ഇന്ത്യയിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിനും ബിസിനസ് വളർച്ചയ്ക്കും പിന്തുണ നൽകുന്നതിനായി സർക്കാർ നിരവധി വായ്പാ പദ്ധതികൾ രൂപകൽപ്പന ചെയ്‌തിട്ടുണ്ട്. സ്ത്രീകൾക്കായി നൽകുന്ന ഇത്തരം സ്കീമുകൾ കുറഞ്ഞ രേഖകളും അനുകൂലമായ നിബന്ധനകളും ഉപയോഗിച്ച് ഇൻസ്റ്റൻ്റായി ധനസഹായം നൽകുന്നു.
നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിനോ, വികസിപ്പിക്കുന്നതിനോ, ഉപകരണങ്ങൾ വാങ്ങുന്നതിനോ ഈ പദ്ധതികൾ പരിഗണിക്കുന്നത് നല്ലതാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന ഇത്തരം സർക്കാർ സ്കീമുകൾക്ക് താരതമ്യേന പലിശ നിരക്ക് കുറവായിരിക്കും എന്നതാണ് പ്രത്യേകത. മാത്രമല്ല വഴക്കമുള്ള തിരിച്ചടവ് നിബന്ധനകൾ, കുറഞ്ഞ രേഖകൾ എന്നിവയും മികച്ച സവിശേഷതയാണ്.
പലപ്പോഴും പരമ്പരാഗത ബാങ്ക് വായ്പകൾ ലഭിക്കാൻ സാധ്യത കുറവാണെങ്കിൽ ഇത്തരം സ്കീമുകൾ വലിയ നേട്ടം നൽകുന്നു. അടിയന്തിരമായി ഫണ്ട് ആവശ്യം വരുമ്പോൾ ഇത്തരം വായ്പകൾ ഉപകാരപ്രദമായിരിക്കും. ഈ വായ്പകൾ ബിസിനസ് വിപുലീകരണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കും സഹായകരമാവും. എങ്കിലും ഇത്തരം വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ, വായ്പ പരിധികൾ, അപേക്ഷാ പ്രക്രിയ എന്നിവ വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള മുൻനിര സർക്കാർ വായ്പാ പദ്ധതികൾ ഇതാണ്.... ഓരോന്നും പരിശോധിക്കാം;
1. സ്ത്രീകൾക്കുള്ള മുദ്ര വായ്പാ പദ്ധതി (PMMY)
പ്രധാനമന്ത്രി മുദ്ര യോജന (PMMY) ഇന്ത്യയിലെ ജനപ്രിയ വായ്പാ പദ്ധതികളിലൊന്നാണ്. ഇത് വനിതാ സംരംഭകർ, സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ, ചെറുകിട ബിസിനസ്സ് ഉടമകൾ എന്നിവർക്ക് ഉറപ്പുള്ള സാമ്പത്തിക സഹായം നൽകുന്നു. ബിസിനസ് രംഗത്ത് വളർച്ചയാഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. വായ്പാ തുകയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ 3 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
- ശിശു - സ്റ്റാർട്ടപ്പുകൾക്കും മൈക്രോ ബിസിനസുകൾക്കും 50,000 രൂപ വരെ വായ്പ ലഭിക്കും.
- കിഷോർ - വളരുന്ന ബിസിനസുകൾക്ക് 50,000 രൂപ മുതൽ 5 ലക്ഷം വരെയുള്ള വായ്പകൾ ലഭിക്കും.
- തരുൺ - സ്ഥാപിത ബിസിനസുകൾക്ക് 5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ ലഭിക്കും.
ഈ പദ്ധതിയിൽ അപേക്ഷിക്കുന്ന സ്ത്രീകൾക്ക് മത്സരക്ഷമമായ പലിശ നിരക്കിൽ രേഖകൾ ഇല്ലാതെ വായ്പകൾ ലഭിക്കും. തയ്യൽ, ബ്യൂട്ടി സലൂണുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ അല്ലെങ്കിൽ കരകൗശല വസ്തുക്കൾ പോലുള്ള ബിസിനസുകളെ പിന്തുണയ്ക്കാൻ ഈ പണത്തിലൂടെ സാധിക്കും.
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നീ മാർഗങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് മുദ്ര ലോണിന് അപേക്ഷിക്കാം. നിങ്ങളുടെ തിരിച്ചറിയൽ രേഖ, മേൽവിലാസത്തിൻ്റെ തെളിവ്, ബിസിനസ് പ്ലാൻ തുടങ്ങിയ അടിസ്ഥാന രേഖകൾ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമാണ്.
2. സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി
പട്ടികജാതി, പട്ടികവർഗ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരെ സഹായിക്കുന്നതിനായി സർക്കാർ ആരംഭിച്ച സ്കീമാണ് സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി. ഈ പദ്ധതി പ്രകാരം നിർമ്മാണം, വ്യാപാരം തുടങ്ങി വിവിധ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷകയ്ക്ക് 10 ലക്ഷം മുതൽ 1 കോടി വരെ വായ്പ ലഭിക്കും.
പ്രധാന നേട്ടങ്ങൾ
- ഏറ്റവും കുറഞ്ഞ തിരിച്ചടവ് കാലാവധി 7 വർഷം വരെയാണ്
- പ്രവർത്തന മൂലധനവും ടേം ലോണും ഉൾക്കൊള്ളുന്ന വായ്പ
- ബിസിനസ് വികസനത്തിന് സഹായം ലഭിക്കും
യോഗ്യത
- അപേക്ഷകൻ ഒരു വനിതാ സംരംഭകയോ എസ്‌സി/എസ്ടി
- വിഭാഗത്തിൽപ്പെട്ടവരോ ആയിരിക്കണം.
- ബിസിനസ്സ് ഒരു പുതിയ സംരംഭമായിരിക്കണം.
- സംരംഭത്തിന്റെ കുറഞ്ഞത് 51% ഒരു സ്ത്രീയുടെ ഉടമസ്ഥതയിലായിരിക്കണം.
3. മഹിളാ ഉദ്യം നിധി പദ്ധതി
സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) ആരംഭിച്ച ഈ പദ്ധതി ബിസിനസ് നടത്തുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നു. പുതിയ സംരംഭം ആരംഭിക്കുന്നതിനോ നിലവിലുള്ളത് വികസിപ്പിക്കുന്നതിനോ ഈ ഫണ്ട് ഉപയോഗപ്പെടുത്താം.
വായ്പയുടെ സവിശേഷതകൾ
- 10 ലക്ഷം വരെയുള്ള വായ്പകൾ ഉറപ്പാക്കാം
- 10 വർഷം വരെ തിരിച്ചടവ് കാലാവധി ഉറപ്പാക്കുന്നു.
- നിർമ്മാണം, ചില്ലറ വിൽപ്പന, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകൾക്ക് വായ്പ ലഭ്യമാണ്.
വായ്പയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
- KYC രേഖകൾ ആവശ്യമാണ്. അതായത് ആധാർ, പാൻ, വോട്ടർ ഐഡി എന്നിവ നൽകേണം.
- ബിസിനസ് രജിസ്ട്രേഷൻ്റെ തെളിവ് രേഖകൾ സമർപ്പിക്കണം.
- ആദായ നികുതി റിട്ടേണുകൾ ആവശ്യമെങ്കിൽ സമർപ്പിക്കണം.

4. ഉദ്യോഗിനി പദ്ധതി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ബിസനിസ് ആരംഭിക്കുന്നതിനായി സർക്കാർ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പദ്ധതിയാണ് ഉദ്യോഗിനി. കൃഷി, വ്യാപാരം, ഉൽപ്പാദനം എന്നിവയിലെ ചെറുകിട ബിസിനസുകളെ ചെയ്യുന്നവർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു വീട് അധിഷ്ഠിത ബിസിനസ്സിനോ അല്ലെങ്കിൽ മൈക്രോ ബിസിനസ്സിനോ ഒരു ചെറിയ വായ്പ ആവശ്യമുണ്ടെങ്കിൽ ഈ സ്കീം പ്രയോജനപ്പെടുത്താം.
യോഗ്യത
- 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം.
- കുടുംബ വാർഷിക വരുമാനം 1.5 ലക്ഷത്തിൽ കൂടരുത് (വികലാംഗരായ സ്ത്രീകൾക്കും വിധവകൾക്കും ഇത് ബാധകമല്ല)
വായ്പ സവിശേഷതകൾ
- 3 ലക്ഷം വരെയുള്ള വായ്പകൾ ഉറപ്പാക്കാം
- കുറഞ്ഞ വായ്പാ തുകകൾക്ക് ഈട് ആവശ്യമില്ല.
- യോഗ്യരായ അപേക്ഷകർക്ക് സബ്സിഡി പലിശ ഉറപ്പാക്കാം.
5. അന്നപൂർണ്ണ പദ്ധതി
ഒരു ഫുഡ് കാറ്ററിംഗ് ബിസിനസ്സ് നടത്തുകയോ ആരംഭിക്കാൻ പദ്ധതിയിടുകയോ ചെയ്യുകയാണെങ്കിൽ അന്നപൂർണ പദ്ധതി മികച്ചൊരു ഓപ്ഷനായിരിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള പദ്ധതിയാണിത്. അതിനാൽ ഭക്ഷ്യ വ്യവസായത്തിലെ വനിതാ സംരംഭകർക്ക് ഈ വായ്പാ പദ്ധതിയിലൂടെ അടുക്കള ഉപകരണങ്ങൾ, പാത്രങ്ങൾ, അസംസ്‌കൃത വസ്തുക്കൾ എന്നിവ വാങ്ങുന്നതിന് സാമ്പത്തിക സഹായം ഉറപ്പാക്കാൻ സാധിക്കും. വീട്ടിൽ ഭക്ഷണം നൽകുന്നവർക്കും, ബേക്കറികൾ, അല്ലെങ്കിൽ കാറ്ററിംഗ് ബിസിനസുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും ഈ പദ്ധതി അനുയോജ്യമാണ്.
വായ്പ സവിശേഷതകൾ
- ഈ സ്കീം വഴി പരമാവധി 50,000 രൂപ വരെ ഉറപ്പാക്കാം
- 3 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.
- ചെറിയ വായ്പ തുകകൾക്ക് ഈട് നൽകേണ്ട ആവശ്യമില്ല.
സ്ത്രീകൾക്ക് ഈ സ്കീമിൽ നിന്നും ഉചിതമായത് എങ്ങനെ തിരഞ്ഞെടുക്കാം?
ഈ പദ്ധതികളെല്ലാം സർക്കാർ വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാൽ ഏത് സ്കീം തിരഞ്ഞെടുക്കാമെന്ന് അറിയാൻ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
വായ്പയുടെ ഉദ്ദേശ്യം
ഒരു ബിസിനസ്സിനോ, വിദ്യാഭ്യാസത്തിനോ, അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കോ ഫണ്ട് ആവശ്യമുണ്ടോ? അതിനനുസരിച്ച് ഒരു സ്കീം തിരഞ്ഞെടുക്കുക.
യോഗ്യതാ മാനദണ്ഡം
നിർദ്ദിഷ്ട വരുമാനം, പ്രായം, ബിസിനസ്സ് ഉടമസ്ഥാവകാശം എന്നീ കാര്യങ്ങൾ നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
പലിശ നിരക്കുകളും തിരിച്ചടവ് നിബന്ധനകളും
പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, അധിക ചാർജുകൾ എന്നിവയെ കുറിച്ച് വിശദമായി പഠിക്കുക.
രേഖകൾ തിരിച്ചറിയുക
ഈ വായ്പയ്ക്ക് ആവശ്യമായ രേഖകൾ നിങ്ങളുടെ കൈവശമുണ്ടെന്ന് ഉറപ്പാക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications