2021- 22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലം കോര്‍പ്പറേറ്റ് കമ്പനികള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇതിനോടകം ഐടി മേഖലയിലെ പ്രമുഖ കമ്പനികളുടെയൊക്കെ ജനുവരി- മാര്‍ച്ച് ത്രൈമാസ കാലയളവിലെ പ്രവര്‍ത്തനഫലം പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ ചില കമ്പനികള്‍ നിക്ഷേപകര്‍ക്കായി ലാഭവിഹിതവും പ്രഖ്യാപിച്ചു. ഇത്തരത്തില്‍ ഓഹരി മുഖവിലയുടെ 425 ശതമാനം വീതം ലാഭവിഹിതം പ്രഖ്യാപിച്ച ടാറ്റ ഗ്രൂപ്പിലെ ഒരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഉടന്‍ ചേരുന്ന ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി, പ്രതിയോഹരി 42.5 രൂപ വീതം ലാഭവിഹിതം നല്‍കുമെന്ന് ഐടി കമ്പനി ടാറ്റ എലക്‌സിയാണ് പ്രഖ്യാപിച്ചത്. ഇത് 2021- 22 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള അന്തിമ ലാഭവിഹിതം ആണെന്നാണ് അറിയിപ്പ്. അതേസമയം, ജനുവരി- മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 39 ശതമാനം വര്‍ധിച്ച് 160 കോടിയിലേക്കെത്തി.
സമാനമായി ടാറ്റ എലക്‌സിയുടെ വരുമാനം പാദാനുപാദത്തില്‍ 7.3 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 31.5 ശതമാനം വീതവും വളര്‍ച്ച കൈവരിച്ച് 681.7 കോടിയായി. പ്രവര്‍ത്തന മാര്‍ജിന്‍ 32.5 ശതമാനമാണ്.
ടാറ്റ എലക്‌സിയുടെ ഏറ്റവും വലിയ ഉപവിഭാഗമായ എംബഡഡ് പ്രോഡക്ട് ഡിസൈന്‍ (EPD), പാദാനുപാദത്തില്‍ 7.5 ശതമാനം വളര്‍ച്ചയും ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ & വിഷ്വലൈസേഷന്‍ (IDV) 8 ശതമാനം വീതവും ഉയര്‍ച്ച രേഖപ്പെടുത്തി. അതേസമയം, കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമാണ് കടന്നു പോയതെന്ന് ടാറ്റ എലക്‌സി സിഇഒ & എംഡി മനോജ് രാഘവന്‍ സൂചിപ്പിച്ചു. കമ്പനിയുടെ കീഴിലുള്ള എല്ലാ വിഭാഗം സംരംഭങ്ങളും പ്രാദേശിക, വ്യാവസായിക മേഖലാ വ്യത്യാസങ്ങളില്ലാതെ വരുമാനത്തില്‍ മികച്ച സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാറ്റ എല്‍ക്സി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് ഗവേഷണ, ഐടി കമ്പനിയാണ് ടാറ്റ എല്‍ക്‌സി (BSE: 500408, NSE: TATAELXSI). വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്‍പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതാണ് പ്രധാന സേവനം.
കഴിഞ്ഞ വര്‍ഷവും ടാറ്റ എലക്‌സി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ ഓഹരിയുടെ വാല്യൂഷേന്‍ ഇത്തിരി ഉയര്‍ന്ന നിരക്കിലാണെങ്കിലും കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും പുറത്തെടുക്കുന്ന വളര്‍ച്ച, ഐടി വിഭാഗം ഓഹരികളിലെ തന്നെ ഉയര്‍ന്ന നിരക്കിലാണ്. ഇതിനോടൊപ്പം മികച്ച തോതില്‍ ലാഭത്തിന്റെ മാര്‍ജിന്‍ നിലനിര്‍ത്തുന്നതും ശ്രദ്ധേയമാണ്. കമ്പനിയുടെ പക്കല്‍ കരുതല്‍ ധനശേഖരം ഉള്ളത് മൂലധന ചെലവിനത്തില്‍ വിനിയോഗിക്കാം എന്നതും നേട്ടമാണ്. ഗവേഷണങ്ങള്‍ക്ക് വേണ്ടി വന്‍ തോതില്‍ മുതല്‍ മുടക്കുന്നത് ഭാവിയില്‍ ഗുണകരമാകും.
അതേസമയം, ബുധനാഴ്ച 7,807.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 9,420 രൂപയും താഴ്ന്ന നിലവാരം 1,468 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ടാറ്റ എലക്‌സി പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications