ഡെബിറ്റ് കാർഡുകൾ കാലാവധി എത്തുന്ന സമയത്ത് ബാങ്കുകൾ ഉപഭോക്താവിന്റെ വിലാസത്തിലേക്ക് പുതിയ കാർഡുകൾ അയക്കുന്നതാണ് രീതി. ക്രെഡിറ്റ് കാർഡ് അപേക്ഷിച്ച ശേഷവും തപാലായാണ് കാർഡുകൾ ഉപഭോക്താവിന് ലഭിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകളിലൂടെയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവ ഉപയോഗിക്കുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കാർഡുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ബാങ്കുകൾ ഓരോ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡും ഇഷ്യു ചെയ്യുന്ന സമയത്തും കാർഡ് ട്രാൻസാക്ഷൻ കൺട്രോൾ ലിമിറ്റോടെ നിയന്ത്രണങ്ങളുമായാണ് ഇവ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
അതിനാൽ കാർഡ് ലഭിച്ചയുടനെ ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ഇടപാടുകൾക്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. പുതിയ കാർഡ് ലഭിച്ചയുടനെ ആശങ്കപ്പെടുന്നതിന് പകരം കാർഡ് ട്രാൻസാക്ഷൻ കൺട്രോൾ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കാം.

ഇടപാടുകളുടെ സുരക്ഷ
കാർഡ് ട്രാൻസാക്ഷൻ കൺട്രോൾ ലിമിറ്റ് അവതരിപ്പിച്ചിരിക്കുന്നതിന്റെ പ്രധാന കാരണം കാർഡ് ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ്. അന്താരാഷ്ട്ര ഇടപാടുകൾക്ക് ഒടിപി പോലും ആവശ്യമില്ല. കാർഡ് ട്രാൻസാക്ഷൻ കൺട്രോൾ ലിമിറ്റോടെ ഉപഭോക്താക്കൾക്ക് കാർഡുകൾ എങ്ങനെ ഉപയോഗിക്കണം എന്നതിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും.
പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരം കാർഡ് ഇഷ്യു ചെയ്തതിന് ശേഷം അന്താരാഷ്ട്ര പേയ്‌മെന്റ് മോഡുകൾ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഇടപാടുകൾ, ഓൺലൈൻ പർച്ചേസുകൾ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ, വിവിധ തരത്തിലുള്ള ഇടപാടുകലുടെ ചെലവ് പരിധി എന്നിവ നിശ്ചയിക്കാൻ സാധിക്കും.
എങ്ങനെ ഇടപാടുകൾ നടത്തും
പുതിയ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഇഷ്യു ചെയ്യുന്ന സമയത്തെല്ലാം കാർഡ് നിയന്ത്രണം ഉണ്ടാകും. അതിനാൽ ഉപഭോക്താവ് ഇടപാട് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താതെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനിലോ ഓഫ്‌ലൈനായോ ഇടപാട് നടത്താൻ സാധിക്കില്ലെന്ന് ചുരുക്കം. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ ബ്രാഞ്ച് വഴി ഉപഭോക്താവിന് ബാങ്കിന്റെ ഇടപാട് നിയന്ത്രണങ്ങൾ മാറ്റം വരുത്താൻ സാധിക്കും.
കാർഡിൽ ഇടപാട് നിയന്ത്രണങ്ങൾ മാറ്റം വരുത്തുന്നതിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ കാരണം ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് ആപ്പ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇടപാടുകാർക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കാവുന്നതാണ്. കാർഡ് ഇടപാട് പരിധി നിയന്ത്രണം മാറ്റാനോ പ്രവർത്തനരഹിതമാക്കാനോ ഇന്ത്യയിലെ ഏത് ബ്രാഞ്ചിനെയും സമീപിക്കാം.
കാർഡ് ഇടപാട് നിയന്ത്രണങ്ങൾ മാറ്റാം
പുതുതായി ലഭിച്ച ഡെബിറ്റ്/ ക്രെഡിറ്റ് കാർഡിൽ എങ്ങനെ ഇടപാട് നിയന്ത്രണങ്ങൾ മാറ്റാമെന്ന് നോക്കാം. ഇതിനായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊബൈൽ ആപ്പിലെ നടപടികൾ പരിശോധിക്കാം. ആപ്പ് തുറന്ന് ഉപഭോക്താവിന്റെ സിആർഎൻ, എംപിൻ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ആപ്പിൽ ലഭിക്കുന്ന ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/സ്പെൻഡ്സ് കാർഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
അതിനുശേഷം ലഭിക്കുന്ന മെനുവിൽ 'കാർഡ് നിയന്ത്രണങ്ങൾ' എന്ന ഓപ്ഷൻ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന വിൻഡോയിൽ ഡിഫോൾട്ടായി 'കാർഡ് സ്റ്റാറ്റസ്' (മാസ്റ്റർ ബട്ടൺ) ബട്ടൺ ഓഫായിരിക്കും. അതിൽ ക്ലിക്ക് ചെയ്ത് പ്രവർത്തനക്ഷമമാക്കാം. അടുത്ത ഘട്ടത്തിൽ ആഭ്യന്തരവും അന്തരാഷ്ട്ര ഇടപാട് നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ കാണാം. എടിഎം, ഓൺലൈൻ ഇടപാട്, പിഒഎസ് എന്നീ ഓപ്ഷനുകൾ ഇവിടെ ലഭിക്കും. ഇതിൽ നിന്ന് നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഇടപാടുകൾ ഓണാക്കുക.


Click it and Unblock the Notifications