മാസത്തിൽ ശമ്പളത്തിനൊപ്പം നിശ്ചിത തുക സ്ഥിരമായി കയ്യിലെത്തിയാൽ ചെലവുകളെ നേരിടുന്നതിൽ ആശ്വാസമാണ്. കയ്യിലെ ചെറിയ സമ്പാദ്യം കൃത്യമായ ഇടത്ത് നിക്ഷേപിച്ച ഇത്തരത്തിൽ വരുമാനം കണ്ടെത്തുകയാണ് വേണ്ടത്. ഇതിനായി നിരവധി പദ്ധതികളുണ്ട്. ഇതിൽ സുരക്ഷയ്ക്ക് കൂടി പ്രധാന്യം നൽകിയുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുത്ത് നിക്ഷേപിച്ചാൽ മറ്റു ടെൻഷനില്ലാതെ കയ്യിൽ പണമെത്തും. ഇത്തരത്തിൽ നിക്ഷേപിക്കാൻ പറ്റിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം അക്കൗണ്ട് (പോസ്റ്റ് ഓഫീസ് എംഐഎസ്). പോസ്റ്റ് ഓഫീസ് എംഐഎസിൽ നിക്ഷേപം നടത്തുമ്പോള്‍ മാസം തോറും നല്ലൊരു തുക മാസന്തോറും കയ്യിലെത്തും. പ്രായ പരിധിയില്ലാതെ ആർക്കും അംഗമാകമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
രണ്ട് തരം അക്കൗണ്ട്
പോസ്റ്റ് ഓഫീസ് എംഐ.എസ് സ്‌കീമില്‍ വ്യക്തിഗത അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടില്‍ 4.5 ലക്ഷമാണ് കൂടിയ നിക്ഷേപ പരിധി. ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം വരെ നിക്ഷേപിക്കാം. എന്നാല്‍ ഒരാളുടെ വിഹിതം 4.5 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ജോയിന്റ് അക്കൗണ്ടിൽ മൂന്ന് പേർക്ക് അംഗമാകാം. രണ്ട് അക്കൗണ്ടിലും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ആയിരത്തിന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് എംഐഎസ് നിക്ഷേപത്തിന്റെ കാലാവധി. നിലവില്‍ 6.6 ശതമാനം പലിശ നിരക്ക് സ്‌കീം നല്‍കുന്നുണ്ട്. പലിശ മാസത്തിൽ അനുവദിക്കും.
മാസ വരുമാനം എങ്ങനെ
ജോയിന്റ് അക്കൗണ്ടില്‍ 7 ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് 6.6 ശതമാനം പലിശ നിരക്കിൽ മാസത്തില്‍ 3,850 രൂപ ലഭിക്കും. വര്‍ഷത്തില്‍ പലിശയില്‍ നിന്നുള്ള ആദായം 46,200 രൂപയാണ്. 6 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നൊരാള്‍ക്കാണ് മാസത്തില്‍ 3,300 രൂപ ലഭിക്കുക. 6.6 ശതമാനം പലിശ നിരക്കില്‍ വര്‍ഷത്തില്‍ 39,600 രൂപ ആകെ ലഭിക്കും. സമാന രീതിയില്‍ ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 59,400 രൂപ ലഭിക്കും. മാസത്തില്‍ 4,950 രൂപ വരുമാനം നേടാന്‍ സാധിക്കും. വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി നിക്ഷേപമായ 4.5 ലക്ഷമാണ് നടത്താനാവുക. ഇത്തരത്തില്‍ നിക്ഷേപിക്കുന്നയാള്‍ക്ക് മാസം 2,745 രൂപ നേടാന്‍ സാധിക്കും.
പദ്ധതിയിൽ ചേരുന്നതെങ്ങനെ
പോസ്റ്റ് ഓഫീസില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട എടുക്കുകയാണ് ആദ്യം വേണ്ടത്. ഇന്ത്യക്കാര്‍ക്കാണ് പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. 10 വയസിൽ താഴെയുള്ള നിക്ഷേപകന് വേണ്ടി രക്ഷിതാക്കൾക്ക് അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂർത്തിയായ കുട്ടിക്ക് സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും അക്കൗണ്ട് തുറക്കാനാകും. പത്ത് വയസിന് മുകളിൽ പ്രായമുള്ള നിക്ഷേപകൻ പ്രായപൂര്‍ത്തിയായാല്‍ മാത്രമെ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം അക്കൗണ്ട് ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമെ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍ നിക്ഷേപിച്ച തുകയുടെ രണ്ട് ശതമാനം കിഴിച്ച് മാത്രമെ അനുവദിക്കുകയുള്ളൂ. മൂന്ന് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയിലാണെങ്കില്‍ ഒരു ശതമാനം കുറവ് വരുത്തും. അക്കൗണ്ട് കാലവധിയെത്തുന്നതിന് മുന്‍പ് നിക്ഷേപകന്‍ മരണപ്പെട്ടാല്‍ തുക അവകാശിക്ക് ലഭിക്കും. അതുവരെയുള്ള പലിശയും അവകാശിക്ക് ലഭിക്കും.


Click it and Unblock the Notifications