പ്രതികൂല ആഗോള ഘടകങ്ങളാല്‍ ആഭ്യന്തര വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. റഷ്യന്‍- ഉക്രൈന്‍ സംഘര്‍ഷത്തില്‍ അയവു വരാത്തതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇതിനിടെയിലും ഇന്‍ഡക്‌സ് ഹെവി വെയിറ്റ് സ്‌റ്റോക്കും വിപണി മൂല്യത്തില്‍ ഒന്നാമനുമായ റിലയന്‍സ് ഇൻഡസ്ട്രീസില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ചും ഓഹരിയുടെ റേറ്റിങ് ഉയര്‍ത്തിയും നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങളാണ് മുന്നോട്ടുവന്നിരിക്കുന്നത്. ടെലികോം, പുനരുപയോഗ ഊര്‍ജ വിഭാഗത്തിന്റേയും മൂല്യം പുനര്‍നിശ്ചയിച്ചതാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലക്ഷ്യവില പുതുക്കി നിശ്ചയിക്കുന്നതിന് അടിസ്ഥാനമാക്കിയത്. ഇതിലൂടെ ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 20- 30 ശതമാനം വരെ ഉയരത്തിലാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്.
ഐഐഎഫ്എല്‍- പോര്‍ട്ട്‌ഫോളിയോയിലെ തന്ത്രപരമായ നിക്ഷേപമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് വിശേഷിപ്പിക്കുന്നത്. വരുമാനത്തിലെ സ്ഥിരത ചൂണ്ടിക്കാട്ടിയാണ് വിശേഷണം. ക്രൂഡ് ഓയില്‍ വില വര്‍ധനവ് റിഫൈനിങ്ങിലും പെട്രോകെമിക്കല്‍ ബിസിനസിനും ഗുണകരമായി പ്രതിഫലിക്കും. കൂടാതെ ജിയോയിലെ നിരക്ക് വര്‍ധനവും റീട്ടെയില്‍ വിഭാഗത്തിലെ വികസനവും നിര്‍മാണവും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാവി വരുമാനത്തിലും സ്ഥിരത നല്‍കുമെന്നും ഐഐഎഫ്എല്‍ ചൂണ്ടിക്കാട്ടി. 2,758 രൂപയാണ് ഓഹരിക്ക് ഇവര്‍ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.
എലാര സെക്യൂരിറ്റീസ്- റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടുത്തിടെ ആരംഭിച്ച പുനരുപയോഗ ഊര്‍ജ ബിസിനസിന്റെ ഓഹരി മൂല്യം 318 രൂപയായാണ് ബ്രോക്കറേജ് സ്ഥാപനം കണക്കുക്കൂട്ടുന്നത്. ഇതോടെ റിലയന്‍സിന്റെ ലക്ഷ്യവില 2,793-ല്‍ നിന്നും 2,981 രൂപയിലേക്കും ഉയര്‍ത്തി. തിങ്കളാഴ്ചത്തെ ക്ലോസിങ് നിലവാരമായ 2,359.55 രൂപയില്‍ നിന്നും 28 ശതമാനം മുകളിലാണ് എലാര സെക്യൂരിറ്റീസ്, റിലയന്‍സിന്റെ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
ജെഫറീസ് ഗ്രൂപ്പ്- അമേരിക്കന്‍ ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ജെഫറീസ്, ജിയോയ്ക്ക് 9,500 കോടി യുഎസ് ഡോളര്‍ മൂല്യമാണ് കല്‍പ്പിക്കുന്നത്. ഇതില്‍ 1,600 കോടിയോളം രൂപയുടെ ഡിജിറ്റല്‍ ആസ്തികളുടേതാണ്. സമാനമായി റിലയന്‍സ് റീട്ടെയിലിന്റേത് 10,400 കോടി ഡോളറാണ്. ഇതില്‍ 2,000 കോടി ഡോളര്‍ മൂല്യം ഇ-കൊമേഴ്‌സ് വിഭാഗത്തിനുണ്ടെന്നും കണക്കുക്കൂട്ടുന്നു. ഓയില്‍-ടു-കെമിക്കല്‍ വിഭാഗത്തിന് 7,800 കോടി ഡോളറും പുതിയ പുനരുപയോഗ ഊര്‍ജ വിഭാഗം ബിസിനസിന് 1,800 കോടി ഡോളര്‍ മൂല്യവും കണക്കാക്കുന്നു.
കോവിഡില്‍ പ്രതിസന്ധി നേരിട്ടെങ്കിലും റിലയന്‍സ് റീട്ടെയിലേക്ക് നേരിട്ടെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇതിനോടൊപ്പം കടകളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്ന നിരക്കും ഉയര്‍ന്ന തോതിലാണ്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ 52 ശതമാനം വിസ്തൃതിയാണ് കൂട്ടിച്ചേര്‍ത്തത്. കോവിഡ് തരംഗം ഒതുങ്ങി നില്‍ക്കുകയാണെങ്കില്‍ കടകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ തോത് ഉയരുമെന്നും ജെഫറീസ് ചൂണ്ടിക്കാട്ടി. ഇതിനോടൊപ്പം ജിയോയുടെ നിരക്ക് വര്‍ധനയും ഗുണകരമാണ്. ഉപഭോക്താക്കള്‍ കൊഴിയുന്നുണ്ടെങ്കിലും 2023 സാമ്പത്തിക വര്‍ഷം 30 ശതമാനം വര്‍ധന പ്രവര്‍ത്തന ലാഭത്തില്‍ നേടുമെന്നാണ് അനുമാനം. ചൈനീസ് ആവശ്യകത വീണ്ടും ഉയരുകയാണെങ്കില്‍ റിലയന്‍സിന്റെ പെട്രോകെം വിഭാഗത്തിലും ലാഭമാര്‍ജിന്‍ മെച്ചപ്പെടുമെന്നും ജെഫറീസ് ചൂണ്ടിക്കാട്ടുന്നു.
ജെഎം ഫിനാന്‍ഷ്യല്‍- റിലയന്‍സിന്റെ ടെലികോം വിഭാഗമായ ജിയോയുടെ മൂല്യം പരിഗണിച്ചാണ് ഓഹരികളില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്യുന്നത്. ജിയോ കീഴിലുള്ള ഡിജിറ്റല്‍ സേവനങ്ങളില്‍ വീഡിയോ (ജിയോ ടിവി, ജിയോ സിനിമ), ഓഡിയോ (ജിയോ സാവന്‍), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നിവയുടെ ഓഹരി മൂല്യം 1,500 കോടി ഡോളറായാണ് കണക്കുക്കൂട്ടുന്നത്. കൂടാതെ ഈ സേവനങ്ങളില്‍ നിന്നും പ്രതിയോഹരി 120 രൂപ ജിയോയുടെ വാല്യുവേഷനായ 930 രൂപയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. അങ്ങനെ വിലയിരുത്തിയാല്‍ റിലയന്‍സിന്റെ ഓഹരി വില 2,815 ആകും. ഇത് ജിയോയുടെ മൂല്യത്തിന്റെ 2.2 മടങ്ങ് മാത്രമാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അടുത്ത 3-5 വര്‍ഷം റിലയന്‍സിന്റെ പ്രതിയോഹരി വരുമാനം 18-20 ശതമാനം സംയോജിത വാര്‍ഷിക നിരക്കില്‍ വര്‍ധിക്കുമെന്നും ജെഎം ഫിനാന്‍ഷ്യല്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications