ഓഹരിയുടമകള്‍ ഊരാക്കുടുക്കിലേക്ക്? പേടിഎമ്മിന്റെ ലക്ഷ്യവില വീണ്ടും വെട്ടിച്ചുരുക്കി; അറിയേണ്ടതെല്ലാം

ഇതുവരെ ഇന്ത്യയില്‍ നടന്നതില്‍ ഏറ്റവും വലിയ ഐപിഒ എന്ന വിശേഷണവുമായാണ് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനദാതാവായ പേടിഎം ഓഹരി വിപണിയിലേക്ക് കടന്നു വന്നത്. എന്നാല്‍ അരങ്ങേറ്റം മുതല്‍ കാലിടറുന്ന കാഴ്ചയാണ് ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഓഹരികളില്‍ പിന്നീട് കാണാനായത്. നവംബര്‍ 18-ന് ലിസ്റ്റിങ് ദിനത്തിലെ വ്യാപാരത്തുടക്കം പോലും ഓഹരി അനുവദിക്കപ്പെട്ട വിലയില്‍ നിന്നും 400 രൂപയിലേറെ തകര്‍ച്ചയോടെയായിരുന്നു. ഇതുവരെ ഐപിഒയിലെ ഇഷ്യൂ വിലയുടെ സമീപത്തേക്ക് പോലും എത്താന്‍ കഴിയാതിരുന്ന ഓഹരിയില്‍ വീണ്ടും കരിനിഴല്‍ പടര്‍ത്തി പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രശസ്ത ആസ്‌ട്രേലിയന്‍ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനവും വിപണി വിശകലന വിദഗ്ധരുമായ മക്വാറീ (Macquarie) പേടിഎം ഓഹരികളുടെ ലക്ഷ്യവില വീണ്ടും വെട്ടിച്ചുരുക്കി.

പേടിഎം

പേടിഎം

പ്രമുഖ രാജ്യാന്തര നിക്ഷേപകനായ വാറന്‍ ബഫേയുടെ ബെര്‍ക്ക്‌ഷെയര്‍ ഹാത്വേ ഇന്‍കോര്‍പ്പറേഷന്റെയും ചൈനയിലെ അതിസമ്പന്നനായ ജാക്ക് മായുടെ ആന്റ് ഗ്രൂപ്പ് കമ്പനിയുടെയും പിന്തുണയുള്ള നോയിഡ ആസ്ഥാനമായ ഓണ്‍ലൈന്‍ പേയ്‌മെന്റ ഇടപാടും അനുബന്ധ സേവനങ്ങളും നല്‍കുന്ന ഫിന്‍ടെക് കമ്പനിയാണ് പേടിഎം. ഔദ്യോഗികമായി വണ്‍-97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന് വിളിക്കുന്ന പേടിഎം, പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 18,300 കോടി രൂപയാണ് വിപണിയില്‍ നിന്നും സമാഹരിച്ചത്. മൊബൈല്‍ റീച്ചാര്‍ജിങ് സംവിധാനവുമായി 2010-ല്‍ വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപിച്ചത്. പിന്നീട് മൊബൈല്‍ വാലറ്റായും ധനകാര്യ മേഖലയിലെ സേവനദാതാവായും വളര്‍ന്നു. നിലവില്‍ രണ്ട് കോടിയിലധികം വ്യാപാരികളുടെ ശൃംഖലയുള്ള പേടിഎമ്മിന് ഇന്ത്യയിലെ മെര്‍ച്ചന്റ്- പേയ്മെന്റ് മാര്‍ക്കറ്റില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.

ലക്ഷ്യവില വീണ്ടും താഴ്ത്തി

ലക്ഷ്യവില വീണ്ടും താഴ്ത്തി

ലിസ്റ്റിങ് ദിനത്തിലെ തകര്‍ച്ചയ്ക്കു ശേഷം പേടിഎമ്മിന്റെ ഓഹരികള്‍ക്ക് മക്വാറീ നിര്‍ദേശിച്ചിരുന്ന വില നിലവാരം 1,200 രൂപയായിരുന്നു. ഇവിടെ നിന്നും 900 രൂപയിലേക്കാണ് മക്വാറീയുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ലക്ഷ്യവില താഴ്ത്തിയിരിക്കുന്നത്. അതിനിടെ തിങ്കളാഴ്ച രാവിലെ വ്യാപരത്തിന്റെ തുടക്കം 1230 രൂപയില്‍ ആയിരുന്നെങ്കിലും പിന്നീട് പേടിഎം ഓഹരികളില്‍ കടുത്ത വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. ഇതോടെ 3 ശതമാനത്തിലധികം താഴ്ന്ന് 1,190 നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

ഇനിയും 26% ഇടിവ്

ഇനിയും 26% ഇടിവ്

പേടിഎം ഓഹരിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും താഴന്ന വില നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം ചെയ്യപ്പെടുന്നത്. ഐപിഒ-യില്‍ ഓഹരി അനുവദിക്കപ്പെട്ട ഇഷ്യൂ വിലയുടെ 40 ശതമാനത്തോളം താഴ്ന്ന് 1,190 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്. ഇതോടെ മക്വാറീ നല്‍കിയിരിക്കുന്ന ലക്ഷ്യവിലയിലേക്ക് ഓഹരി നീങ്ങിയാല്‍ നിക്ഷേപകര്‍ 26 ശതമാനം നഷ്ടം കൂടി നേരിടേണ്ടി വരും. കമ്പനിയുടെ ഭാവി വളര്‍ച്ചാ സാധ്യതകളിലെ അവ്യക്തതയാണ് പേടിഎമ്മിന്റെ വിലനിലവാരം താഴ്ത്താനുള്ള കാരണമായി വിദേശ നിക്ഷേപ സ്ഥാപനം മുന്നോട്ട് വച്ചിരിക്കുന്നത്. യുപിഐ ഇടപാടുകള്‍ ജനകീയമായതും പരിഗണിക്കേണ്ട ഘടകമാണ്. എങ്കിലും പേടിഎമ്മിന് വളര്‍ച്ച ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാവുമെന്നുള്ള നിഗമനങ്ങളും മറുവശത്തുണ്ട്.

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1,051 കോടി രൂപയാണ് പേടിഎം (BSE : 543396, NSE : PAYTM) വരുമാനം നേടിയത്. ഇതേകാലയളവിലെ അറ്റ നഷ്ടം 461 കോടി രൂപയുമായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ വരുമാനം 617 കോടി രൂപയും അറ്റ നഷ്ടം 390 കോടി രൂപയുമായിരുന്നു. അതായാത് ഒരു വര്‍ഷത്തിനിടെ നഷ്ടം ഇരട്ടിയായി വര്‍ധിച്ചു. അതേസമയം, കഴിഞ്ഞ നാലു പാദങ്ങളായി വരുമാനത്തില്‍ വര്‍ധന കാണിക്കുന്നുണ്ടെങ്കിലും മറുവശത്ത് നഷ്ടവും ക്രമാനുഗതമായി കൂടുന്നുവെന്നതും ശ്രദ്ധേയമാണ്.

ഐപിഒ പൊളിയാനുള്ള കാരണം

ഐപിഒ പൊളിയാനുള്ള കാരണം

ഐപിഒയില്‍ ഓഹരി ഇഷ്യൂ ചെയ്യപ്പെട്ട വിലനിലവാരം (2,150) പേടിഎം കമ്പനിയുടെ നിലവിലെ വരുമാനത്തിന്റെയും മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വളരെ ഉയര്‍ന്നതായിരുന്നു. വിപണിയിലെ സമാന വിഭാഗത്തലുള്ള എതിരാളികള്‍ നേടുന്ന വരുമാനവുയി താരതമ്യം ചെയ്യുമ്പോഴും സമീപകാലയളവില്‍ വരുമാനത്തിലുണ്ടാകുന്ന ഇടിവും ചൂണ്ടിക്കാട്ടിയാണ് പേറ്റിഎമ്മിന്റെ വില നിലവാരം ഉയര്‍ന്നതാണെന്ന് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. 1,200 രൂപ നിലവാരത്തിലാവും പ്രാഥമിക ഓഹരി വില്‍പ്പനയെന്നാണ് പൊതുവേ കരുതിയിരുന്നത്. കൂടാതെ, കമ്പനിയുടെ ഭാവിയിലേക്കുള്ള വളര്‍ച്ചാ സാധ്യതകളും ലാഭക്ഷമതയും സംബന്ധിച്ച ആശങ്കകളും ലിസ്റ്റിങ് ദിനത്തിലെ നിരാശയാര്‍ന്ന പ്രകടനത്തിനുള്ള മറ്റ് ഘടകങ്ങളുമായി മാറി. 2150 രൂപ നിരക്കില്‍ ഇഷ്യൂ ചെയ്ത ഓഹരികള്‍ 590 രൂപയുടെ നഷ്ടത്തോടെ 1,560-ലായിരുന്നു ആദ്യദിന വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം രാജ്യാന്തര നിക്ഷേപ സ്ഥാപനമായ മക്വാറീ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X