കഴിഞ്ഞ വ്യാപാര ആഴ്ചയുടെ അവസാന രണ്ട് ദിനങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും പ്രധാന സൂചികകള്‍ക്ക് നിര്‍ണായക നിലവാരം കാത്തുസൂക്ഷിക്കാനായി. ആഴ്ചയുടെ അടിസ്ഥാനത്തില്‍ 2.5 ശതമാനത്തോളം നേട്ടം പ്രധാന സൂചികകള്‍ കരസ്ഥമാക്കി. നിഫ്റ്റി 414 പോയിന്റും ഉയര്‍ന്ന് 17,516-ലും സെന്‍സെക്സ് 1445 പോയിന്റ് വര്‍ധിച്ച് 58,644-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റിനോടനുബന്ധിച്ച റാലിയില്‍ എല്ലാ വിഭാഗം ഓഹരികളും പങ്കെടുത്തു. 6.6 ശതമാനം നേട്ടം കരസ്ഥമാക്കിയ മെറ്റല്‍ വിഭാഗമാണ് കഴിഞ്ഞയാഴ്ച മുന്‍പന്തിയിലെത്തിയത്. ഫാര്‍മ 4.6 %, എഫ്എംസിജി 3.6 %, ഐടി, ബാങ്ക് എന്നിവ 3 ശതമാനത്തിലേറെയും ഉയര്‍ന്നു. എന്‍എസ്ഇ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗങ്ങളും 2 ശതമാനത്തോളം വര്‍ധിച്ചത് പൊതുവിലുണ്ടായ ഉണര്‍വിനെയും സൂചിപ്പിക്കുന്നു. ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 6 ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആര്‍ബിഐ പോളിസി
പൊതുബജറ്റിന് ശേഷമുള്ള ആദ്യത്തെ റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗമാണ് തിങ്കളാഴ്ച മുതല്‍ ചേരുന്നത്. സമിതിയുടെ തീരുമാനം ബുധനാഴ്ച രാവില പ്രഖ്യാപിക്കും. ആര്‍ബിഐ ഗവര്‍ണറുടെ പ്രസ്താവന വിപണിക്ക് നിര്‍ണായകമാണ്. പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ സൂചനകള്‍ നല്‍കുമോയെന്നാവും ഉറ്റുനോക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദ്വൈമാസ അവലോകന യോഗത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ കടന്നു പോകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പണപ്പെരുപ്പം നിയന്ത്രിക്കുകയും വളര്‍ച്ച നിലനിര്‍ത്തുകയും ഒരുപോലെ കൈകാര്യം ചെയ്യേണ്ട വെല്ലുവിളിയാണ് റിസര്‍വ് ബാങ്ക് അഭിമുഖീകരിക്കുന്നത്.
മൂന്നാം പാദഫലം
ഫെബ്രുവരി 7-നും 12-നും ഇടയില്‍ 1600-ഓളം കമ്പനികളാവും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ പ്രവര്‍ത്തനഫലം പ്രസിദ്ധപ്പെടുത്തുക. ഭാരതി എയര്‍ടെല്‍, എസിസി, ബോഷ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഹീറോ മോട്ടോ കോര്‍പ്, ഹിന്‍ഡാല്‍കോ, എം & എം, ഡിവീസ് ലാബ്, ഒഎന്‍ജിസി, ഐആര്‍സിടിസി, പോളിസി ബാസാര്‍ (പിബി ഫിന്‍ടെക്), നൈക്ക (എഫ്എസ്എന്‍ ഇ-കൊമേഴ്‌സ്), സൊമാറ്റോ, സ്റ്റാര്‍ ഹെല്‍ത്ത്, ടാറ്റ പവര്‍, ഓറോബിന്ദോ ഫാര്‍മ, അമര രാജ, എന്‍എംഡിസി, സെയില്‍, അശോക് ലെയ്‌ലാന്‍ഡ്, ശോഭ എന്നീ പ്രമുഖ കമ്പനികള്‍ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം ഈയാഴ്ച പ്രഖ്യാപിക്കും.
ക്രൂഡ് ഓയില്‍
തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയാണ് ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത്. ഈ കാലയളവില്‍ 26 ശതമാനത്തോളമാണ് രാജ്യാന്തര വിപണിയില്‍ വില കൂടിയത്. അടുത്തിടെ ഒപെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്കിലും നേരത്തെ അംഗീകരിച്ച അളവില്‍ ഉത്പാദനം വര്‍ധിപ്പിക്കത്തതിനാല്‍ വില വര്‍ധനവ് ശമിച്ചിട്ടുമില്ല. നൈജീരിയന്‍ തീരത്ത് സൂപ്പര്‍ടാങ്കര്‍ തകര്‍ന്നത് കാരണം എണ്ണ സമുദ്രത്തില്‍ പടര്‍ന്നതിനാല്‍ ലിബിയയിലെ ആറ് തുറമുഖങ്ങളിലൂടെയുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണ്.
റഷ്യ- ഉക്രൈന്‍ സംഘര്‍ഷം
വമ്പന്‍ ശക്തികള്‍ ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്ന കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലെ ഉക്രൈന്‍- റഷ്യ സംഘര്‍ഷം ഈയാഴ്ചയും വിപണിയെ സ്വാധീനിക്കാവുന്ന ഘടകമാണ്. അടുത്ത ദിവസങ്ങളില്‍ ജര്‍മ്മന്‍ ചാന്‍സിലറും ഫ്രഞ്ച് പ്രസിഡന്റും മോസ്‌കോയും കീവും സന്ദര്‍ശിക്കുന്നത് സംഘര്‍ഷത്തിന് അയവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ച മോസ്‌കോയിലും ചൊവ്വാഴ്ച കീവീലും സന്ദര്‍ശനം നടത്തും. ജര്‍മ്മന്‍ ഭരണാധികാരി ഒലാഫ് ഷോള്‍സ് ഈമാസം 14-ന് കീവലും 15-ന് റഷ്യയും സന്ദര്‍ശിക്കും.
വിദേശ നിക്ഷേപകര്‍
തുടര്‍ച്ചയായ അഞ്ചാം മാസവും ഇന്ത്യന്‍ വിപണികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നത് അവസാനിപ്പിക്കാതെ വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുകയാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഓരോ വീഴ്ചയിലും വാങ്ങുന്നതു കൊണ്ടാണ് സൂചികകള്‍ പിടിച്ചു നില്‍ക്കുന്നത്. കഴിഞ്ഞയാഴ്ചയില്‍ 7,700 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ജനുവരിയില്‍ 41,000 കോടിയിലേറെ രൂപയുടെ വില്‍പ്പന നടത്തി. ബജറ്റിന് പിന്നാലെ ഫെബ്രുവരിയിലെ ആദ്യ നാലു ദിവസങ്ങളില്‍ മാത്രം 4,070 കോടി രൂപയും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചു. അതേസമയം, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 5,924 കോടി രൂപയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച വാങ്ങിക്കൂട്ടി.
ആഗോള ഘടകങ്ങള്‍
>> യുഎസ് ബോണ്ട് യീല്‍ഡ്- 2019 ഡിസംബറിന് ശേഷം നിരക്കുകള്‍ 1.9 ശതമാനം മറികടന്നത്.
>> തിങ്കളാഴ്ച- ചൈനയുടെ പിഎംഐ നിരക്കും ജര്‍മ്മനിയുടെ ഐഐപി ഡാറ്റയും പ്രഖ്യാപിക്കും.
>> ബുധനാഴ്ച- യുഎസിലെ ക്രൂഡ് ഓയില്‍ കണക്കുകള്‍, ജപ്പാന്റെ പിപിഐ നിരക്ക്.
>> വ്യാഴാഴ്ച-അമേരിക്കയുടെ തൊഴിലില്ലായ്മ നിരക്കും സിപിഐ അടിസ്ഥനമാക്കിയ പണപ്പെരുപ്പ നിരക്കും പുറത്തുവരും.
>> വെള്ളിയാഴ്ച- ബ്രിട്ടണിലെ ഐഐപി നിരക്ക് പ്രസിദ്ധീകരിക്കും.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
ആഭ്യന്തര വിപണിയില്‍ വെളളിയാഴ്ചത്തെ വ്യാപാരം ബെയറീഷ് ചായ്വോടെയുള്ള ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. വരുന്നയാഴ്ച അല്‍പ്പം ബെയറിഷ് ചായ്വോടെ സൈഡ്വേയ്സ് മൂവ്മെന്റിനായിരിക്കും സാധ്യത. 17,200- 17,300 നിലവാരം സപ്പോര്‍ട്ട് മേഖലയായും 17,800- 17,850 നിലവാരം റെസിസ്റ്റന്‍സ് മേഖലയായും വര്‍ത്തിക്കാം. 17,400-ന് താഴെ നിഫ്റ്റി ദിനാന്ത്യത്തില്‍ ക്ലോസ് ചെയ്യാത്തിടത്തോളം സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. മുകളില്‍ 17,800 നിലവാരം ഭേദിക്കാനായില്‍ വിപണി പൂര്‍ണമായും ബുള്ളിഷ് ട്രെന്‍ഡിലേക്ക് കടക്കും. അതേസമയം, ബാങ്ക്-നിഫ്റ്റിയെ സംബന്ധിച്ച് 38,500 നിലവാരം തകര്‍ന്നാല്‍ ഇപ്പോഴുള്ള കുതിപ്പിനെ ബാധിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications