'കാശ് വെള്ളത്തിലാക്കിയ വീരന്മാര്‍'; 2022 -ലെ 'ഫ്‌ളോപ്പ്' ഓഹരികള്‍ ഇവര്‍
2022 വര്‍ഷം കൊണ്ടുപിടിച്ച വില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ നടത്തുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടുമെന്ന ആധിയായിരുന്നു ആദ്യം. ഇതിനിടെ റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഉള്ളതെല്ലാം വിറ്റുപെറുക്കുന്ന തിരക്കിലായി വിദേശ നിക്ഷേപകര്‍.
എന്തായാലും കാര്‍മേഘം സാവധാനം നീങ്ങുന്നുണ്ട്. ആത്മവിശ്വാസത്തോടുള്ള മുന്നേറ്റങ്ങള്‍ക്കാണ് സെന്‍സെക്‌സും നിഫ്റ്റിയും സമീപകാലത്ത് ചുക്കാന്‍ പിടിക്കുന്നത്. വിശാല വിപണികളും ഭീകരമായ നഷ്ടങ്ങളില്‍ നിന്നും കരകയറിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും 2022 വര്‍ഷം നിക്ഷേപകരെ 'ചതിച്ച' ഓഹരികളും ചില്ലറയല്ല. ഈ അവസരത്തില്‍ നടപ്പു വര്‍ഷം വിപണിയില്‍ വമ്പന്‍ 'ഫ്‌ളോപ്പായ' അഞ്ച് പ്രധാന ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.
പേടിഎം
ഫ്‌ളോപ്പ് സ്റ്റോക്കുകള്‍ എന്നു കേള്‍ക്കുമ്പോഴെ മനസില്‍ ഓടിയെത്തും പേടിഎമ്മിന്റെ ചിത്രം. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ദുഃസ്വപ്‌നത്തിലൂടെ കടന്നുപോവുകയാണ്. കാരണം വാദ്യമേളങ്ങളും താലപ്പൊലിയുമായി വിപണിയില്‍ അരങ്ങേറ്റം കുറിച്ച പേടിഎം ഓഹരികള്‍ നിലംതൊടാതെ വീണുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മാത്രം 60 ശതമാനത്തിലേറെ വിലയിടിവ് കമ്പനി നേരിടുന്നുണ്ട്. 1,335 രൂപയില്‍ നിന്നും 546 രൂപയിലേക്കുള്ള പതനം ദാരുണംതന്നെ.
വിപണിയില്‍ ലിസ്റ്റു ചെയ്തതിന് ശേഷം 1 ലക്ഷം കോടിയിലേറെ രൂപയുടെ വിപണി മൂല്യം പേടിഎമ്മിന് നഷ്ടപ്പെട്ടുകഴിഞ്ഞു. പെയ്‌മെന്റ്‌സ് ബാങ്കിലേക്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വിലക്ക്, ബ്രോക്കറേജുകളുടെ തുടര്‍ച്ചയായ തരംതാഴ്ത്തലുകള്‍, വാല്യുവേഷന്‍ തകര്‍ച്ച എന്നിങ്ങനെ പ്രതിസന്ധികള്‍ ഒരുപാടുണ്ട് പേടിഎമ്മിന് മുന്നില്‍.
ഐപിഓ കാലത്ത് രാജകീയ സ്വീകരണമായിരുന്നു പേടിഎമ്മിന് കിട്ടിയത്. പക്ഷെ, തുടര്‍ന്നിങ്ങോട്ട് കമ്പനിക്ക് തൊട്ടതെല്ലാം പിഴച്ചു. പേടിഎമ്മിന്റെ ഓഹരി വില ഇനിയും ഇടിയാനാണ് സാധ്യത. കാരണം ഇന്ത്യയില്‍ പലിശ നിരക്കുകള്‍ വൈകാതെ കൂടും. പലിശ നിരക്കുകളിലെ വര്‍ധനവ് പേടിഎമ്മിന്റെ മൂലധന ചെലവുകള്‍ ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ വായ്പാ വിതരണത്തിലെ മാര്‍ജിനുകള്‍ കുറയും.
ധനി സര്‍വീസസ്
ഫ്‌ളോപ്പ് പട്ടികയിലെ രണ്ടാമത്തെ താരമാണ് ധനി സര്‍വീസസ്. സാമ്പത്തിക സേവന രംഗത്ത് ചുവടുറപ്പിക്കുന്ന ധനി സര്‍വീസസ് നടപ്പു വര്‍ഷം 58 ശതമാനം തകര്‍ച്ച അറിയിക്കുന്നുണ്ട്. വിദേശ നിക്ഷേപകരുടെ കൂട്ടവില്‍പ്പനയില്‍ സ്റ്റോക്ക് ഒന്നടങ്കം പതറിപ്പോയി. മുന്‍പ് ഇന്ത്യാബുള്‍സ് വെഞ്ച്വേഴ്‌സ് എന്ന് അറിയപ്പെട്ടിരുന്ന ധനി സര്‍വീസസ് ഈ വര്‍ഷം കുത്തനെയുള്ള ഇറക്കത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഫെബ്രുവരി തൊട്ട് വിദേശ നിക്ഷേപകര്‍ കമ്പനിയെ കയ്യൊഴിയാന്‍ തുടങ്ങി.
ആദ്യം ബെയ്‌ലി ഗിഫോര്‍ഡ് പസിഫിക്ക് ഫണ്ട് ധനി സര്‍വീസസിന്റെ 9.43 മില്യണ്‍ ഓഹരികള്‍ വിറ്റഴിച്ചു (1.55 ശതമാനം ഓഹരികള്‍). ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 85.07 രൂപയ്ക്കായിരുന്നു ഈ വില്‍പ്പന. ഫെബ്രുവരിയില്‍ത്തന്നെ ജാസ്മിന്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും ടാമറിന്‍ഡ് കാപ്പിറ്റലും സംയുക്തമായി കമ്പനിയുടെ 12.14 ഓഹരികള്‍ കയ്യൊഴിഞ്ഞു (2 ശതമാനം ഓഹരികള്‍). വാസ്തവത്തില്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പന മാത്രമായിരുന്നില്ല ധനി സര്‍വീസസ് നേരിട്ട പ്രശ്‌നം. കമ്പനിയുടെ ആപ്പില്‍ നടന്ന ഐഡന്റിറ്റി മോഷണങ്ങളും നിക്ഷേപകര്‍ക്കിടയില്‍ നെഗറ്റീവ് വികാരണം ഉണര്‍ത്തി.
അസറ്റ് റീകണ്‍സ്ട്രക്ഷന്‍, സ്റ്റോക്ക് ബ്രോക്കിങ് പോലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലാണ് ധനി സര്‍വീസസ് പ്രധാനമായും ഏര്‍പ്പെടുന്നത്. ബുധനാഴ്ച്ച 4 ശതമാനം വിലയിടിവ് കമ്പനി അറിയിച്ചിട്ടുണ്ട്. ജനുവരിയില്‍ 161 രൂപയില്‍ താളം പിടിച്ച ധനി സര്‍വീസസ് ഓഹരികളുടെ ഇപ്പോഴത്തെ വില 62 രൂപയാണ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 242.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 58.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.
ദിലിപ് ബില്‍ഡ്‌കോണ്‍
നിരാശയുടെ പടുകുഴിയില്‍ കയ്യിട്ടടിക്കുന്ന മറ്റൊരു സ്റ്റോക്കാണ് ദിലിപ് ബില്‍ഡ്‌കോണ്‍. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 750 രൂപ വരെ കയറിയ ഈ കണ്‍സ്ട്രക്ഷന്‍ കമ്പനി ഇന്ന് 249 രൂപയില്‍ താവളം കണ്ടെത്തുകയാണ്. നടപ്പു വര്‍ഷം മാത്രം 45 ശതമാനം വിലയിടിവ് ദിലിപ് ബില്‍ഡ്‌കോണിനെ വേട്ടയാടുന്നുണ്ട്. ദുര്‍ബലമായ സാമ്പത്തിക കണക്കുകളാണ് കമ്പനിയുടെ വീഴ്ച്ചയ്ക്കുള്ള പ്രധാന കാരണം. കഴിഞ്ഞ ഏതാനും പാദങ്ങളായി നഷ്ടങ്ങള്‍ മാത്രമേ കാണാനുള്ളൂ ദിലിപ് ബില്‍ഡ്‌കോണിന്റെ കണക്കുപുസ്തകത്തില്‍.
2021 ഡിസംബര്‍ പാദം 19.16 കോടി രൂപയുടെ നഷ്ടം കമ്പനിക്ക് സംഭവിച്ചു. മുന്‍വര്‍ഷം 107.2 കോടി രൂപയായിരുന്നു അറ്റാദായം. 2021 ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തിലും 444.5 കോടി രൂപയുടെ നഷ്ടം ദിലിപ് ബില്‍ഡ്‌കോണ്‍ രേഖപ്പെടുത്തുകയുണ്ടായി. കമ്പനിയുടെ പരിസരത്ത് റെയ്ഡ് നടന്നുവെന്ന റിപ്പോര്‍ട്ടുകളും ദിലിപ് ബില്‍ഡ്‌കോണ്‍ ഓഹരികളുടെ പതര്‍ച്ചയ്ക്ക് കാരണമാണ്. ഓഫീസിലും മറ്റു ഔദ്യോഗിക ഇടങ്ങളിലും റെയ്ഡ് നടന്നിട്ടില്ലെന്ന് കമ്പനി വിശദീകരിച്ചെങ്കിലും ഓഹരി വിലയിടിവ് തുടര്‍ന്നു.
ഉയര്‍ന്ന കടബാധ്യതയാണ് ദിലിപ് ബില്‍ഡ്‌കോണിനെ സംബന്ധിച്ചുള്ള മറ്റൊരു ആശങ്ക. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കമ്പനിയുടെ കടം ഗണ്യമായി പെരുകിയിട്ടുണ്ട്. എന്തായാലും അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുണ്ടുകുത്തി ഇറങ്ങുമ്പോള്‍ ദിലിപ് ബില്‍ഡ്‌കോണ്‍ ഗുണഭോക്താവാകുമോയെന്ന് കണ്ടറിയണം. ബുധനാഴ്ച്ച 249.05 രൂപ എന്ന നിലയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ നിര്‍ത്തിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 749.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 233.90 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.
മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍
കോവിഡ് കേസുകള്‍ കുറഞ്ഞതോടെ രാജ്യത്ത് കോവിഡ് ടെസ്റ്റുകളുടെ നിരക്കും കുത്തനെ താഴുകയാണ്. ഈ സാഹചര്യമാണ് മെട്രോപോളിസ് ഹെല്‍ത്ത്‌കെയറിന് വിനയാവുന്നത്. നടപ്പു വര്‍ഷം ഇതുവരെ 40 ശതമാനം വിലയിടിവ് മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ രേഖപ്പെടുത്തുന്നുണ്ട്. 2021 ഡിസംബര്‍ പാദമാണ് കമ്പനിക്ക് ഏറ്റവും നിരാശജനകമായത്. മൂന്നാം പാദഫലത്തിന് പിന്നാലെ കമ്പനിയുടെ വീഴ്ച്ചയും ആരംഭിച്ചു. പോയവര്‍ഷം ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ കമ്പനിയുടെ മാര്‍ജിനുകള്‍ രൂക്ഷമായി ചുരുങ്ങി. നികുതിക്ക് ശേഷമുള്ള ലാഭത്തിലും 30 ശതമാനം ഇടിവ് കണ്ടു. സര്‍ക്കാരില്‍ നിന്നുള്ള കരാറുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ വോളിയത്തിലും വന്‍വീഴ്ച്ച സംഭവിച്ചു.
ഇപ്പോഴത്തേത് ഹ്രസ്വകാല പ്രതിഭാസം മാത്രമെന്നാണ് മെട്രോപോളിസ് ഹെല്‍ത്ത്‌കെയറിന്റെ വിശദീകരണം. ബ്രാന്‍ഡ് പ്രതിച്ഛായ ശക്തിപ്പെടുത്താന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കസ്റ്റമാര്‍ എക്‌സ്പീരിയന്‍സ് പോലുള്ള മേഖലകളില്‍ ശ്രദ്ധചെലുത്തിയതാണ് മാര്‍ജിനുകള്‍ കുറയാനുള്ള കാരണമെന്ന് കമ്പനി പറയുന്നു.
മോശം സാമ്പത്തിക കണക്കുകള്‍ക്ക് പുറമെ വിദേശ നിക്ഷേപകരുടെ കൂട്ടവില്‍പ്പനയും മെട്രോളിസ് ഹെല്‍ത്ത്‌കെയറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരുഭാഗത്ത് വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരാവുമ്പോള്‍ പ്രമോട്ടര്‍മാര്‍ ഓഹരികള്‍ സമാഹരിക്കുന്ന ചിത്രം ഈ സ്‌റ്റോക്കില്‍ കാണാം. ബുധനാഴ്ച്ച 2,050.45 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 3,579.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,804.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 44.73. ഡിവിഡന്റ് യീല്‍ഡ് 0.78 ശതമാനം.
സൊമാറ്റോ
നിക്ഷേപകരുടെ കാശ് വെള്ളത്തിലാക്കിയ മറ്റൊരു സ്റ്റോക്കാണ് സൊമാറ്റോ. 2021 ജൂലായിലായിരുന്നു സൊമാറ്റോയുടെ ഐപിഓ. കമ്പനി നഷ്ടത്തിലായിരുന്നെങ്കിലും പ്രാഥമിക ഓഹരി വില്‍പ്പനയില്‍ വന്‍സ്വീകാര്യത സൊമാറ്റ കരസ്ഥമാക്കി. വാല്യുവേഷന്‍ ഉയര്‍ന്നതായിട്ടുകൂടി 38.25 തവണയാണ് സൊമാറ്റോ ഇഷ്യു സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ഇവിടം കൊണ്ടും തീര്‍ന്നില്ല. ഇഷ്യു വിലയെക്കാളും 51 ശതമാനം പ്രീമിയത്തിലാണ് സൊമാറ്റോ ഓഹരികള്‍ ലിസ്റ്റു ചെയ്യപ്പെട്ടതും.
ഏതാനും മാസങ്ങള്‍ കൂടി കമ്പനിയുടെ ഓഹരി വില കയറാന്‍ തുടങ്ങി; ഈ അവസരത്തില്‍ ജനപ്രവാഹം ഇരച്ചെത്തി സൊമാറ്റോയിലേക്ക്. എന്തായാലും സ്വപ്‌നത്തേരോട്ടത്തിന് ഏറെ ആയുസ്സുണ്ടായില്ല. 2021 ഡിസംബര്‍ പാദഫലം നിക്ഷേപകര്‍ക്ക് ആദ്യ ഷോക്ക് നല്‍കി. ഇതിനിടെ ആഗോള ടെക്ക് കമ്പനികളിലെ വീഴ്ച്ച സൊമാറ്റോയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെ രൂക്ഷമായ തിരുത്തലിനാണ് സൊമാറ്റോ ഇരയായത്. നടപ്പു വര്‍ഷം ഇതുവരെ 41 ശതമാനം തകര്‍ച്ച സൊമാറ്റോ ഓഹരികളില്‍ കാണാം.
നിലവില്‍ ഗ്രോസറി ഡെലിവറി ബിസിനസില്‍ ചുവടുറപ്പിക്കാനുള്ള പുറപ്പാടിലാണ് സൊമാറ്റോ. ഇതിന്റെ ഭാഗമായി ബ്ലിങ്കിറ്റ് എന്ന കമ്പനിയില്‍ കാര്യമായ നിക്ഷേപം സൊമാറ്റോ നടത്തിയിട്ടുണ്ട്. 10 മിനിറ്റിനകം ഭക്ഷണം ഡെലിവര്‍ ചെയ്യുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവും കമ്പനി അടുത്തിടെ നടത്തുകയുണ്ടായി. ഡെലിവറി ജീവനക്കാരിലും ഹോട്ടലുകളിലും ഒരുപോലെ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
ഫ്‌ളോപ്പ് പട്ടിക ഇനിയും നീളുന്നുണ്ട്. പട്ടികയിലെ മറ്റു പ്രധാന താരങ്ങളെ ചുവടെ കാണാം.
- മതര്‍സണ്‍ സുമി സിസ്റ്റംസ് ലിമിറ്റഡ് - 39 ശതമാനം ഇടിവ്
- ലക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് - 39 ശതമാനം ഇടിവ്
- വൈഭവ് ഗ്ലോബല്‍ ലിമിറ്റഡ് - 35 ശതമാനം ഇടിവ്
- ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ് ലിമിറ്റഡ് - 35 ശതമാനം ഇടിവ്
- വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് - 34 ശതമാനം ഇടിവ്
- വെല്‍സ്പണ്‍ ഇന്ത്യ ലിമിറ്റഡ് - 34 ശതമാനം ഇടിവ്
- ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് - 33 ശതമാനം ഇടിവ്
- ജെകെ സിമന്റ് ലിമിറ്റഡ് - 33 ശതമാനം ഇടിവ്
- ക്വെസ് കോര്‍പ്പ് ലിമിറ്റഡ് - 31 ശതമാനം ഇടിവ്
- ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് ലിമിറ്റഡ് - 31 ശതമാനം ഇടിവ്
- ഡോ. ലാല്‍ പാത്ത്‌ലാബ്‌സ് ലിമിറ്റഡ് - 31 ശതമാനം ഇടിവ്
- മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡ് - 30 ശതമാനം ഇടിവ്
- എംടിഎആര്‍ ടെക്‌നോളജീസ് ലിമിറ്റഡ് - 30 ശതമാനം ഇടിവ്
- എന്‍ഡ്യൂറന്‍സ് ടെക്‌നോളജീസ് ലിമിറ്റഡ് - 30 ശതമാനം ഇടിവ്
- ബിര്‍ല കോര്‍പ്പറേഷന്‍ ലിമിറ്റഡ് - 29 ശതമാനം ഇടിവ്
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


