2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ പ്രവര്‍ത്തനഫലം കോര്‍പ്പറേറ്റ് കമ്പനികള്‍ പ്രഖ്യാപിച്ചു തുടങ്ങി. പതിവു പോലെ വന്‍കിട ഐടി കമ്പനികളായ ടിസിഎസും ഇന്‍ഫോസിസുമാണ് ആദ്യം ഫലം പ്രസിദ്ധീകരിച്ചത്. പൊതുവിലെ പ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ഇരു കമ്പനികളും ഫല പ്രഖ്യാപനം നടത്തിയതെങ്കിലും വിപണിയില്‍ ചലനം സൃഷ്ടിക്കാനായിട്ടില്ല. സമീപകാല വിപണിയുടെ ഭാഗധേയം നിര്‍ണയിക്കുന്നതിലും കമ്പനികളുടെ ഫലപ്രഖ്യാപനം വലിയ സ്വാധീനം ചെലുത്തും. ഈയൊരു പശ്ചാത്തലത്തില്‍ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തന ഫലം വിലയിരുത്തിയതാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്‍ഫോസിസ് ഫലം
2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 5,686 കോടി രൂപയാണ് ഇന്‍ഫോസിസിന്റെ വരുമാനം. ഇത് പാദാനുപാദത്തില്‍ 2.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 14.3 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. 22,210 കോടിയാണ് കമ്പനിയുടെ വാര്‍ഷിക അറ്റാദായം. അതേമയം, അറ്റാദയം വിപണി പ്രതീക്ഷിച്ചതിലും താഴെയാണ് കമ്പനി പുറത്തുവിട്ടത്. അതേസമയം, മാര്‍ച്ച് പാദത്തില്‍ ഇന്‍ഫോസിസിന്റെ വരുമാനം 32,276 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 1.3 ശതമാനം വര്‍ധനയാണ്. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആകെ വരുമാനം 1.21 ലക്ഷം കോടിയായി ഉയര്‍ന്നു. വാര്‍ഷികമായി 21.1 ശതമാനം വളര്‍ച്ചയാണ് ദൃശ്യമായത്.
വാര്‍ഷിക വളര്‍ച്ച
നാലാം പാദ പ്രവര്‍ത്തന ഫലങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ ഐടി രംഗത്ത് വലിപ്പത്തില്‍ ഒന്നാമനായ ടിസിഎസിനെ, രണ്ടാമനായ ഇന്‍ഫോസിസ് മറികടന്നതായാണ് കാണാനാവുന്നത്. കഴിഞ്ഞ കുറെ സാമ്പത്തിക പാദങ്ങളിലും സമാന പ്രവണതയാണ് പ്രകടമാകുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്‍ഫോസിസിന്റെ വാര്‍ഷിക വരുമാനം 22.7 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ടിസിഎസിന്റേത് 15.75 ശതമാനം മാത്രമാണ്. സമാനമായി വാര്‍ഷിക അറ്റാദായത്തില്‍ ഇന്‍ഫോസിസ് 12 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ടിസിഎസിന്റേത് 7.4 ശതമാനം മാത്രമാണ്.
ഡിവിഡന്റ് 16 രൂപ
നാലാം പാദഫലം പ്രഖ്യാപിക്കുന്നതിനോടൊപ്പം 2021-22 സാമ്പത്തിക വര്‍ഷത്തെ അന്തമി ലാഭവിഹിതവും ഇന്‍ഫോസിസ് പ്രഖ്യാപിച്ചു. ലാഭവിഹിതം വിതരണം ചെയ്യുന്നതിന് ഓഹരിയുടമകളെ തിരിച്ചറിയുന്നതിനുള്ള റെക്കോഡ് ഡേറ്റ് ജൂണ്‍ 1-നാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ജൂണ്‍ 28-ന് ലാഭവിഹിതം കൈമാറുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതോടെ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ 31 രൂപയാവും ലാഭവിഹിത ഇനത്തില്‍ നല്‍കുന്നത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 14.8 ശതമാനം വര്‍ധനയുണ്ട്. അതായത്, 2022 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതമായി ആകെ 13,000 കോടി രൂപയാണ് ഓഹരിയുടമകള്‍ക്ക് കൈമാറുന്നത്.
ഉയരുന്ന ചെലവ്
മാര്‍ച്ച് പാദത്തില്‍ കഴിഞ്ഞ 12 മാസക്കാലയളവിലുള്ള ഇന്‍ഫോസിസിന്റെ സന്നദ്ധ ചെലവുകള്‍ 27.7 ശതമാനമായി ഉയര്‍ന്നു. മൂന്നാം പാദത്തിന്റെ അവസാനത്തില്‍ ഇത് 25.5 ശതമാനവും 2020-21 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തില്‍ 10.9 ശതമാനവുമായിരുന്നു. ശമ്പളയിനത്തില്‍ ചെലവ് ഏറിയതും ജീവനക്കാര്‍ ഉയര്‍ന്നതും സന്നദ്ധ ചെലവുകള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം, മാര്‍ച്ച് മാസാവസാനത്തോടെ ആകെ ജോലിക്കാരുടെ എണ്ണം 3,14,015 ആയി വര്‍ധിച്ചു. ഡിസംബര്‍ പാദത്തില്‍ 2,92,067 പേരും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,59,619 പേരായിരുന്നു ആകെ ജീവക്കാര്‍.
വമ്പന്‍ കരാറുകള്‍
ഐടി കമ്പനികള്‍ക്ക് പൊതുവില്‍ പുതിയ കരാറുകള്‍ കുറയുന്ന സമയാമാണ് സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലം. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഇന്‍ഫോസിസ് നേടിയത് 230 കോടി യുഎസ് ഡോളറിന്റെ പുതിയ കരാറുകളാണ്. ഡിസംബര്‍ പാദത്തില്‍ ഇത് 250 കോടി ഡോളറായിരുന്നു. അതേസമയം 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ആകെ നേടിയ പുതിയ കരാറുകളുടെ മൂല്യം 950 കോടി യുഎസ് ഡോളറാണ്.
മാര്‍ഗോപദേശം
കമ്പനിയുടെ കാര്യക്ഷമതയിലുള്ള ഉപയോക്താക്കളുടെ സ്ഥിരവിശ്വാസം അടിസ്ഥാനമാക്കി വിപണി വിഹിതം വരും വര്‍ഷത്തിലും വര്‍ധിപ്പിക്കാനാകും എന്നാണ് ഇന്‍ഫോസിസ് നേതൃത്വം ഫലപ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ട 2022- 23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മാര്‍ഗോപദേശത്തില്‍ ചൂണ്ടിക്കാട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷം 16- 15 ശതമാനം നിരക്കില്‍ വരുമാന വളര്‍ച്ച നേടുമെന്നാണ് കമ്പനിയുടെ നിഗമനം. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലുള്ള നിരക്കാണ്. സമാനമായി നടപ്പ് സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 21- 23 ശതമാനം നിരക്കില്‍ വളരുമെന്നാണ് കമ്പനിയുടെ അനുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications