സാധാരണക്കാർക്ക് പണം വളർത്താനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റമെന്റ് പ്ലാൻ വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം. മാസത്തിൽ നിശ്ചിത തുക ഏതെങ്കിലുമൊരു മ്യൂച്വൽ ഫണ്ട് സ്കീമിൽ തുടർച്ചയായി നിക്ഷേപിക്കുന്നതാണ് എസ്ഐപി രീതി. ഇന്ന് കൂടുതൽ പേർ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്ക് കടക്കുന്നുണ്ടെങ്കിലും നിക്ഷേപ രീതിയെ പറ്റി പല സംശയങ്ങളുണ്ട്. പ്രതിമാസം എത്ര രൂപ മുതൽ നിക്ഷേപിക്കാം എന്നതാണ് സാധാരണയായ ചോദ്യം. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാന കാര്യങ്ങൾ വിശദമാക്കാം.
എത്ര രൂപ നിക്ഷേപിക്കാൻ വേണം
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കുള്ള കുറഞ്ഞ നിക്ഷേപ തുക നിശ്ചയിക്കുന്നത്. ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിന് 100 രൂപയും എസ്ഐപി വഴി നിക്ഷേപിക്കുന്നതിന് കുറഞ്ഞത് 500 രൂപയും നിലവിലെ സാഹചര്യത്തിൽ ആവശ്യമാണ്. മിനിമം തുക ഓരോ ഫണ്ട് അനുസരിച്ചും വ്യത്യാസപ്പെടും. ചില ഫണ്ടുകൾ എസ്ഐപി ആരംഭിക്കാൻ കുറഞ്ഞത് 1,000 രൂപ ആവശ്യപ്പെടുന്നുണ്ട്.

നിക്ഷേപ തുക കുറയുമോ?
എല്ലാ വിധം നിക്ഷേപകരെയും പരിഗണിക്കാൻ എസ്ഐപി വഴിയുള്ള ഏറ്റവും മിനിമം നിക്ഷേപ തുക കുറയ്ക്കാൻ സെബി, മ്യൂച്വൽ ഫണ്ട് ഹൗസുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു. എസ്‌ഐപിയുടെ വില പ്രതിമാസം 100 രൂപയായി കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പ്രതിമാസം 250 രൂപയുടെ എസ്‌ഐപി ആരംഭിക്കാൻ സാധിക്കുമോ എന്നുള്ള ചർച്ചയിലാണ്. ചെറിയ ശ്രേണിയിലുള്ള എസ്‌ഐപികൾ മൂലധന വിപണികൾക്ക് വൻ മുന്നേറ്റ നൽകാൻ സാധിക്കുമെന്നും അവർ വിശദമാക്കി.
എവിടെ നിക്ഷേപം ആരംഭിക്കും
മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്, സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കർ, ബാങ്ക് തുടങ്ങിയവയുടെ സഹായത്തോടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താം. മ്യൂച്വൽ ഫണ്ടിൽ രണ്ട് തരത്തിൽ നിക്ഷേപിക്കാം. നേരിട്ട് മ്യൂച്വൽ ഫണ്ട് ഹൗസുകൾ വഴിയുള്ള നിക്ഷേപവും ഇടനിലക്കാർ വഴിയുള്ള നിക്ഷേപവും. ഇവ യഥാക്രമം ഡയറക്ട്, റെഗുലർ മ്യൂച്വൽ ഫണ്ട് എന്നിങ്ങനെ അറിയപ്പെടും.
ഓഹരി വിപണിയെ പരിചിതമായവർക്കും വിപണിയെ പറ്റി ഗവേഷണം ചെയ്യാനും മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന ഫണ്ടുകളെ കണ്ടെത്താനു സാധിക്കുമെങ്കിൽ നേരിട്ട് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താം. സ്വയം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ പ്രസ്തുത ഫണ്ട് ഹൗസിന്റെ ഓഫീസിലെത്തിയോ ഓൺലൈനിലൂടെയോ നിക്ഷേപം നടത്താം. ബ്രോക്കര്‍ മുഖേനയാണ് റെഗുലർ പ്ലാനിൽ നിക്ഷേപിക്കുന്നതും. നിക്ഷേപ ലക്ഷ്യങ്ങളും റിസ്ക് പ്രൊഫൈലും അനുസരിച്ച് ബ്രോക്കറേജ് സ്ഥാപനം അനുയോജ്യമായ മികച്ച ഫണ്ടുകൾ കണ്ടെത്തി നൽകും.
നിക്ഷേപ ചെലവ്
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപ ചെലവ് നിക്ഷേപിക്കുന്ന വ്യക്തി വഹിക്കണം. ചെലവ് അനുപാതം (expense ratio) എന്ന പേരിൽ ഒരു തുക മ്യൂച്വൽ ഫണ്ട് ഹൗസുകൾ നിക്ഷേപകനിൽ നിന്ന് ഈടാക്കും. റെഗുലർ പ്ലാനിലാണ് പൊതുവെ ചെലവ് അനുപാതം കൂടുതൽ ഈടാക്കുന്നത്. ചെലവ് അനുപാതം 0.10 ശതമാനം തൊട്ട് 2.50 ശതമാനം വരെയാണ്. ഇത് ഫണ്ടുകൾ അനുസരിച്ച് വ്യത്യാസപ്പെടും.
ഗ്രോത്ത് പ്ലാൻ
നേരിട്ട് നിക്ഷേപിക്കുന്നവരാണെങ്കിൽ ഗ്രോത്ത് പ്ലാൻ ആണോ ഐഡിസിഡബ്ലു പ്ലാനാണോ തിരഞ്ഞെടുക്കുന്നതെന്ന് ശ്രദ്ധിക്കണം. ഗ്രോത്ത് പ്ലാനിൽ നിക്ഷേപിക്കുമ്പോൾ ഓഹരികളിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം മ്യൂച്വൽ ഫണ്ടുകളിലേക്ക് തന്നെ നിക്ഷേപിക്കും. ദീർഘകാല നിക്ഷേപകന് ഇത് ഉപകാരപ്പെടും. ഈ മ്യൂച്വല്‍ ഫണ്ട് ഓപ്ഷനില്‍ നിന്ന് പണം ലഭിക്കാന്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്പന നടത്തണം. ഇൻകം ഡിസ്ട്രിബ്യൂഷൻ കം വിത്ത്ഡ്രേവൽ പ്ലാൻ സ്ഥിര വരുമാനം ആവശ്യമുള്ളവർ തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ്.
എത്ര ശതമാനം റിട്ടേൺ
മ്യൂച്വൽ ഫണ്ടുകളുടെ റിട്ടേൺ വിപണിയെ ആശ്രയിച്ചായതിനാൽ റിട്ടേൺ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ചും തിരഞ്ഞെടുക്കുന്ന ഫണ്ടുകൾക്ക് അനുസരിച്ചും മ്യൂച്വൽ ഫണ്ട് റിട്ടേണുകൾ വ്യത്യാസപ്പെടാം. ഹ്രസ്വകാലത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ചാഞ്ചാട്ട സ്വഭാവം കാണിക്കുമെങ്കിലും ദീർഘകാല നിക്ഷേപത്തിൽ മികച്ച റിട്ടേൺ പ്രതീക്ഷിക്കാവുന്നതാണ്.
മ്യൂച്വൽ ഫണ്ട് നിക്ഷേപം കുതിക്കുന്നു
നവംബർ മാസത്തിൽ എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപം 17,000 കോടിയിലധികം രൂപയാണ്. എക്കാലത്തെയും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (എഎംഎഫ്ഐ) കണക്കുകൾ പ്രകാരം എസ്ഐപിക്ക് കീഴിലുള്ള ആസ്തി (എയുഎം) ഒക്ടോബറിലെ 8.59 ലക്ഷം കോടി രൂപയിൽ നിന്ന് നവംബറിൽ 9.31 ലക്ഷം കോടി രൂപയായി ഉയർന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications