കരിയറിന്റെ അവസാന കാലത്തിലേക്ക് അടുക്കുന്നവരാണെങ്കിൽ വിരമിക്കൽ കാലത്തെ പറ്റി ചിന്ത വേണ്ട സമയമാണ്. വരുമാനം എങ്ങനെ കണ്ടെത്തും, ആവശ്യമായ ആരോഗ്യ പ്ലാനുകൾ തുടങ്ങിയ വിരമിക്കൽ സമയത്ത് ഉറപ്പാക്കണം. സ്ഥിരമായ വരുമാന മാർഗം അവസാനിക്കുന്നതോടെ സുരക്ഷിതമായൊരു ഇടം മുതിർന്നവർ കണ്ടത്തേണ്ടതുണ്ട്. പെൻഷന് വേണ്ടി സർക്കാർ പദ്ധതികളെ ആശ്രയിക്കാമെന്ന് കരുതിയാൽ, റിട്ടയർമെന്റിനു ശേഷമുള്ള സാമ്പത്തിക ഭദ്രത ഉറപ്പിക്കുന്നതിനായി സർക്കാർ 4 പെൻഷൻ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ വിശദമായി പരിശോധിക്കാം.
നാഷണൽ പെൻഷൻ സിസ്റ്റം
നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് പൗരന്മാർക്ക് പെൻഷൻ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ സ്ഥാപിച്ച ഒരു റിട്ടയർമെന്റ് സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പദ്ധതിയാണ്. സുരക്ഷിതവും നിയന്ത്രിതവുമായ മാർക്കറ്റ് അധിഷ്‌ഠിത വരുമാനം ഉപയോഗിച്ച് ദീർഘകാല സമ്പാദ്യം എൻപിഎസ് ഉറപ്പു വരുത്തുന്നു.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. 18 നും 65 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും എൻപിഎസിൽ ചേരാം. 70 വയസ്സ് വരെ അംഗമായി തുടരുകയും ചെയ്യാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവും കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്ക് നികുതി ഇളവും പദ്ധതി നൽകുന്നു. പെൻഷൻ തുകയ്ക്ക് നികുതി ഇളവ് ലഭിക്കില്ല.
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് പെൻഷൻ നൽകുന്ന സാമൂഹ്യ സുരക്ഷ സ്കീമാണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി. പദ്ധതി വഴി പ്രതിമാസ പെൻഷൻ ലഭിക്കും. ബിപിഎൽ വിഭാഗത്തിൽ പെടുന്ന 60-79 വയസ് പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 300 രൂപയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. 80 വയസു മുതൽ പെൻഷൻ എല്ലാ മാസവും 500 രൂപ ലഭിക്കും.
ഗുണഭോക്താവിൽ നിന്ന് വിഹിതം ഈടാക്കാതെയാണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ മാസത്തിൽ 1,600 രൂപ വാർധക്യ കാല പെൻഷൻ നൽകുന്നത് പദ്ധതിക്ക് കീഴിലാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് പെൻഷൻ ലഭിക്കുക.
അടൽ പെൻഷൻ യോജന
അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയാണ്, അടൽ പെൻഷൻ യോജന. വരിക്കാർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ 1,000 രൂപയും പരമാവധി മാസം 5,000 രൂപയും പെൻഷൻ ലഭിക്കും. 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് അടൽ പെൻഷൻ യോജനയിൽ ചേരാൻ സാധിക്കുക. നിശ്ചിത കാലം വിഹിതം അടയ്ക്കുന്നവർക്ക് 60-ാം വയസ് മുതൽ പെൻഷൻ ലഭിക്കുന്നതാണ് അടൽ പെൻഷൻ യോജനയുടെ രീതി.
വരിഷ്ഠ പെൻഷൻ ബീമാ യോജന
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് വരിഷ്ഠ പെൻഷൻ ബീമാ യോജന. സ്കീമിന് കീഴിൽ വരിക്കാർക്ക് ഒറ്റത്തവണ നിക്ഷേപം നടത്തിയാൽ പ്രതിവർഷം 9 ശതമാനം പേ ഔട്ട് നിരക്കിൽ പെൻഷൻ ലഭിക്കും. പദ്ധതിയിൽ എൽഐസി നൽകുന്ന റിട്ടേൺ ഗ്യാരണ്ടീഡ് റിട്ടേണിനേക്കാൾ കുറവ് വരുമ്പോൾ സബ്‌സിഡി പേയ്‌മെന്റ് വഴി കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകും. സ്കീമിന്റെ കാലാവധിക്ക് ശേഷം നിക്ഷേപിച്ച തുക പിൻവലിക്കാനും സാധിക്കും.


Click it and Unblock the Notifications