ഏഴ് ആഴ്ചയ്ക്കിടെയിലെ ഉയര്‍ന്ന നിലവാരത്തിലാണ് ചൊവ്വാഴ്ച വിപണികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. അടുത്തിടെയായി ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെയാണ് മുന്നേറ്റമെന്നതും ശ്രദ്ധേയം. സെന്‍സെക്സ് നിര്‍ണായക നിലവാരമായ 60,000-ന് തൊട്ടടുത്തെത്തിയിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിലായി വമ്പന്‍ മുന്നേറ്റം നടത്തിയ ആഫിള്‍ ഇന്ത്യ, എന്‍ടിപിസി, ജിഎന്‍എഫ്‌സി, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ അടുത്ത നീക്കത്തെ കുറിച്ചാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1) എന്‍ടിപിസി
രാജ്യത്തെ ഊര്‍ജോത്പാദനവുമായി ബന്ധപ്പെട്ട മേഖലയില്‍ വളരെ നിര്‍ണായക സ്ഥാനമുള്ള കമ്പനിയാണ് എന്‍ടിപിസി ലിമിറ്റഡ്. രാജ്യത്തിന്റെ ഊര്‍ജോത്പാദനത്തിലെ 25 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നു. 62,086 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനിയാണിത്. രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് എന്‍ടിപിസിയുടെ മുഖ്യ പ്രവര്‍ത്തനം. നേരത്തെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ലക്ഷ്യ വില 145
ചൊവ്വാഴ്ച 132.90 രൂപ നിലവരാത്തിലാണ് എന്‍ടിപിസിയുടെ (BSE : 532555, NSE : NTPC) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇന്നലെ 5 ശതമാനത്തിലധികം കുതിച്ച് പുള്‍ബാക്ക് റാലിയിലേക്ക് കടന്നു. 126 രൂപ നിലവാരത്തിന് മുകളില്‍ നിലനില്‍ക്കുന്നിടത്തോളം ആദ്യ ലക്ഷ്യസ്ഥാനം 145 രൂപയാണ്. ചെറിയ തിരുത്തലുണ്ടാകുന്നുണ്ടെങ്കില്‍ പൊസിഷണല്‍ ട്രേഡേഴ്‌സിന് ആവറേജ് ചെയ്യാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 125 രൂപ നിലവാരത്തിന് താഴെ ക്രമീകരിക്കണം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 152.10 രൂപയും കുറഞ്ഞ വില 88.15 രൂപയുമാണ്.
2) പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്
രാജ്യത്തെ പ്രശസ്തമായ പശ നിര്‍മാതാക്കളാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (BSE: 500331, NSE : PIDILITIND). കൂടാതെ പെയിന്റ് കെമിക്കല്‍സ്, വാഹനങ്ങള്‍ക്കുള്ള കെമിക്കലുകള്‍, കല, വസ്ത്രം, മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പശ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഇവരുടെ ഫെവിക്കോള്‍, ഫെവി ക്വിക്ക്, എം-സീല്‍, ഡോക്ടര്‍ ഫിക്സിറ്റ് ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ ജനപ്രീതി നേടിയതാണ്.
ലക്ഷ്യ വില 2,745
ചൊവ്വാഴ്ച പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 2,599.20 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇന്നലെ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് പുതിയ ഉയരം കുറിച്ചത് ദീര്‍ഘകാല കുതിപ്പിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനയാണ്. 52 വ്യാപാര ദിനങ്ങള്‍ക്കു ശേഷം വലിയധികം വോളിയത്തോടെ പുതിയ ഉയരങ്ങളിലേക്ക് കടന്നതിനാല്‍ ആദ്യ ലക്ഷ്യസ്ഥാനം 2,745 നിലവാരമാണ്. അതിനാല്‍ പൊസിഷനല്‍ ട്രേഡേഴ്‌സ് 2530- 2500 നിലവാരത്തിലേക്ക് സ്റ്റോക്ക് വരികയാണെങ്കില്‍ ആവറേജ് ചെയ്യാം. ഈ ട്രേഡിനുളള സ്‌റ്റോപ ലോസ് 2,470 നിലവാരത്തിന് താഴെ ക്രമീകരിക്കുകയും വേണം. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 2532 രൂപയും കുറഞ്ഞ ഓഹരി വില 1612 രൂപയുമാണ്.
3) ജിഎന്‍എഫ്‌സി
ആഭ്യന്തര വിപണിയിലെ പ്രമുഖ കാര്‍ഷിക വള നിര്‍മാതാക്കളാണ് ഗുജറാത്ത് നര്‍മദവാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് (ജിഎന്‍എഫ്‌സി) ലിമിറ്റഡ്. ഗുജറാത്തിലെ ബറൂച്ചില്‍ 1976-ലാണ് തുടക്കം. നര്‍മദ ബ്രാന്‍ഡിന് കീഴില്‍ യൂറിയ, അമോണിയം നൈട്രോ ഫോസ്‌ഫേറ്റ്, കാല്‍സ്യം അമോണിയം നൈട്രേറ്റ് എന്ന വളങ്ങള്‍ ഉത്പാദിപ്പിക്കുന്നു. കൂടാതെ നിര്‍മാണ ആവശ്യത്തിനായി യൂറിയ, ഡൈഅമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി), മൂറിയറ്റ് പൊട്ടാഷ് എന്നിവ ഇറക്കുമതി ചെയ്യുന്നു. ഇതിനോടൊപ്പം കമ്പനിക്ക് കെമിക്കല്‍, പെട്രോകെമിക്കല്‍ ബിസിനസ് സംരംഭങ്ങളുമുണ്ട്. മെഥനോള്‍, നൈട്രിക് ആസിഡ്, ഫോര്‍മിക് ആസിഡ്, അസറ്റിക് ആസിഡ് എന്നിവ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നു. വിവിര സാങ്കേതിക വിദ്യയിലും ബിസിനസ് സംരംഭങ്ങളുണ്ട്.
ലക്ഷ്യവില 517
ചെറിയ തോതിലുള്ള സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരിയിലെ വ്യാപാരത്തില്‍ വോളിയം കാണപ്പെടുന്നു. 475 രൂപ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ 518 നിലവാരത്തിലേക്ക് കുതിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 435 രൂപയില്‍ ക്രമീകരിക്കണം. ജിഎന്‍ഫ്‌സിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 518.20 രൂപയും കുറഞ്ഞ വില 202.30 രൂപയുമാണ്. നിലവില്‍ 467 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
4) ആഫിള്‍ ഇന്ത്യ
മൊബൈല്‍ പരസ്യങ്ങളിലൂടെയും മറ്റ് സാങ്കിത വിദ്യകളും ഉപയോഗിച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഉപഭോക്താക്കളെ നേടിക്കൊടുക്കുന്നതിലും ഇടപാട് നടത്തുന്നതിലുമാണ് ഗ്ലോബല്‍ ടെക്‌നോളജി കമ്പനിയായ ആഫിള്‍ ഇന്ത്യ (BSE: 542752, NSE : AFFLE) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ ഓഹരിയില്‍ 57 വ്യാപാര ദിനങ്ങളിലെ കണ്‍സോളിഡേഷന്‍ ബ്രേക്ക് ഔട്ട് ആണ് സംഭവിച്ചിരിക്കുന്നത്. 1,203 നിലവാരത്തിന് മുകളില്‍ ഓഹരിക്ക് നിലനില്‍ക്കാന്‍ സാധിച്ചാല്‍ 1,405 വരെ എത്താം. അതിനാല്‍ 1260-1220 നിലവാരത്തിലേക്ക് ഓഹരി വന്നാല്‍ പൊസിഷണല്‍ ട്രേഡേഴ്‌സിന് ആവറേജ് ചെയ്യാം. ഇതിനുള്ള സ്‌റ്റോപ് ലോസ് 1,203 നിലവാരത്തിന് താഴെ ക്രമീകരിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications