രാജ്യത്തെ കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് പിഎം-കിസാൻ സമ്മാൻ നിധി. 2019-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതമാണ് ധനസഹായമായി നൽകുന്നത്. ഈ തുക 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായി നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നു.
ഇതുവരെ 21 ഗഡുക്കൾ വിജയകരമായി വിതരണം ചെയ്ത സർക്കാർ, നിലവിൽ 22-ാം ഗഡു വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പദ്ധതി ആരംഭിച്ച് ഇതുവരെയായി ഏകദേശം 4.09 ലക്ഷം കോടി രൂപയിലധികം കർഷകർക്ക് കൈമാറിക്കഴിഞ്ഞു. പിഎം കിസാൻ പോർട്ടലിൽ കൃത്യമായ ഭൂമി വിവരങ്ങൾ, ആധാർ വിവരങ്ങൾ, ഇ-കെവൈസി എന്നിവ നിർബന്ധമാണ്. 2025 നവംബർ 19-നായിരുന്നു 21-ാം ഗഡു വിതരണം ചെയ്തത്. അന്ന് 9 കോടിയിലധികം വരുന്ന കർഷകർക്കായി ഏകദേശം 18,000 കോടി രൂപയാണ് സർക്കാർ വിതരണം ചെയ്തത്.
22-ാം ഗഡു വിതരണം ചെയ്യുന്നതിന് മുന്നോടിയായി ഗുണഭോക്തൃ പട്ടികയിൽ പേരുണ്ടെന്ന് കർഷകർ ഉറപ്പുവരുത്തേണ്ടതുണ്ട്. പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പിഎം കിസാൻ മൊബൈൽ ആപ്പ് വഴിയോ ലളിതമായി ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

യോഗ്യതാ മാനദണ്ഡം
- സംസ്ഥാനത്തെയോ, കേന്ദ്രഭരണ പ്രദേശത്തെയോ ഭൂ രേഖകളിൽ പേരുള്ള ഭൂവുടമയായ കർഷകന് പിഎം കിസാൻ പദ്ധതിയിൽ അപേക്ഷിക്കാം.
- 01.02.2019 ലെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭൂരേഖകളിൽ പേരുള്ള, 2 ഹെക്ടർ വരെ കൃഷിയോഗ്യമായ ഭൂമി കൈവശം വച്ചിരിക്കുന്ന എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ആർക്കെല്ലാം യോഗ്യതയില്ല?
- സ്ഥാപന ഭൂവുടമകൾക്ക് പിഎം കിസാൻ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കില്ല.
- ഭരണഘടനാ പദവികൾ വഹിച്ചിട്ടുള്ള മുൻകാലത്തെയോ, നിലവിലുള്ളതോ ആയ വ്യക്തികൾ, മന്ത്രിമാർ/ സംസ്ഥാന മന്ത്രിമാർ, ലോക്‌സഭ/ രാജ്യസഭ/ സംസ്ഥാന നിയമസഭകൾ/ സംസ്ഥാന നിയമസഭകൾ എന്നിവയിലെ മുൻ/ ഇപ്പോഴത്തെ അംഗങ്ങൾ, മുൻ മുനിസിപ്പൽ കോർപ്പറേഷനുകളുടെ മേയർമാർ, ജില്ലാ പഞ്ചായത്തുകളുടെ മുൻ, ഇപ്പോഴത്തെ ചെയർപേഴ്‌സൺമാർ എന്നിവർ യോഗ്യരല്ല.
- കേന്ദ്ര/സംസ്ഥാന സർക്കാർ മന്ത്രാലയങ്ങൾ/ഓഫീസുകൾ/വകുപ്പുകൾ, അവയുടെ ഫീൽഡ് യൂണിറ്റുകൾ, കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിനു കീഴിലുള്ള അറ്റാച്ച്ഡ് ഓഫീസുകൾ/സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയ ഉദ്യോഗസ്ഥരും ജീവനക്കാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരും ഈ പദ്ധതിക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.
- 10,000 രൂപയോ അതിൽ കൂടുതലോ പ്രതിമാസ പെൻഷൻ ലഭിക്കുന്ന എല്ലാ സൂപ്പർആന്വേറ്റഡ്/റിട്ടയർഡ് പെൻഷൻകാർക്കും അപേക്ഷിക്കാൻ സാധിക്കില്ല.
- ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
പിഎം-കിസാൻ രജിസ്ട്രേഷൻ പ്രക്രിയ (ഓൺലൈൻ)
- ആദ്യം pmkisan.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി PM-KISAN പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.
- പോർട്ടലിൽ "പുതിയ കർഷക രജിസ്ട്രേഷൻ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അതിനു ശേഷം നിങ്ങളുടെ ആധാർ നമ്പറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നൽകുക.
- ഇനി ആനുകൂല്യങ്ങൾ നേരിട്ട് കൈമാറുന്നതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും നൽകുക.
- വിവരങ്ങൾ പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾ ശ്രദ്ധിക്കുക; ജനുവരി 15 മുതൽ പുതിയ നിയമങ്ങൾ വരുന്നു
ഓഫ്‌ലൈനായി അപേക്ഷിക്കുന്നത് എങ്ങനെ?
- അടുത്തുള്ള പൊതു സേവന കേന്ദ്രം (CSC), അല്ലെങ്കിൽ പ്രാദേശിക കൃഷി ഓഫീസ് സന്ദർശിക്കുക.
- ആധാർ, ഭൂമി രേഖ, ബാങ്ക് വിശദാംശങ്ങൾ, മൊബൈൽ നമ്പർ തുടങ്ങിയ ആവശ്യമായ രേഖകൾ നൽകുക.
- സിഎസ്‌സി ഓഫീസർ രേഖകൾ പരിശോധിച്ച ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കും.
പിഎം കിസാൻ 22ാം ഗഡു എപ്പോൾ?
21ാം ഗഡു നവംബറിലായിരുന്നു. അതിനാൽ ഫെബ്രുവരി അല്ലെങ്കിൽ മാർച്ചിൽ തന്നെ 22ാം ഗഡു വിതരണം ചെയ്യേണ്ടതാണ്. എന്നാൽ ഇനിയും 22ാം ഗഡു എപ്പോൾ എത്തുമെന്ന പ്രഖ്യാപനങ്ങളൊന്നും സർക്കാർ നടത്തിയിട്ടില്ല.


Click it and Unblock the Notifications