട്രോണിക് വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നീ വിഭാഗളിലായി വൈവിധ്യമാര്‍ന്ന നിരവധി ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. രജ്യത്താകെ 500-ലധികം വിതരണക്കാരും 40,000 റീട്ടെയിലര്‍മാരും കമ്പനിക്കുണ്ട്. 2008-ല്‍ എന്‍എസ്ഇ, ബിഎസ്ഇ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തു.
സാമ്പത്തികം
ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വി-ഗാര്‍ഡ് 967.38 കോടി രൂപയാണ് സംയോജിത വരുമാനം നേടിയത്. രണ്ടാം പാദത്തേക്കാള്‍ 6.60 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 16 ശതമാനവും വളര്‍ച്ച കരസ്ഥമാക്കി. മൂന്നാം പാദത്തില്‍ 53.92 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ 9 മാസത്തില്‍ കമ്പനിയുടെ വരുമാനം 31 ശതമാനവും അറ്റാദായം നാലു ശതമാനവും വര്‍ധിച്ചിട്ടുണ്ട്. എങ്കിലും അടുത്തിടെ അനുഭവപ്പെടുന്ന അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ലാഭക്ഷമതയെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അനുകൂല ഘടകം
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലോക്ക്ഡൗണും രണ്ടാം പകുതിയില്‍ വിലക്കയറ്റം ഭീഷണിയായിട്ടും വി-ഗാര്‍ഡ് (BSE: 532953, NSE : VGUARD) വരുമാനം വര്‍ധിപ്പിച്ചത് മികവിനെ സൂചിപ്പിക്കുന്നു. ശക്തമായ വിതരണ ശൃംഖലയും മികച്ച രീതിയില്‍ ഉത്പാദനശേഷി വിനിയോഗിക്കുന്നതും ഇതിന് സഹായകമായി. ഡിസംബര്‍ പാദത്തില്‍ വി-ഗാര്‍ഡിന്റെ എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വിലക്കയറ്റം മൂലമുള്ള ചെലവിന്റെ വലിയൊരു ഭാഗം നികത്താന്‍ വില പുനര്‍ക്രമീകരണ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ലക്ഷ്യവില 281
വെള്ളിയാഴ്ച 214.75 രൂപ നിലവാരത്തിലാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 281 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം ഇതിലൂടെ 32 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 285 രൂപയും കുറഞ്ഞ വില 210 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്ക് 55.96 ശതമാനം ഓഹരികളും വിദേശ നിക്ഷേപകര്‍ക്ക് 14.32 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.99 ശതമാനം ഓഹരികളും കൈവശമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications