പരമാവധി പോര്‍ട്ട്ഫോളിയൊ മൂല്യം നേടുന്നതിനായി അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുക എന്നതാണ് സെലിബ്രിറ്റി നിക്ഷേപകനും മലയാളിയുമായ പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ രീതിശാസ്ത്രം. ചെറിയ കമ്പനി ആയതുകൊണ്ട് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കാറില്ല. മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്മെന്റും വ്യക്തമായ ബിസിനസ് കാഴ്ചപ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും. തുടര്‍ന്ന് അവ ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുകയുമാണ് പൊറിഞ്ചുവിന്റെ തന്ത്രം. ഇങ്ങനെ അടുത്തകാലത്ത് അദ്ദേഹത്തിന് അനേകമിരട്ടി ലാഭം നേടിക്കൊടുത്ത ഒരു മള്‍ട്ടിബാഗര്‍ ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
2021-ലെ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയ ഓഹരികളില്‍ മുന്‍നിരയിലാണ് വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന തനേജ ഏയ്‌റോസ്‌പേസ് & ഏവിയേഷന്‍ ലിമിറ്റഡ്. കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലാണ് ഈ ഓഹരിയില്‍ പൊറിഞ്ചു ആദ്യമായി നിക്ഷേപം നടത്തിയത്. ഡിസംബര്‍ അവസാനത്തോടെ തനേജ എയ്റോസ്പേസിന്റെ 1.07 ശതമാനം അഥവാ 2,68,000 ഓഹരികള്‍ പൊറിഞ്ചുവിന്റെ കൈവശമുണ്ടായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് പാദത്തില്‍ കമ്പനിയിലെ ഓഹരി വിഹിതം അദ്ദേഹം വര്‍ധിപ്പിച്ചു. നാലാം പാദത്തില്‍ 32,000 ഓഹരികള്‍ അഥവാ 0.13 ശതമാനം വിഹിതമാണ് അധികമായി നേടിയത്. ഇതോടെ 3,00,000 ഓഹരികള്‍ അഥവാ 1.20 ശതമാനം വിഹിതം പൊറിഞ്ചുവിന്റെ സ്വന്തമായി.
എന്നാല്‍ ഈ ഒറ്റത്തവണയായാണോ അതോ പല നിലവാരത്തില്‍ ഓഹരി നില്‍ക്കുമ്പോഴാണോ വാങ്ങിയതെന്ന് വ്യക്തമല്ല. കമ്പനിയിലെ ഓഹരി വിഹിതം പ്രസിദ്ധീകരിക്കുന്നതില്‍ ആകെ കൈവശമുള്ളതിന്റെ മാത്രം കണക്കുകളാണ് പ്രസിദ്ധീകരിക്കുന്നത്. അതേസമയം, 2022-ന്റെ തുടക്കത്തില്‍ തനേജ എയ്‌റോസ്‌പേസ് ഓഹരിയില്‍ വമ്പന്‍ കുതിപ്പുണ്ടായെങ്കിലും ഇപ്പോള്‍ സ്ഥിരതയാര്‍ജിക്കലിന്റെ വഴിയിലാണ് സഞ്ചാരം. ഇതോടെ ഈവര്‍ഷം ഇതുവരെയുള്ള തനേജ എയ്‌റോസ്‌പേസിലെ നേട്ടം 8 ശതമാനം മാത്രമായി പരിമിതപ്പെട്ടു.
ഇതിനിടെ തനേജ എയ്‌റോസ്‌പേസില്‍ (BSE: 522229, NSE: TANEJAERO) പൊറിഞ്ചു ഓഹരി വിഹിതം വര്‍ധിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തെത്തിയതോടെ പിന്നീടുള്ള ഒരു മാസ കാലയളവിനിടെ ഓഹരിയില്‍ 25 ശതമാനം വര്‍ധനയുണ്ടായി. അതേസമയം കഴിഞ്ഞ ആറു മാസക്കാലയളവില്‍ ഓഹരി 83 രൂപ നിലവാരത്തില്‍ നിന്നും 137 രൂപയിലേക്ക് ഉയര്‍ന്നു. അതായത് 65 ശതമാനം നേട്ടം. എന്നാല്‍ ഒരു വര്‍ഷ കാലയളവിനിടെ തനേജ എയ്‌റോസ്‌പേസ് ഓഹരി 31.35 രൂപയില്‍ നിന്നും 137-ലേക്ക് കുതിച്ചു. അതായത് 350 ശതമാനം നേട്ടമാണ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
തനേജ എയ്റോസ്പേസ്
സിവില്‍ ഏവിയേഷന്‍ മേഖലയിലാണ് തനേജ എയ്റോസ്പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ചെറുകിട പരിശീലന, ചരക്കുവഹിക്കുന്ന വിമാനങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. ആറ് സീറ്റുള്ളതും ഇരട്ട എന്‍ജിന്‍ ഉള്ളതുമായി ചെറു വിമാനങ്ങള്‍ നിര്‍മിക്കുന്നു. ഇതിനോടൊപ്പം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനു വേണ്ടുന്ന ഘടകങ്ങളും നിര്‍മിച്ചു കൊടുക്കുന്നു. കൂടാതെ വ്യോമയാന മേഖലയിലെ വിവിധ വിഭാഗങ്ങളിലേക്ക് കമ്പനി വൈവിധ്യവത്കരണം നടത്തിയിട്ടുണ്ട്. വിമാനങ്ങളുടെ അറ്റക്കുറ്റപ്പണി, പരിപാലനം, വില്‍പ്പന എന്നിവയിലും സംരംഭങ്ങളുണ്ട്. നിലവില്‍ 342 കോടിയാണ് ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications