ചെലവുയരുന്ന സമയത്ത് മാസ ശമ്പളത്തിനൊപ്പം അധിക വരുമാനം ലഭിക്കുന്നത് ഏതൊരാള്‍ക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ശമ്പളക്കാരായാലും വിരമിക്കവരായാലും അധിക വരുമാന സ്രോതസ് സാമ്പത്തികമായി സുരക്ഷിതത്വം നല്‍കും. ഇതിനായി കയ്യിലുള്ള പണം സുരക്ഷിതമായി നിക്ഷേപിക്കണം. നിരവധി നിക്ഷേപ പദ്ധതികള്‍ മാസ വരുമാനം നല്‍കുന്നവയായിട്ടുണ്ട്.
ഇതില്‍ നിന്ന് സുരക്ഷിതമായവ കണ്ടെത്തി നിക്ഷേപിക്കുന്നതാണ് ബുദ്ധി. ബിസിനസില്‍ നിക്ഷേപിച്ച് ലാഭ വിഹിതം ഓഫര്‍ ചെയ്ത് പല തട്ടിപ്പുകളും നാട്ടില്‍ നടക്കുന്നുണ്ട്. നിക്ഷേപിക്കാന്‍ കയ്യില്‍ നല്ലൊരു സംഖ്യയുള്ളവര്‍ക്ക് റിസ്‌ക് ഇല്ലാതെ മാസ വരുമാനം നേടാന്‍ സാധിക്കുന്ന 9 പദ്ധതികളാണ് ചുവടെ വിശദമാക്കുന്നത്.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
മാസത്തില്‍ പലിശ വരുമാനം നല്‍കുന്ന പോസ്റ്റ് ഓഫീസിന്റെ പദ്ധതിയാണിത്. പ്രായ പരിധിയില്ലാതെ ഏതൊരാള്‍ക്കും ചേരാം. വ്യക്തിഗത അക്കൗണ്ടില്‍ 9 ലക്ഷം വരെയും സംയുക്ത അക്കൗണ്ടില്‍ 15 ലക്ഷം വരെയും നിക്ഷേപിക്കാം. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 7.4 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 3,083 രൂപ മാസത്തില്‍ ലഭിക്കും. 9 ലക്ഷം രൂപ നിക്ഷേരിച്ചാല്‍ 5,550 രൂപ നേടാം.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായുള്ള പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 60 വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റ് ഓഫീസില്‍ നിന്നോ ദേശസാത്കൃത ബാങ്കില്‍ നിന്നോ പദ്ധതിയില്‍ ചേരാം. 1,000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം. നിലവിലെ പലിശ നിരക്ക് 8.2 ശതമാനമാണ്. കാലാവധി 5 വര്‍ഷം. ത്രൈമാസത്തിലാണ് പലിശ ലഭിക്കുന്നത്. 30 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് ത്രൈമാസത്തില്‍ 61,500 രൂപ ലഭിക്കും. 5 ലക്ഷം നിക്ഷേപിച്ചാല്‍ ത്രൈമാസത്തില്‍ 10,250 രൂപ നേടാം.
ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകള്‍
സര്‍ക്കാറുകളുടെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് ഗവ. ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ഇവ നിശ്ചിത കാലാവധിയുള്ളവയാണ്. കുറഞ്ഞ റിസ്‌കെടുക്കാന്‍ സാധിക്കുന്ന നിക്ഷേപകര്‍ക്ക് ഗവ. ബോണ്ടുകളില്‍ നിക്ഷേപിക്കാം. സര്‍ക്കാര്‍ നിശ്ചയിച്ച കൂപ്പണ്‍ നിരക്ക് (പലിശ) അനുസരിച്ച് പ്രതിമാസത്തില്‍ പലിശ അനുവദിക്കും. 5 വര്‍ഷം മുതല്‍ 40 വര്‍ഷ കാലാവധിയുള്ളവയാണ് സര്‍ക്കാര്‍ ബോണ്ടുകള്‍.
നോൺക്യുമുലേറ്റീവ് എഫ്ഡി
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അനുവദിക്കുന്ന നോൺക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിലൂടെ മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പലിശ വരുമാനം നേടാൻ സാധിക്കും. ഓരോ കാലാവധിക്കും പലിശ വരുമാനം കൈപ്പറ്റുന്ന ഇടവേള അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെടും. ബാങ്കുകളുടെ സുരക്ഷിതത്വത്തിൽ നിക്ഷേപിക്കാൻ ഈ വഴി ഉപയോഗിക്കാം.
ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്
വർഷത്തിൽ 2 തവണ പലിശ ലഭിക്കാൻ ആർബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിൽ നിക്ഷേപിക്കാം. 7 വര്‍ഷ നിക്ഷേപ കാലയളവ്. നിലവിൽ. 7.35 ശതമാനം പലിശ ലഭിക്കും. എല്ലാ 6 മാസത്തിലും പലിശ നിരക്ക് പുതുക്കി നിശ്ചയിക്കും. ജനുവരി 1, ജൂലൈ 1 എന്നിങ്ങനെ രണ്ട് തവണകളായാണ് ഓരോ വര്‍ഷവും നിക്ഷേപകന് പലിശ നല്‍കുക. 1000 രൂപ മുതൽ നിക്ഷേപിക്കാം. പരമാവധി തുകയ്ക്ക് പരിധിയില്ല.
പ്രതിമാസ വരുമാന പദ്ധതി
വിപണിയില്‍ ലഭ്യമായ വിവിധ തരത്തിലുള്ള ഡെബ്റ്റ് ഫണ്ടുകളില്‍ ജനപ്രിയമായ ഒന്നാണ് പ്രതിമാസ വരുമാന പദ്ധതി അല്ലെങ്കില്‍ എംഐപി. ഇവ പരമ്പരാഗത ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്നവയാണ്. നിക്ഷേപത്തില്‍ നിന്ന് സ്ഥിരമായൊരു വരുമാനം നേടാന്‍ ഇത് സഹായിക്കും. ഇതോടൊപ്പം നിക്ഷേപത്തിന് വളര്‍ച്ചയും നേടാം. എംഐുപി പ്ലാനില്‍ ഇന്‍കം ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ സ്ഥിരമായ ഡിവിഡന്റ് പേഔട്ട് ലഭിക്കും.
സിസ്റ്റമാറ്റിത്ത് വിത്ത്‌ഡ്രോവല്‍ പ്ലാന്‍
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ സ്ഥിര വരുമാനം ലഭിക്കാന്‍ അനുയോജ്യമായ മാര്‍ഗമാണ് സിസ്റ്റമാറ്റിത്ത് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ . എസ്‌ഐപി വഴി നിക്ഷേപിക്കുന്നത് പോലെ തുക പിന്‍വലിക്കാനാണ് സിസ്റ്റമാറ്റിത്ത് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ ഉപയോഗിക്കുന്നത്. നിക്ഷേപത്തില്‍ നിന്ന് നിശ്ചിത യൂണിറ്റുകള്‍ വീതം ഇടവേളകളില്‍ പിന്‍വലിക്കാന്‍ സാധിക്കും. ബാക്കി വരുന്ന യൂണിറ്റുകള്‍ക്ക് നേട്ടം തുടര്‍ന്നും ലഭിക്കും.
ഡിവിഡന്റ് ഓഹരി
റിസ്‌കെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് ഓഹരികളില്‍ നിക്ഷേപിച്ച് സ്ഥിര വരുമാനം നേടിയെടുക്കാം. സ്ഥിരമായി ലാഭവിഹിതം കൈമാറുന്ന ഡിവിഡന്റ് ഓഹരികള്‍ ഇത്തരക്കാര്‍ക്ക് മികച്ച തിരഞ്ഞെടുപ്പാണ്. പരമ്പരാഗത നിക്ഷേപങ്ങളായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സ്ഥിര നിക്ഷേപം എന്നിവയേക്കാള്‍ ഡിവിഡന്റ് യീല്‍ഡ് നല്‍കുന്ന ഓഹരികള്‍ വിപണിയിലുണ്ട്. ഇതോടൊപ്പം നിക്ഷേപത്തില്‍ നിന്ന് മൂലധന നേട്ടവും ലഭിക്കും.

ആന്യുറ്റി പ്ലാന്‍
കുറഞ്ഞ റിസ്‌കില്‍ സ്ഥിരമായ വരുമാനം നല്‍കുന്ന ആന്യുറ്റി പ്ലാനുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപം വഴി കൃത്യമായ മാസ വരുമാനം നേടാൻ ഇത്തരം ആന്യുറ്റി പ്ലാനുകൾ സഹായിക്കും. ഇമ്മിഡിയേറ്റ് ആന്യുറ്റി, ഡിഫേർഡ് ആന്യുറ്റി എന്നിങ്ങനെ 2 തരം ആന്യുറ്റി പ്ലാനുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ നിക്ഷേപം നടത്തി തൊട്ടടുത്ത മാസം മുതൽ ഇമ്മിഡിയേറ്റ് ആന്യുറ്റിയിൽ നിന്ന് മാസ വരുമാനം ലഭിക്കും. ഡിഫേർഡ് ആന്യുറ്റിയിൽ നിശ്ചിത കാലയളവ് മാറ്റിവെച്ച ശേഷമാണ് മാസ വരുമാനം നൽകി തുടങ്ങുക.


Click it and Unblock the Notifications