പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ ബാങ്ക് സ്ഥിര നിക്ഷേപത്തോട് കിടപിടിക്കുന്നൊരു നിക്ഷേപമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. 5 വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപത്തിൽ നിന്ന് ബാങ്ക് നിക്ഷേപങ്ങളേക്കാൾ പലിശയും നികുതി ഇളവും ലഭിക്കും.
കയ്യിലെ പണം സുരക്ഷിതമായി ബാങ്കിലേക്ക് മാറ്റാന്‍ ഉദ്യേശിക്കുന്നവരാണെങ്കില്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റാണെന്ന് കാണാം. മുന്‍നിര ബാങ്കുകള്‍ 5 വര്‍ഷ കാലാവധിയില്‍ നല്‍കുന്നതിനേക്കാള്‍ പലിശ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
എസ്ബിഐയില്‍ 5 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ നല്‍കുമ്പോഴാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് 7.70 ശതമാനം പലിശ നല്‍കുന്നത്. 5 വർഷത്തേക്ക് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പലിശ 7 ശതമാനമാണ്. ഇവിടെയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ മികവ്.

ആർക്കൊക്കെ നിക്ഷേപിക്കാം
പ്രായ പരിധിയില്ലാതെ ഏതൊരാള്‍ക്കും ആരംഭിക്കാന്‍ സാധിക്കുന്ന നിക്ഷേപങ്ങളൂടെ കൂട്ടത്തിലാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ടെടുക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടും ആവശ്യമെങ്കില്‍ ആരംഭിക്കാം. പോസ്റ്റ് ഓഫീസിൽ നിന്ന് മാത്രമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കുക.
നിക്ഷേപ പരിധി
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നൊരാൾ കുറഞ്ഞത് 1,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. 100 രൂപ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിൽ നിക്ഷേപിക്കുന്നതിന് മുൻപ് എത്ര രൂപ നിക്ഷേപത്തിലൂടെ നേടാൻ സാധിക്കും എന്ന് പരിശോധിക്കാം.
നിക്ഷേപ കാൽക്കുലേറ്റർ
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 5 വർഷ കാലയളവിൽ 7.70 ശതമാനം പലിശ നിരക്കിൽ 44,903 രൂപയാണ് പലിശയായി ലഭിക്കുന്നത്. മെച്യൂരിറ്റി കാലയളവിന് ശേഷം 1.44 ലക്ഷം സ്വന്തമാക്കാം. 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ 1.34 ലക്ഷം രൂപ പലിശ ലഭിക്കും. കാലാവധിയിൽ 4.34 ലക്ഷം രൂപ കയ്യിലെത്തും.
5 ലക്ഷം രൂപ 5 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 7.70 ശതമാനം പലിശയിൽ 2.24 ലക്ഷം രൂപ പലിശയായി നേടാം. കാലാവധിക്ക് ശേഷം 7.24 ലക്ഷം രൂപ കയ്യിലെത്തും. 10 ലക്ഷം രൂപ 5 വർഷ കാലയളവിൽ നിക്ഷേപിക്കുമ്പോൾ 4.49 ലക്ഷം രൂപ പലിശയായി നേടാം. കാലാവധിയിൽ കയ്യിലെത്തുന്നത് 14.49 ലക്ഷം രൂപയായിരിക്കും.
20 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 5 വർഷത്തിനുള്ളിൽ പലിശയായി 8.98 ലക്ഷം രൂപ സ്വന്തമാക്കാം. 5 വർഷത്തിന് ശേഷം 28.98 ലക്ഷം രൂപയാകും കയ്യിലെത്തുന്നത്.
നേരത്തെ പിൻവലിക്കാൻ സാധിക്കില്ല
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് കാലാവധിക്ക് മുന്‍പ് അവസാനിപ്പിക്കാന്‍ സാധിക്കില്ല. വ്യക്തിഗത അക്കൗണ്ടാണെങ്കില്‍ അക്കൗണ്ട് ഉടമ മരണപ്പെട്ടാലോജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഏതെങ്കിലും അംഗത്തിന്റെ മരണം കൊണ്ടോ അക്കൗണ്ട് അവസാനിപ്പിക്കാം.
ഗസറ്റഡ് ഓഫീസര്‍ ജപ്തി ചെയ്താലോ കോടതി ഉത്തരവോടെയോ മാത്രമെ അക്കൗണ്ട് നേരത്തെ അവസാനിപ്പിക്കാന്‍ സാധിിക്കുകയുള്ളൂ. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് ഈടായി ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായി പോസ്റ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.
നികുതി
നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കുന്നുണ്ടെങ്കിലും കാലാവധിയിൽ ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധകമാണ്. നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ചാണ് നികുതി കണക്കാക്കുക. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിൽ നിന്നുള്ള പലിശ ആകെ വരുമാനത്തോട് ചേർത്ത് നികുതി കണക്കാക്കും.


Click it and Unblock the Notifications