വിലയിടിഞ്ഞത് സാരമാക്കേണ്ട; പരിഗണിക്കാം അടിസ്ഥാനപരമായി മികച്ചു നില്‍ക്കുന്ന ഈ 4 ഓഹരികളെ

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പതറി നില്‍ക്കുകയാണ് ഓഹരി വിപണി. യുദ്ധ കാഹളം മുഴങ്ങിയതോടെ സെന്‍സെക്‌സും നിഫ്റ്റിയും ജനുവരിയിലെ ഉയരങ്ങളില്‍ നിന്ന് 12 ശതമാനത്തോളം തിരിച്ചിറങ്ങി. ഒരുഭാഗത്ത് യുദ്ധം നടമാടുമ്പോള്‍ മറുഭാഗത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം, വിദേശ നിക്ഷേപകരുടെ കൂട്ടവില്‍പ്പന, സപ്ലൈ ചെയിന്‍ പ്രതിസന്ധികള്‍, കുത്തനെ കയറുന്ന അസംസ്‌കൃത എണ്ണവില, പലിശ നിരക്ക് വര്‍ധനവ് പോലുള്ള ആശങ്കകള്‍ വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്നുണ്ട്. നിക്ഷേപകരും ട്രേഡര്‍മാരും ഒരുപോലെ ജാഗ്രത തുടരുന്നു.

പരിഗണിക്കാം

സമീപകാല തിരുത്തല്‍ പരിഭ്രാന്തി സൃഷ്ടിക്കുമ്പോഴും ഗുണനിലവാരമുള്ള ഓഹരികള്‍ വിലക്കിഴിവില്‍ സമാഹരിക്കാനുള്ള മികച്ച അവസരമാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈവരുന്നത്. ഓഹരികള്‍ക്ക് വിലയിടിഞ്ഞ് നില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ അടിസ്ഥാനപരമായി മികച്ചു നില്‍ക്കുന്ന നാലു ഓഹരികള്‍ ചുവടെ കാണാം. ദീര്‍ഘകാല നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് പരിഗണിക്കാവുന്നവയാണ് ഇവ.

1. ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്

1. ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌പ്ലേസാണ് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്. ബിസിനസ്-ടു-ബിസിനസ് (ബി2ബി) സെഗ്മന്റില്‍ പുതുവിപ്ലവം കൊണ്ടുവരാന്‍ കമ്പനിക്ക് കഴിഞ്ഞു. വെബ് പോര്‍ട്ടല്‍ വഴിയാണ് വില്‍പ്പന സേവനങ്ങള്‍ ഇന്ത്യാമാര്‍ട്ട് ലഭ്യമാക്കുന്നത്. ചെറുകിട, ഇടത്തരം ബിസിനസുകളാണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കള്‍. നിലവില്‍ ബി2ബി ക്ലാസിഫൈഡ്‌സ് മേഖലയില്‍ 60 ശതമാനത്തിലേറെ മാര്‍ക്കറ്റ് വിഹിതം ഇന്ത്യാമാര്‍ട്ടിനുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌പ്ലേസെന്ന വിശേഷണവും കമ്പനിക്ക് സ്വന്തം.

 
മാർജിൻ വളർച്ച

60 ലക്ഷം വിതരണ സ്റ്റോറുകള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യാമാര്‍ട്ടിന്റെ പോര്‍ട്ട്‌ഫോളിയോ. 10.2 കോടി ഉപയോക്താക്കള്‍ കമ്പനിയുടെ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍ പാദം 8 ശതമാനം വര്‍ധനവോടെ 1.9 ബില്യണ്‍ രൂപയാണ് ഇന്ത്യാമാര്‍ട്ട് ഏകീകൃത വരുമാനം കണ്ടെത്തിയത്. നിലവിലെ ഉപയോക്താക്കളില്‍ നിന്നും വിറ്റുവരവ് കൂടിയതിന് പുറമെ പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷന്റെ എണ്ണം വര്‍ധിച്ചതും വരുമാനത്തില്‍ നിര്‍ണായകമായി.

പോയപാദം നികുതിക്ക് മുന്‍പുള്ള ലാഭം 930 മില്യണ്‍ രൂപയും അറ്റാദായം 700 മില്യണ്‍ രൂപയുമാണ് കമ്പനി രേഖപ്പെടുത്തുന്നത്. ഇവിടെ മാര്‍ജിന്‍ വളര്‍ച്ച യഥാക്രമം 44 ശതമാനവും 33 ശതമാനവുമാണ്.

ഏറ്റെടുക്കൽ

കടബാധ്യതയില്ലെന്നതാണ് ഇന്ത്യാമാര്‍ട്ടിന്റെ മറ്റൊരു സവിശേഷത. കഴിഞ്ഞ ഏതാനും വര്‍ഷമായി മറ്റു ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്ന പതിവും കമ്പനി തുടര്‍ന്നുവരികയാണ്. റിയല്‍ബുക്ക്‌സ്, ബിസി ഇന്‍ഫോടെക്ക്, വ്യാപാര്‍, ലെജിസ്റ്റിഫൈ, ഫ്‌ളീറ്റക്‌സ്, ഷിപ്പ്‌വേ തുടങ്ങിയ കമ്പനികള്‍ ഇന്ത്യമാര്‍ട്ട് ഏറ്റെടുത്തുകഴിഞ്ഞു. വ്യാഴാഴ്ച്ച 4 ശതമാനത്തിലേറെ നഷ്ടത്തിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. ഇപ്പോഴത്തെ ഓഹരി വില 4,535 രൂപ. കഴിഞ്ഞ ആറു മാസം കൊണ്ട് 49 ശതമാനത്തിലേറെ തിരുത്തല്‍ സ്റ്റോക്കില്‍ സംഭവിച്ചുകഴിഞ്ഞു.

 
2. മണപ്പുറം ഫൈനാന്‍സ്

2. മണപ്പുറം ഫൈനാന്‍സ്

കേരളത്തില്‍ നിന്നുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് മണപ്പുറം ഫൈനാന്‍സ്. സ്വര്‍ണ വായ്പകള്‍, ഭവന വായ്പകള്‍, വാഹന വായ്പകള്‍, മണി എക്‌സ്‌ചേഞ്ച് പോലുള്ള ഫണ്ടും ഫീസും അധിഷ്ഠിത സേവനങ്ങള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലായി 3,500 -ല്‍പ്പരം ശാഖകളാണ് കമ്പനിയുടെ പ്രവര്‍ത്തിക്കുന്നത്. ഇതേസമയം, 2021 ഡിസംബര്‍ പാദത്തിലെ നിറംകെട്ട കണക്കുകള്‍ മണപ്പുറം ഫൈനാന്‍സിന് ക്ഷീണം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് കമ്പനിയുടെ അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 2.6 ബില്യണ്‍ രൂപയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷമിത് 4.8 ബില്യണ്‍ രൂപയായിരുന്നു.

ലാഭവളർച്ച

ആദായം കുറഞ്ഞ സ്വര്‍ണ വായ്പകളില്‍ ശ്രദ്ധചെലുത്തിയതും ചെലവുകള്‍ വര്‍ധിച്ചതും പോയപാദം കമ്പനിക്ക് വിനയായി. ബിസിനസ് മോഡലിലെ ഈ മാറ്റം മുന്‍നിര്‍ത്തി മാനേജ്‌മെന്റിന് കീഴിലുള്ള സ്വര്‍ണ വായ്പാ ആസ്തി 9 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ നിരക്കിലാണ് ആദായം വരുന്നത്. ഇതു ലാഭക്ഷമതയെ സാരമായി ബാധിച്ചു. എന്തായാലും കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 37 ശതമാനം സംയുക്ത ലാഭവളര്‍ച്ചയാണ് കമ്പനി കയ്യടക്കുന്നത്. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയിലും ശക്തമായ ട്രാക്ക് റെക്കോര്‍ഡ് കാണാം. 26.11 ശതമാനമാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തെ കമ്പനിയുടെ ROE.

 
ഡിവിഡന്റ്

മികച്ച ഡിവിഡന്റ് ചരിത്രവും മണപ്പുറം ഫൈനാന്‍സിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനി പതിവായി ലാഭവിഹിതം നല്‍കി വരികയാണ്. വ്യാഴാഴ്ച്ച 2.42 ശതമാനം നേട്ടം കുറിച്ചുകൊണ്ടാണ് മണപ്പുറം ഫൈനാന്‍സ് ഓഹരിയിടപാടുകള്‍ നിര്‍ത്തിയത്. കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 118.55 രൂപ. കഴിഞ്ഞ ഒരു മാസം കൊണ്ട് 24 ശതമാനത്തിലേറെ തിരുത്തല്‍ ഓഹരി വിലയില്‍ സംഭവിച്ചിട്ടുണ്ട്.

3. ഐഒഎല്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്

3. ഐഒഎല്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്

ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ (എപിഐ) കമ്പനികളില്‍ ഒന്നാണ് ഐഒഎല്‍ കെമിക്കല്‍സ്. ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും കമ്പനിക്ക് ഒരുപോലെ സാന്നിധ്യമുണ്ട്. പെയിന്‍ മാനേജ്‌മെന്റ്, ആന്റി-ഡയബറ്റിക്, ആന്റി-പ്ലേറ്റ്‌ലറ്റ്, ആന്റി-കോളസ്‌ട്രോള്‍ തുടങ്ങിയ വിവിധ ചികിത്സാ മേഖലകളില്‍ ഐഒഎല്‍ കെമിക്കല്‍സ് മരുന്നുകള്‍ നിര്‍മിച്ചുവരികയാണ്. ലോകത്തെ ഏറ്റവും വലിയ ഐബ്യുപ്രോഫന്‍ ഉത്പാദകരാണ് ഇവര്‍; ആഗോളത്തില്‍ 35 ശതമാനം മാര്‍ക്കറ്റ് വിഹിതമാണ് കമ്പനി അവകാശപ്പെടുന്നത്. ഈഥൈല്‍ അസറ്റേറ്റ്, ഐസോ ബ്യൂട്ടൈല്‍ ബെന്‍സീന്‍, മോണോ ക്ലോറോ അസറ്റിക് ആസിഡ്, അസറ്റൈല്‍ ക്ലോറൈഡ് അടക്കം നിരവധി സ്‌പെഷ്യാലിറ്റി കെമിക്കലുകളും ഐഒഎല്‍ കെമിക്കല്‍സ് ഉത്പാദിപ്പിക്കുന്നുണ്ട്.

വിലയിടിവ്

2019 -ന് ശേഷം കമ്പനിയുടെ ലാഭമാര്‍ജിന്‍ ശക്തമായി ഉയരുകയാണ്. പ്രധാന ഉത്പന്നങ്ങളായ ഐബ്യുപ്രോഫനും ഈഥൈല്‍ അസറ്റൈറ്റിനും ഡിമാന്‍ഡ് കൂടിയതാണ് ലാഭമാര്‍ജിനുകളെ സ്വാധീനിക്കുന്നത്. ഇതിനിടെ ഉത്പാദന ശേഷിയും കമ്പനി വിപുലീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 67.4 ശതമാനം ലാഭവളര്‍ച്ചയും 28 ശതമാനം വില്‍പ്പന വളര്‍ച്ചയുമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഐഒഎല്‍ കെമിക്കല്‍സ് രേഖപ്പെടുത്തുന്നത്. ഇതിന് പുറമെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 41 ശതമാനം ഡിവിഡന്റ് വളര്‍ച്ചയും കമ്പനി അറിയിക്കുന്നുണ്ട്. വ്യാഴാഴ്ച്ച 351.50 രൂപയിലാണ് ഐഒഎല്‍ കെമിക്കല്‍സ് ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ആറു മാസം കൊണ്ട് 37 ശതമാനം വിലയിടിവ് കമ്പനി നേരിടുന്നുണ്ട്.

4. സിയറ്റ് ലിമിറ്റഡ്

4. സിയറ്റ് ലിമിറ്റഡ്

ഇന്ത്യയിലെ മുന്‍നിര ടയര്‍ നിര്‍മാതാക്കളാണ് സിയറ്റ് ലിമിറ്റഡ്. രാജ്യത്ത് അതിവേഗം വളരുന്ന ടയര്‍ കമ്പനിയെന്ന വിശേഷണവും സിയറ്റിനുണ്ട്. 90 -ലധികം രാജ്യങ്ങളിലാണ് സിയറ്റ് ടയറുകള്‍ വില്‍ക്കുന്നത്. ടാറ്റ മോട്ടോര്‍സ്, അശോക് ലെയ്‌ലാന്‍ഡ്, എസ്‌കോര്‍ട്ട്‌സ്, മഹീന്ദ്ര, മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, ഫോക്‌സ്‌വാഗണ്‍, ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്, പിയാജിയോ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ക്കളുമായി സിയറ്റിന് സഹകരണമുണ്ട്. നിലവില്‍ ട്രക്കുകളുടെയും ബസുകളുടെയും വിഭാഗത്തില്‍ നിന്നാണ് കമ്പനി സിംഹഭാഗം വരുമാനവും കണ്ടെത്തുന്നത്.

ഡിസംബർ പാദം

ഇതേസമയം, 2021 ഡിസംബര്‍ പാദം നേരിയ ക്ഷീണം സിയറ്റ് രേഖപ്പെടുത്തി. ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ ഏകീകൃത വരുമാനം 1.6 ശതമാനം കുറഞ്ഞ് 24.2 ബില്യണ്‍ രൂപയായി. മുന്‍വര്‍ഷം 1.3 ബില്യണ്‍ രൂപ അറ്റാദായം കുറിച്ചിടത്ത് 200 മില്യണ്‍ രൂപയുടെ നഷ്ടം ഇത്തവണ കമ്പനിയെ തേടിയെത്തി. ചരക്കുകളുടെ വില കൂടിയതിന് പുറമെ ടയറുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞതുമാണ് സിയറ്റിന് പോയപാദം വിനയായത്. എന്തായാലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 25 ശതമാനം ലാഭവളര്‍ച്ച സിയറ്റ് കുറിക്കുന്നുണ്ട്. 19 ശതമാനമെന്ന ആരോഗ്യകരമായ ഡിവിഡന്റ് വളര്‍ച്ചയും കമ്പനിയെ കൂടുതല്‍ ആകര്‍ഷമാക്കുന്നു.

ഓഹരി വില

നിലവില്‍ ടൂ-വീലര്‍, പാസഞ്ചര്‍ കാര്‍, ഓഫ് ഹൈവേ ടയര്‍ സെഗ്മന്റുകളില്‍ ബിസിനസ് വളര്‍ത്താനുള്ള കരുനീക്കത്തിലാണ് സിയറ്റ്. ടൂ-വീലര്‍ സെഗ്മന്റില്‍ 30 ശതമാനം മാര്‍ക്കറ്റ് വിഹിതം കമ്പനിക്കുണ്ട്. ഇലക്ട്രിക് ടൂ-വീലര്‍ വിഭാഗത്തിലാകട്ടെ 60 ശതമാനം മാര്‍ക്കറ്റ് ഷെയറും സിയറ്റ് കയ്യടക്കുന്നു. രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ടൂ-വീലര്‍ നിര്‍മാതാക്കളുമായി സിയറ്റിന് സഹകരണമുണ്ട്. വ്യാഴാഴ്ച്ച 979.90 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ നിര്‍ത്തിയത്. കഴിഞ്ഞ ആറു മാസം കൊണ്ട് സിയറ്റിന്റെ ഓഹരി വിലയില്‍ 26 ശതമാനം തിരുത്തല്‍ കാണാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X